ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രണ്ട് ബില്യൺ പൗണ്ടിന്റെ ഗ്രീൻ ഹോംസ് ഗ്രാന്റ് പുറത്തിറക്കി ചാൻസലർ റിഷി സുനക്. പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് വീട് മെച്ചപ്പെടുത്തുന്നത്തുനായി 5000 പൗണ്ടിന്റെ വൗച്ചർ ലഭിക്കും. താഴ്ന്ന വരുമാനക്കാർക്ക് 10000 പൗണ്ടിന്റെ ധനസഹായവും ഉണ്ട്. ഊർജ പരിപാലനത്തിൽ വീടുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചതെന്ന് സുനക് വ്യക്തമാക്കി. ഈ പുതിയ പദ്ധതിയുടെ ഭാഗമായി ഇൻസുലേഷൻ, പ്ലംബിംഗ് തുടങ്ങിയ മേഖലകളിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കാൻ കഴിയും. പ്രതിവർഷം ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഉപയോഗത്തിലൂടെ ചിലവാകുന്ന 600 പൗണ്ട് ലാഭിക്കാനാകുമെന്നും സുനക് പറഞ്ഞു. ഭൂഉടമകൾക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. സ്വന്തമായി ഒരു വീടുള്ളവർക്കും സ്വകാര്യ അല്ലെങ്കിൽ സാമൂഹിക ഭൂവുടമയ്ക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. സ്കീമിന് യോഗ്യത നേടുന്നതിന് നിങ്ങളുടെ പ്രോപ്പർട്ടി ഇംഗ്ലണ്ടിലായിരിക്കണം. താഴ്ന്ന വരുമാനക്കാരെ സഹായിക്കുന്ന പദ്ധതിയിലേക്ക് ഭൂഉടമയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അതുപോലെ മുമ്പ് കൈവശമില്ലാത്ത ന്യൂ ബിൽഡ് പ്രോപ്പർട്ടികൾ സ്കീമിന് യോഗ്യമല്ല.
ലോക്കൽ അതോറിറ്റി ഡെലിവറി സ്കീമിന്റെ ഭാഗമായി നിങ്ങളുടെ പ്രാദേശിക അതോറിറ്റിയിൽ നിന്ന് ഇതിനകം ഒരു ഗ്രാന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല. പദ്ധതിയിലൂടെ ലഭിക്കുന്ന വൗച്ചർ, വീട് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കേണ്ടതാണ്. സോളിഡ് വാൾ, അണ്ടർ ഫ്ലോർ, ഫ്ലാറ്റ് റൂഫ്, റൂം ഇൻ റൂഫ് തുടങ്ങിയവയും കാർബൺ ഹീറ്റിംഗ് നടപടികളും പ്രാഥമിക നടപടികളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ വീട്ടിൽ ഇതിനകം തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇൻസുലേഷൻ അല്ലെങ്കിൽ ലോ കാർബൺ ഹീറ്റിംഗ് നടപടികൾ മാറ്റിസ്ഥാപിക്കാനായി നിങ്ങൾക്ക് വൗച്ചർ ഉപയോഗിക്കാൻ കഴിയില്ല. ഈ നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഡ്രാഫ്റ്റ് പ്രൂഫിംഗ് ഡബിൾ, ട്രിപ്പിൾ ഗ്ലേസിംഗ്, സെക്കന്ററി ഗ്ലേസിംഗ് തുടങ്ങിയവ രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
വീട് വിപുലീകരണത്തിനായി ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയില്ല. ഈ വൗച്ചറിലൂടെ ഗ്യാസ്, ഓയിൽ അല്ലെങ്കിൽ എൽപിജി ബോയിലറുകൾ പോലുള്ളവ ഇൻസ്റ്റാൾ ചെയ്യുന്നതിനും വിലക്കുണ്ട്. ലോ കാർബൺ ഹീറ്റിംഗ് ഇമ്പ്രൂവ്മന്റ് ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾക്കൊള്ളുന്ന ഒരു വൗച്ചർ സർക്കാർ നൽകും. വൗച്ചറിന്റെ പരമാവധി മൂല്യം £ 5,000 ആണ്. ആനുകൂല്യങ്ങളുടെ പൂർണമായ പട്ടിക സിംപിൾ എനർജി അഡ്വൈസ് വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വെബ്സൈറ്റിലൂടെ തന്നെ വീടിന് ആവശ്യമായ മെച്ചപ്പെടുത്തലുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. നിങ്ങളുടെ പ്രദേശത്തെ അംഗീകൃത വ്യാപാരികളെയും ബിസിനസ്സുകളെയും കണ്ടെത്തുന്നതിന് സിംപിൾ എനർജി അഡ്വൈസ് വെബ്സൈറ്റ് ഉപയോഗിക്കുക. സെപ്റ്റംബർ അവസാനം മുതൽ തന്നെ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഗ്രാന്റ് ലഭിച്ചുകഴിഞ്ഞാൽ 2021 മാർച്ച് 31 നകം പ്രവൃത്തി പൂർത്തിയാക്കുന്നുണ്ടെന്നും വൗച്ചർ അതിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി റിഡീം ചെയ്തുവെന്നും നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
Leave a Reply