അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് ഇയാൾ പിടിയിലായത്. അനുമോളെ കഴുത്ത് ഞെരിച്ച് കൊന്നു കട്ടിലിനടിയില്‍ പുതപ്പുകൊണ്ട് കെട്ടിവെച്ച് കടന്നു കളഞ്ഞ വിജേഷ് ആറു ദിവസത്തിനു ശേഷമാണ് കട്ടപ്പന പോലീസ് പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് വിജേഷിനു പിന്നാലെയായിരുന്നു. വിജേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞത്.

ദാമ്പത്യ കലഹങ്ങളാണ് ക്രൂരമായ കൊലയ്ക്ക് വഴിവെച്ചത് എന്നാണ് വിജേഷ് പോലീസിനോട് പറഞ്ഞത്. വിജേഷ് മര്‍ദ്ദിക്കുന്നത് പതിവായപ്പോള്‍ അനുമോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് പ്രകോപനമായത്. വിജേഷ് മദ്യപിച്ച് വരുന്നതിനെ ചൊല്ലി വിജേഷും അനുമോളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. അനുമോളെ കൊന്ന അന്നും വിജേഷ് മദ്യപിച്ചാണ് വന്നത്. പെട്ടെന്നുള്ള പ്രകോപനവും മദ്യവുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസിനോട് വിജേഷ് പറഞ്ഞത്. കൊല നടത്തിയതില്‍ പിടി വീഴും എന്ന് അറിയാമായിരുന്നുവെന്നും വിജേഷ് മൊഴി നല്‍കിയിട്ടുണ്ട്. തമിഴ്നാട് തേനിയിലും കമ്പത്തുമാണ് ഈ ദിവസങ്ങളില്‍ തങ്ങിയത്. തിരികെ കുമളിയില്‍ എത്തിയപ്പോഴാണ് വിജേഷിന് പിടി വീണത്.

വിജേഷിന്റെ മൊബൈല്‍ ഫോണ്‍ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. കാഞ്ചിയാർ ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ അനുമോൾ പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ തിരക്കിലായിരുന്നു. പക്ഷേ, അന്നേ ദിവസം അനുമോൾ സ്കൂളിലെത്തിയില്ല. മകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് വിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവർ വിളിച്ചപ്പോൾ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മകളെ കാണാതായി എന്ന് മനസിലാക്കി അനുമോളുടെ മാതാപിതാക്കള്‍ വന്നെങ്കിലും കിടപ്പുമുറിയില്‍ കടക്കാന്‍ സമ്മതിക്കാതെ വിജേഷ് ഗോപ്യമായി ഇവരെ ഒഴിവാക്കി. ഇതിനിടയില്‍ വിജേഷും മുങ്ങി. മാതാപിതാക്കള്‍ വീണ്ടും വീട്ടില്‍ വന്നപ്പോള്‍ വിജേഷ് ഇല്ലായിരുന്നു. ഇവര്‍ വീടിനു അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കട്ടിലിന്നടിയില്‍ മകളുടെ ജഡം പൊതിഞ്ഞുവെച്ചത് കണ്ടത്. അപ്പോഴേക്കും ദുര്‍ഗന്ധവും വമിച്ചിരുന്നു.

അനുമോളുടെ ഫോണ്‍ പിന്നെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടുകിട്ടിയത്. ഇത് ഒരാള്‍ക്ക് വിറ്റ്‌ അതിന്റെ പണവുമായാണ്‌ വിജേഷ് മുങ്ങിയത്. 5000 രൂപയ്ക്കാണ് ഫോൺ വിറ്റത്. ഒടുവില്‍ നിരന്തര അന്വേഷണത്തിന്നൊടുവില്‍ വിജേഷും പോലീസ് പിടിയിലായി.