ചെസ്റ്റര്‍: ബ്രിട്ടനിലെ പ്രധാനപ്പെട്ട മൃഗശാലകളിലൊന്നായ ചെസ്റ്റര്‍ മൃഗശാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മൃഗങ്ങള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. അതിദാരുണമായ സംഭവത്തില്‍ ശാലയിലുണ്ടായിരുന്ന അപൂര്‍വ്വ ഇനം പക്ഷികളും ചില ചെറിയ ജീവികളും കൊല്ലപ്പെട്ടതായി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ് തീപടര്‍ന്ന മൃഗശാലയുടെ കാഴ്ച്ച. മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് ഇവിടെയുള്ള പല ജീവികളെയും ജനിപ്പിക്കുന്നതും സംരക്ഷിക്കുന്നതും. അത്രയധികം മാനുഷിക അദ്ധ്വാനം ഇതിന് പിന്നിലുണ്ട്. അത്തരത്തില്‍ സംരക്ഷിക്കുന്ന ഒരു ജീവി ഇല്ലാതാകുകയെന്നാല്‍ മാനസികമായി തകര്‍ന്നുപോകുന്ന കാര്യമാണെന്ന് ചീഫ് ഒപ്പറേറ്റിംഗ് ഓഫീസര്‍ ജാമിയ ക്രിസ്റ്റണ്‍ പ്രതികരിച്ചു.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. അഗ്നിശമന സേന മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മൃഗശാലയിലുണ്ടായിരുന്ന മറ്റു ചില അപൂര്‍വ്വയിനം മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണുന്ന വാലില്ലാക്കുരങ്ങന്‍ ചെസ്റ്റര്‍ മൃഗശാലയിലെ ഒരു സംരക്ഷിത വിഭാഗമാണ്. നീണ്ട കൈകളുള്ള ഈ കുരങ്ങു വര്‍ഗത്തെ താമസിപ്പിച്ചിരുന്നിടത്തേക്ക് തീപടര്‍ന്നിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. വേഴാമ്പല്‍, ചില തത്തകള്‍ തുടങ്ങിയവയ്ക്കും പരിക്കുകളേറ്റിട്ടില്ല.
തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ മേല്‍ക്കുര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇവ എത്രയും പെട്ടന്ന് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മൃഗശാല അധികൃതര്‍. ഇതിനായി ജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. 50,000 പൗണ്ടാണ് ജനങ്ങളില്‍ നിന്ന് സംഭാവനയായി കണ്ടെത്താന്‍ സ്ഥാപനം ലക്ഷ്യമിട്ടിരിക്കുന്നത്. മൃഗശാല പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് ഇതുവരെ 8,000 ലഭിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് ഇതര സേനാ വിഭാഗങ്ങളുടെ സേവനത്തിന് അധികൃതര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Leave a Reply