ന്യൂഡല്‍ഹി: അഴിമതിക്കെതിരായി ശക്തമായി പ്രക്ഷോഭവുമായി ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അണ്ണാ ഹസാരെ വീണ്ടും സമരമുഖത്തെത്തുന്നു. രാംലീല മൈതാനത്താണ് സമരം ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടാണ് പുതിയ പോരാട്ടം അണ്ണാ ഹസാരെ ആരംഭിച്ചിരിക്കുന്നത്. അദ്ദേഹത്തെ അനുഗമിച്ച് നിരവധിയാളുകളും രംലീല മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ശക്തമായ ലോക്പാല്‍ സ്ഥാപിക്കണമെന്നും കാര്‍ഷിക ഉല്പന്നങ്ങള്ക്ക് മികച്ച വില നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹസാരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, തലസ്ഥാനത്തു താന്‍ നടത്തുന്ന സത്യഗ്രഹം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മഹാത്മാഗാന്ധിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് അണ്ണാ ഹസാരെ സമരപ്പന്തലിലെത്തിയത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുമാന്നാണ് കരുതുന്നത്. ‘പ്രതിഷേധക്കാരുമായി ഡല്‍ഹിയിലേക്കു വരുന്ന ട്രെയിനുകള്‍ നിങ്ങള്‍ റദ്ദാക്കി. അവരെ അക്രമത്തിനു നിര്‍ബന്ധിക്കുകയാണ് നിങ്ങള്‍. എനിക്കുവേണ്ടിയും പൊലീസിനെ അയച്ചു. പൊലീസ് സംരക്ഷണം വേണ്ടെന്ന് പലയാവര്‍ത്തി കത്തെഴുതി അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ സംരക്ഷണം എന്നെ സഹായിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ കൗശലം ഇനി നടപ്പില്ല’ ഹസാരെ വ്യക്തമാക്കി.
രാജ്യം സാക്ഷ്യം വഹിച്ച വലിയ അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം വഹിച്ച വ്യക്തിയാണ് അണ്ണാ ഹസാരെ. യുപിഎ സര്‍ക്കാരിന്റെ നട്ടെല്ലൊടിച്ച സമരത്തിന് രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും സ്ഥാപിക്കണമെന്നാണ് ഹസാരെയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്ന സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply