ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡിന്റെ സംഹാരതാണ്ഡവത്തിൽ തകർന്നടിഞ്ഞ് ആർക്കേഡിയ ഗ്രൂപ്പും. കോവിഡ് മഹാമാരിയിൽ നിന്ന് കരകയറുന്നതിനോടൊപ്പം സമ്പദ് വ്യവസ്ഥയും മുന്നോട്ട് നീക്കാനുള്ള ശ്രമത്തിലാണ് എല്ലാ രാജ്യങ്ങളും. ടോപ്പ്ഷോപ്പ്, ബർട്ടൺ, ഡൊറോത്തി പെർകിൻസ് എന്നിവ ഉൾപ്പെടുന്ന ഫിലിപ്പ് ഗ്രീന്റെ റീട്ടെയിൽ സാമ്രാജ്യമായ ആർക്കേഡിയും തകർച്ചയുടെ വക്കിൽ എത്തിയതോടെ 13,000 പേർക്കാണ് അവരുടെ തൊഴിലുകൾ നഷ്ടമാകുക. ക്രിസ്മസ് കാലത്ത് ബിസിനസിനെ താങ്ങിനിർത്തുന്നതിനായി 30 മില്യൺ പൗണ്ട് കടം എടുക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വായ്പക്കാരുമായി നടന്ന ചർച്ച പരാജയപ്പെടുകയായിരുന്നു. മഹാമാരി തങ്ങളുടെ ബിസിനസിലുടനീളം നഷ്ടമുണ്ടാക്കിയതായി ആർക്കേഡിയ പറഞ്ഞു. സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ ആർക്കേഡിയ ഏറ്റവും വലിയ ബ്രിട്ടീഷ് കോർപ്പറേറ്റ് തകർച്ചയായിരിക്കുമെന്ന് ഹാർഗ്രീവ് ലാൻസ്‌ഡൗണിലെ മുതിർന്ന നിക്ഷേപ, മാർക്കറ്റ് അനലിസ്റ്റായ സൂസന്ന സ്ട്രീറ്റർ പറഞ്ഞു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ഇംഗ്ലണ്ടിലെ അവശ്യേതര ചില്ലറ വ്യാപാരികൾ ഡിസംബർ 2 വരെ നാല് ആഴ്ച അടയ്ക്കാൻ നിർബന്ധിതരായിരുന്നു.
എന്നിരുന്നാലും മഹാമാരിക്ക് മുമ്പുതന്നെ, ആർക്കേഡിയയുടെ ഏറ്റവും അറിയപ്പെടുന്ന ബ്രാൻഡായ ടോപ്‌ഷോപ്പ്, ഓൺലൈൻ ഒൺലി ഫാഷൻ റീട്ടെയിലർമാരായ അസോസ്, ബൂഹൂ, പ്രെറ്റി ലിറ്റിൽ തിംഗ് എന്നിവയ്‌ക്കെതിരെ പോരാടുകയായിരുന്നു. സാറ പോലുള്ള ഹൈ സ്ട്രീറ്റ് ശൃംഖലകൾ അവരുടെ ഡിജിറ്റൽ ബിസിനസിൽ വളരെയധികം നിക്ഷേപം നടത്തി. 2018 സെപ്റ്റംബർ 1 വരെയുള്ള ഏറ്റവും പുതിയ കണക്കുകളിൽ, ആർക്കേഡിയ കഴിഞ്ഞ 12 മാസത്തെ 164.6 മില്യൺ പൗണ്ട് ലാഭത്തെ അപേക്ഷിച്ച് 93.4 മില്യൺ പൗണ്ട് പ്രീ ടാക്സ് നഷ്ടം രേഖപ്പെടുത്തി. വിൽപ്പന 4.5 ശതമാനം ഇടിഞ്ഞ് 1.8 ബില്യൺ പൗണ്ടിലെത്തി.
ഓൺലൈൻ റീട്ടെയിലർമാരിൽ നിന്നുള്ള കടുത്ത മത്സരം ഞങ്ങളുടെ ബിസിനസിൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് അക്കാലത്ത് ആർക്കേഡിയ പറയുകയുണ്ടായി. ആർക്കേഡിയയിലെ മറ്റ് വരുമാന സ്രോതസ്സുകളും ഈ വർഷം സമ്മർദ്ദത്തിലായിട്ടുണ്ട്. അഡ്മിനിസ്ട്രേഷനിൽ പ്രവേശിച്ചാൽ, ഫിലിപ്പ് തന്റെ ബ്രാൻഡുകളൊന്നും തിരികെ വാങ്ങാൻ സാധ്യതയില്ല. ജൂലൈയിൽ 500 ഹെഡ് ഓഫീസ് ജോലികൾ കമ്പനി വെട്ടിക്കുറച്ചിരുന്നു. ഗ്രൂപ്പിന്റെ ഏറ്റവും പ്രശസ്തമായ ബ്രാൻഡായ ടോപ്‌ഷോപ്പ്, വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടി. കമ്പനി തകർച്ചയുടെ വക്കിലെത്തി നിൽക്കുന്നതോടെ പതിനായിരത്തിലേറെ തൊഴിലാളികളുടെ ഭാവി ജീവിതവും ഉത്തരം കിട്ടാത്ത ചോദ്യമെന്നോണം നിലകൊള്ളുകയാണ്.
Leave a Reply