ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ പഠനം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ അനീന പോൾ (24) ആണ് ലണ്ടനിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിലുള്ള താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞു വീണതിനെ തുടർന്നാണ് അനീനയെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 3.30ന് അന്ത്യം സംഭവിച്ചു.
2024 സെപ്റ്റംബറിൽ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ എം.എസ്.സി. അഗ്രികൾച്ചർ കോഴ്‌സിനായി യുകെയിലെത്തിയ അനീനയുടെ പഠനം അവസാനഘട്ടത്തിലായിരുന്നു. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി പള്ളശ്ശേരി വീട്ടിൽ വറീത് പൗലോസ് – ബ്ലെസ്സി പോൾ ദമ്പതികളുടെ മകളായ അനീന ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്നു പെൺമക്കളിൽ ഒരാളാണ്. അനീനയ്ക്ക് സഹോദരികളെ കൂടാതെ ഒരു സഹോദരൻ കൂടിയുണ്ട്.. ഭാവിയിലേക്കുള്ള അനീനയുടെ സ്വപ്നങ്ങൾ പൂവണിയാതെയാണ് ദുരന്തം ജീവിതം അർദ്ധത്തിൽ നിർത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ഇൽഫോഡിലെ മലയാളി സംഘടനകൾ സംയുക്തമായി പ്രവർത്തനം ആരംഭിച്ചു. എൽമ, എംഎയുകെ, കൈരളി യുകെ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഷിജു സേവ്യർ (പീറ്റർബറോ), ഷാജു പൗലോസ് (വെമ്പ്ളി), അനസ് സലാം, റെജി എബ്രഹാം, ബാസ്റ്റിൻ തുടങ്ങിയവർ ചേർന്നാണ് തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അനീന പോളിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply