വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

തല മറച്ച് പരീക്ഷ എഴുതുന്ന ആ കുട്ടികളെപ്പോലെ തല തലകുനിച്ചും മറച്ചും നിൽക്കേണ്ട അവസ്ഥയിലാണ് ആഗോളതലത്തിൽ ഇന്ത്യ ഇന്ന്. പരീക്ഷ ക്രമക്കേട് തടയാൻ സ്വീകരിച്ച വിചിത്രമായ നടപടിയുടെ പേരിൽ ബി ബി സി അടക്കമുള്ള ആഗോള മാധ്യമങ്ങളുടെ പരിഹാസം കണക്കിന് വാങ്ങിക്കൂട്ടുകയാണ് ഇന്ത്യ ഇപ്പോൾ. കർണാടകത്തിലെ ഹവേരിയിൽ പ്രവർത്തിക്കുന്ന ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജ് തികച്ചും അസംബന്ധ ജഡിലമായ ഒരു കണ്ടുപിടുത്തം നടത്തുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്തു. പരീക്ഷയിൽ കോപ്പിയടി തടയുന്നതിനുള്ള തികച്ചും ‘നൂതനമായ ‘ ഒരു കണ്ടുപിടുത്തം. മുൻഭാഗം മാത്രം സുതാര്യമായ വലിയ കാർഡ് ബോർഡ് ബോക്സുകൾ വിദ്യാർഥികളുടെ തലയിൽ വെച്ചു കൊടുക്കുക എന്നതാണ് അത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടുകൂടി കോളേജ് അധികൃതർക്കെതിരെ വലിയ പ്രതിഷേധം രൂപപ്പെടുകയും അതേത്തുടർന്ന് കോളേജ് അഡ്മിനിസ്ട്രേറ്റർ പരസ്യമായി മാപ്പു പറയുകയും ചെയ്തു.


‘വിദ്യാർഥികളുടെ പൂർണ്ണ സമ്മതത്തോടു കൂടിയാണ് കാർബോർഡ് ബോക്സുകൾ ഉപയോഗിച്ചത്. വിദ്യാർത്ഥികളിൽ ചിലർ സ്വന്തമായി ബോക്സുകൾ വീടുകളിൽനിന്ന് ഉണ്ടാക്കി കൊണ്ടുവരിക കൂടി ചെയ്തു. ബോക്സുകൾ ധരിക്കാൻ ഒരു വിദ്യാർത്ഥിയെയും നിർബന്ധിച്ചിട്ടില്ല. ബോക്സുകൾ ഉപയോഗിക്കാത്ത പരീക്ഷാർത്ഥികളും ഉണ്ടെന്ന് ചിത്രങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.’ കോളേജ് അഡ്മിനിസ്ട്രേറ്റർ എം ബി സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തികച്ചും മനുഷ്യത്വരഹിതമായ പദ്ധതി എന്നാണ് ഈ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ച എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും മികച്ച കാര്യങ്ങൾ പോലും പരിഹാസരൂപേണ അവതരിപ്പിക്കാറുള്ള പാശ്ചാത്യ മാധ്യമങ്ങൾ ഈ വിഷയത്തെ വളരെ വലിയ രീതിയിൽ ആഘോഷിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഉള്ള ഇന്ത്യയുടെ നിലവാരം പരിഹാസ വിധേയമാക്കുന്നതിന് ആഗോള മാധ്യമങ്ങൾക്ക് ലഭിച്ച സുവർണ്ണാവസരം ആയി മാറി കർണാടകത്തിൽ നിന്നുള്ള ഈ വാർത്ത. എന്തുതന്നെയായാലും കാർഡ് ബോർഡ് ബോക്സ് ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണം അവസാനിപ്പിക്കുന്നതായി ഭഗത് പ്രീ യൂണിവേഴ്സിറ്റി വ്യക്തമാക്കി.