മാഞ്ചസ്റ്റര്‍: അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെ മാഞ്ചസ്റ്ററിലെ ആദ്യത്തെ ഓണററി സിറ്റിസണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ അരീന ആക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടി ലക്ഷക്കണക്കിന് പൗണ്ട് സമാഹരിച്ചതിന് ആദരവായാണ് ഈ ബഹുമതി. 22 പേരുടെ മരണത്തിന് ഇടയാക്കിയ മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം അരിയാന വളരെ സഹാനുഭൂതിയോടെ പ്രവര്‍ത്തിച്ചുവെന്ന് കൗണ്‍സില്‍ വിലയിരുത്തി. മെയ് 22നായിരുന്നു മാഞ്ചസ്റ്റര്‍ അറീനയില്‍ ആക്രമണം ഉണ്ടായത്. അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി അവസാനിച്ചതിനു ശേഷമായിരുന്നു സ്‌ഫോടനം.
ആക്രമണത്തിനു ശേഷം നഗരത്തിനായി 3 മില്യന്‍ പൗണ്ട് ശേഖരിക്കാന്‍ അരിയാന ഗ്രാന്‍ഡെ സഹായിച്ചു. ചാവേര്‍ ആക്രമണം നടന്ന് 13 ദിവസങ്ങള്‍ക്കു ശേഷം ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ബെനഫിറ്റ് കണ്‍സേര്‍ട്ട് നടത്തിയാണ് പോപ് താരം ഈ സേവനം നടത്തിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനും ഗായിക സമയം കണ്ടെത്തി. കുട്ടികളും സ്ത്രീകളുമായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിഞ്ഞവരില്‍ ഏറെയും.
നഗരത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനായുള്ള പുതിയ സംവിധാനത്തിന്റെ അവതരണം കൂടിയാണ് ഗ്രാന്‍ഡെയ്ക്ക് നല്‍കുന്ന ബഹുമതിയെന്ന് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. ഫ്രീഡം ഓഫ് ദി സിറ്റി എന്ന അപൂര്‍വമായി മാത്രം നല്‍കുന്ന ബഹുമതിക്കു പുറമേയാണ് ഈ ബഹുമതി. 2000ത്തിനു ശേഷം 4 പ്രാവശ്യം മാത്രമേ ഫ്രീഡം ഓഫ് ദി സിറ്റി നല്‍കിയിട്ടുള്ളു.
Leave a Reply