അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ ഒരുദിനം ബാക്കിനില്‍ക്കെ നിര്‍ണായക നീക്കവുമായി വ്യവസായി അനില്‍ അംബാനി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനുമെതിരെ അഹമ്മദാബാദ് സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ് തീരുമാനിച്ചു.

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും നടത്തിയ പ്രസ്താവനകള്‍ക്കെതിരെയായിരുന്നു അനില്‍ റിലയന്‍സ് ഗ്രൂപ് നിയമനടപടി സ്വീകരിച്ചത്. കേസ് പരിഗണിക്കാനിരിക്കുന്ന വേളയിലാണ് റിലയന്‍സ് ഗ്രൂപ് അഭിഭാഷകന്‍ കേസ് പിന്‍വലിക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടായിരുന്നു. തെരഞ്ഞെടുപ്പ് മെയ് 19ന് അവസാനിച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിക്ക് മുന്നിലാണ്. അതുകൊണ്ട് തന്നെ ഈ കേസുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് റിലയന്‍സ് ഗ്രൂപ് വ്യക്തമാക്കി.

റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് 30000 കോടി രൂപയുടെ ഓഫ്സൈറ്റ് കരാര്‍ നല്‍കിയത് വന്‍ വിവാദമായിരുന്നു. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ മറികടന്നാണ് പ്രവര്‍ത്തന പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനില്‍ അംബാനിയുടെ പേര് പരമാര്‍ശിച്ചെങ്കിലും സ്പീക്കര്‍ തടഞ്ഞു. പിന്നീട് രാഹുല്‍ ഗാന്ധി ‘ഡബിള്‍ എ’ എന്നാണ് വിശേഷിപ്പിച്ചത്.