അംഗീകാരത്തിനായി സമര്‍പ്പിച്ച പ്ലാനില്‍ നിന്ന് വ്യതിചലിച്ചുവെന്ന് കാട്ടി കോടികള്‍ മുതല്‍ മുടക്കി നിര്‍മിച്ച ബഹുനിലക്കെട്ടിടം പൊളിച്ചു മാറ്റണമെന്ന് നിര്‍ദേശം. മുന്‍നിര ആര്‍ക്കിടെക്ടായ അമീന്‍ താഹ നിര്‍മിച്ച കെട്ടിടമാണ് പൊളിച്ചു മാറ്റണമെന്ന് ഐസ്ലിംഗ്ടണ്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ക്ലെര്‍ക്കെന്‍വെല്ലില്‍ സ്ഥിതിചെയ്യുന്ന 1950കളില്‍ നിര്‍മിച്ച കെട്ടിടത്തിന് മാറ്റങ്ങള്‍ വരുത്താന്‍ 2013ല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചിരുന്നതാണ്. ഇവിടെയാണ് രണ്ടു നിലകളില്‍ ഓഫീസും എട്ട് ഫ്‌ളാറ്റുകളും സ്വന്തം താമസസ്ഥലവുമായി ആറു നിലകളില്‍ കെട്ടിടം നിര്‍മിച്ചത്. പണി പൂര്‍ത്തിയായി രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഇത് പൊളിച്ചു മാറ്റണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.

4.65 മില്യന്‍ പൗണ്ട് ചെലവഴിച്ച് നിര്‍മിച്ച കെട്ടിടമാണ് ഇത്. 2012ലാണ് കെട്ടിടത്തിനായി അമീന്‍ താഹ പ്ലാന്‍ തയ്യാറാക്കിയത്. ഇതിന് അംഗീകാരം നല്‍കിയതിനു ശേഷം ചില ഭാഗങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് ലോക്കല്‍ കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ അത് പ്ലാന്‍ അപ്ലോഡ് ചെയ്യുന്ന ഡിജിറ്റല്‍ സംവിധാനത്തിന്റെ തകരാര്‍ മൂലമാണെന്ന് താഹ പറയുന്നു. താന്‍ സമര്‍പ്പിച്ച പദ്ധതിയില്‍ ഇതൊന്നുമില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ മുന്‍വശം പൊളിക്കണമെന്ന് നിര്‍മാണ ശേഷം എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. തികച്ചും സാങ്കേതികപ്പിഴവു മൂലമായിരിക്കും കൗണ്‍സില്‍ ഇങ്ങനെ നോട്ടീസ് അയക്കുന്നതെന്നാണ് താഹ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താന്‍ സമര്‍പ്പിച്ച പ്ലാന്‍ അംഗീകരിക്കപ്പെട്ടതാണ്. ഇനി ഇത് പൊളിച്ചു മാറ്റുകയെന്നത് മാനസികവും സാമ്പത്തികവുമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും താഹ പറഞ്ഞു. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്‌സിന്റെ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയ നിര്‍മിതിയാണ് ഈ ആറുനില കെട്ടിടം. കെട്ടിടത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍, ഡിസൈന്‍, ഉയരം എന്നിവ ഒറിജിനല്‍ പ്ലാനില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്നാണ് കൗണ്‍സില്‍ കുറ്റപ്പെടുത്തുന്നത്.