ന്യൂസ് ഡെസ്ക്
യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനിൽ അപ്രന്റീസാകാൻ സുവർണാവസരം. രാജ്യത്തെ 8 മില്യണിലേറെ വീടുകളിലേയ്ക്ക് ആവശ്യമായ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന നോർത്ത് യോർക്ക് ഷയറിലെ സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് ഗ്രൂപ്പിന്റെ പവർ പ്ലാന്റാണ് മൂന്നു വ്യത്യസ്ത ട്രേഡുകളിൽ അപ്രന്റീസുകളെ പരിശീലിപ്പിക്കുന്നത്. 2400 പേർ നിലവിൽ ഡ്രാക്സ് ഗ്രൂപ്പിന്റെ വിവിധ സെക്ഷനുകളിൽ ജോലി ചെയ്യുന്നുണ്ട്. ആയിരത്തിലേറെ ആളുകൾ ജോലി ചെയ്യുന്ന സെൽബിയിലെ 3600 മെഗാവാട്ട് കപ്പാസിറ്റിയുള്ള പവർ സ്റ്റേഷനിലെ ടീമിന്റെ ഭാഗമായുള്ള മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലേയ്ക്കാണ് അപ്രന്റീസുകളെ എടുക്കുന്നത്. ടെക്നിക്കൽ ട്രേഡുകളിൽ പരിശീലനം നേടിയെടുക്കാനും വിവിധ ഇൻഡസ്ട്രികളിൽ നല്ല ജോലി കരസ്ഥമാക്കാനും അപ്രന്റീസ് യോഗ്യത സഹായിക്കും.
അപ്രന്റീസ് ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് BTEC/NVQ ഡിപ്ളോമ യോഗ്യതകൾ ലഭ്യമാകും. നാലു വർഷമാണ് പരിശീലന കാലാവധി. ഇതിൽ രണ്ടു വർഷം നോട്ടിങ്ങാമിലെ റാറ്റ് ക്ലിഫ് പവർ സ്റ്റേഷന് സമീപമുള്ള യൂണിപ്പർ എഞ്ചിനീയറിംഗ് അക്കാഡമിയുടെ ട്രെയിനിംഗ് സെൻററിൽ താമസിച്ച് പഠിക്കുവാനുള്ള സൗകര്യം പവർസ്റ്റേഷൻ നല്കും. മൂന്നും നാലും വർഷത്തെ പരിശീലനം സെൽബിയിലെ പവർ സ്റ്റേഷനിലായിരിക്കും.
ജിസിഎസ് സി യിൽ നിശ്ചിത വിഷയങ്ങളിൽ കുറഞ്ഞത് അഞ്ച് സി ഗ്രേഡ് നേടിയവർക്കും 2019 ൽ ഗ്രേഡ് നേടുമെന്ന് ഉറപ്പുണ്ടെങ്കിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപ്രന്റീസ് ട്രെയിനിംഗിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നതിന് പ്രായപരിധി ഇല്ല. ഓൺലൈനിലാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2019 ജനുവരി 31 ആണ്. കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.
Leave a Reply