ഷെറിൻ പി യോഹന്നാൻ

ഒരു സ്വകാര്യ സ്കൂൾ അധ്യാപികയാണ് അർച്ചന. ജോലിയോടൊപ്പം തന്നെ പി എസ് സി പരീക്ഷയും എഴുതുന്നു. കല്യാണാലോചനകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് മുടങ്ങാറാണ് പതിവ്. ജോലി ചെയ്ത് തന്റെ കാര്യവും വീട്ടിലെ എല്ലാ കാര്യവും നോക്കുന്ന അർച്ചനയുടെ കല്യാണ വിശേഷങ്ങളാണ് സിനിമയിൽ.

അർച്ചനയുടെ കല്യാണത്തോടൊപ്പം ഒരു നാടിന്റെയും അവിടുത്തെ ആളുകളുടെയും കഥ പറയുകയാണ് ‘അർച്ചന 31 നോട്ട് ഔട്ട്‌’. ഗിരീഷ് എ ഡി, അഖിൽ അനിൽകുമാർ തുടങ്ങിയ സംവിധായകരുടെ കഥ പറച്ചിൽ രീതി എത്രമാത്രം രസകരമാണെന്ന് അവരുടെ ഷോർട്ട് ഫിലിമും സിനിമയും കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും. കഥയുടെ ട്രീറ്റ് മെന്റ് ആണ് അഖിൽ അനിൽകുമാറിന്റെ ഈ ചിത്രത്തെ രസകരമാക്കുന്നത്. എന്നാൽ അതിൽ അദ്ദേഹം പൂർണമായി വിജയിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അർച്ചനയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. അർച്ചനയുടെ കഥാപാത്ര നിർമിതിയും ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനവും മികച്ചു നിൽക്കുന്നു. മുതിർന്ന കഥാപാത്രങ്ങളുടെ പ്രകടനവും തൃപ്തികരമായിരുന്നു.
രസകരമായ ഫിലിം മേക്കിങ്ങിന്റെ ഉദാഹരണങ്ങൾ ചിത്രത്തിൽ കാണാം. മുടങ്ങിയ വിവാഹ ആലോചനകളെ പറ്റി പറയുന്നത്, അർച്ചനയുടെ ഐഡിയകൾ അവതരിപ്പിച്ച രീതി എന്നിവ നന്നായിരുന്നു. ചിത്രത്തിലെ ഇമോഷണൽ സീൻ കൃത്യമായ അളവിൽ പ്രേക്ഷകനിലെത്തുന്നു. മാനത്തെ ചെമ്പരുന്തേ, മനസുനോ എന്നീ ഗാനങ്ങൾ ഇഷ്ടപ്പെട്ടു.

വളരെ ലളിതമായ കഥയാണ് രണ്ട് മണിക്കൂറിൽ സംവിധായകൻ പറയുന്നത്. ആദ്യ പകുതി രസകരമാണെങ്കിലും കോൺഫ്ലിക്ട് കടന്നുവന്ന ശേഷം തിരക്കഥ ദുർബലമാകുന്നു. ഒടുവിൽ ബോൾഡ് ആയൊരു ക്ലൈമാക്സിലൂടെ സിനിമയെ തിരികെ ട്രാക്കിലെത്തിക്കുന്നു. രമേശ്‌ പിഷാരടി, ഇന്ദ്രൻസ് തുടങ്ങിയവരുടെ കഥാപാത്ര സൃഷ്ടി ദുർബലമാണ്. സംവിധാനത്തിലെ ചില പോരായ്മകളും സിനിമയിൽ പ്രകടമാണ്.

Last Word – രസകരമായ സീനുകളും നല്ലൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്. എന്നാൽ അത് ആസ്വദിക്കാൻ തീയേറ്ററിൽ പോകണമെന്നില്ല. ഒടിടി ആണ് മികച്ച മാർഗം. പ്രമേയപരമായി മികച്ചു നിൽക്കുമ്പോഴും പ്രേക്ഷകനെ പൂർണമായി പിടിച്ചിരുത്തുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മൊത്തത്തിൽ, ശരാശരിയ്ക്കും മുകളിൽ നിൽക്കുന്ന അനുഭവം.