മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയെന്ന എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ പരാതിയിൽ വനിതാ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി.
കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ അനുപമ പരാതി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്‍റെ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.
ഈ വർഷം ഏപ്രിലിൽ പൊലീസിൽ പരാതി നൽകിയിരുന്നതായി അനുപമ അറിയിച്ചിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ അനുപമയുടെ പിതാവ് ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് പ്രസവിച്ച തന്റെ കുഞ്ഞിനെ മൂന്ന് ദിവസത്തിനു ശേഷം പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമ പരാതിപ്പെട്ടത്. ശിശുക്ഷേമ സമിതി വഴി ഈ കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതിമാർക്ക് ദത്തെടുക്കാൻ നൽകിയെന്ന് സംശയിക്കുന്നതായും അനുപമ പറഞ്ഞിരുന്നു.
അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റിയതെന്നും അനുപമ പറയുന്നു.
Leave a Reply