ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സോളിഹള്ളിൽ നടന്ന കർണാടക സംഗീത സന്ധ്യയിൽ ഭരതനാട്യത്തിന്റെ ലയഭാവസൗന്ദര്യം ആവാഹിച്ച് അപർണ പവിത്രൻ നടത്തിയ നൃത്തം ശ്രദ്ധേയമായി. സംഗീതവും നൃത്തവും കൈകോർത്ത ഈ അവതരണം സായാഹ്നത്തിന് ദൃശ്യശ്രാവ്യ മിഴിവേകി.

പിആർഎസ് ഫൗണ്ടേഷന്റെ ഏർലി കരിയർ പ്രൊമോട്ടർ ഫണ്ട് പിന്തുണയോടെ സംഘടിപ്പിച്ച കച്ചേരി പരമ്പരയുടെ ഭാഗമായാണ് 2026 മാർച്ച് 21-ന് പരിപാടി അരങ്ങേറിയത്. മുംബൈയിൽ നിന്നുള്ള പ്രശസ്ത ഗായകൻ ശ്രീധർ ചാരി മുഖ്യാതിഥിയായി പങ്കെടുത്ത വേദിയിൽ, സംഗീതത്തിനൊപ്പമുള്ള നൃത്താവതരണത്തെ പ്രേക്ഷകർ പൂർണ്ണമനസോടെയാണ് ഏറ്റെടുത്തത്.

‘ഗണേശ കവിത്വം’ ആസ്പദമാക്കിയായിരുന്നു അപർണയുടെ അവതരണം. താളബോധവും ഭാവപ്രകടനവും കൃത്യതയോടെ ചേർന്നുനിന്ന നൃത്തം സ്വാഭാവികമായ ഒഴുക്കോടെ ആണ് അവതരിപ്പിക്കപ്പെട്ടത്.

വേഗതയേറിയ ഭാഗങ്ങളിലും കൈമുദ്രകളിലും ശരീരചലനങ്ങളിലുമുണ്ടായ കൃത്യത, അപർണയുടെ ദീർഘകാല പരിശീലനത്തിന്റെ തെളിവായി. അനാവശ്യ നാടകീയത ഒഴിവാക്കി, ഭരതനാട്യത്തിന്റെ ശാസ്ത്രീയ സുതാര്യത സംയമനത്തോടെ നിലനിർത്താൻ കലാകാരിക്ക് കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ ശിഷ്യയായ ശ്രീപാർവ്വതിയോടൊപ്പം വേദി പങ്കിട്ടത് അവതരണത്തിന് കൂടുതൽ ആഴം നൽകി. ഇരുവരുടെയും താളപ്പൊരുത്തവും ഏകോപനവും ഗുരുശിഷ്യബന്ധത്തിന്റെ നൈർമ്മല്യം സദസ്സിൽ വ്യക്തമായി അനുഭവപ്പെട്ടു.

സാധാരണയായി ക്ലാസിക്കൽ അവതരണങ്ങളിൽ അപൂർവമായി കാണുന്ന രീതിയിൽ, ഓരോ ഘട്ടത്തിലും പ്രേക്ഷകർ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. താളത്തിലും ഭാവത്തിലും വരുന്ന സൂക്ഷ്മമാറ്റങ്ങൾ ലളിതമായി പ്രേക്ഷകരിലേക്ക് എത്തിച്ചതാണ് ഈ സ്വീകാര്യതയ്ക്ക് പ്രധാന കാരണം.

നൃത്താവതരണത്തിന് ശേഷം സംസാരിച്ച ശ്രീധർ ചാരി കലാകാരികളുടെ ഊർജ്ജസ്വലതയെക്കുറിച്ചും സമർപ്പണത്തെകുറിച്ചും പ്രശംസിച്ചു സംസാരിച്ചു. . ദീക്ഷ (Deekshaa CIC) ഡയറക്ടർ ആരതി അരുൺ, അപർണയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട്, വരാനിരിക്കുന്ന ‘സമർപ്പണ 2026’ ഉത്സവത്തിൽ അവരുടെ പങ്കാളിത്തവും പ്രഖ്യാപിച്ചു.

ഈ അവതരണത്തിലൂടെ യുകെയിലെ ശാസ്ത്രീയ കലാരംഗത്ത് ഉയർന്ന് വരുന്ന അപർണ പവിത്രൻ . യുകെ മലയാളികളുടെ ആകെ അഭിമാനമായി മാറിയിരിക്കുകയാണ്. ബ്രിസ്റ്റളിൽ ‘നർത്തകി ഡാൻസ് അക്കാദമി’ സ്ഥാപകയായ അവരുടെ കീഴിൽ ഒട്ടേറെ പേരാണ് നാട്യകലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.