സംഗീതജ്ഞൻ ബാലഭാസ്ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയരുകയാണ്. ഈ കൂട്ടത്തിൽ പൊലീസിനെ ഏറെ കുഴപ്പിക്കുന്നത് ദൃക്സാക്ഷികളുടെ വിരുദ്ധമൊഴിയാണ്. കുഴക്കുന്ന മൊഴികൾ ഇങ്ങനെ: വിമാനത്താവളത്തിൽ നിന്നു ബന്ധുവിനെയും കൂട്ടി കാറിൽ മടങ്ങിവരുകയായിരുന്നു ഞാനും ജ്യേഷ്ഠൻ പ്രണവും. പള്ളിപ്പുറം ജംക്‌ഷനു തൊട്ടുമുന്നിലെത്തിയപ്പോൾ കാർ മരത്തിലിടിച്ചു നിൽക്കുന്നതു കണ്ടു. ഉടൻ ഇടതുവശത്തെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തെടുത്തു. ബർമുഡയും ടീഷർട്ടും ധരിച്ച തടിച്ച ഒരാളായിരുന്നു ഡ്രൈവിങ് സീറ്റിൽ. പിന്നിൽ ഇരുസീറ്റുകൾക്കുമിടയിൽ തലകുനിച്ചു കുഴഞ്ഞിരിക്കുകയായിരുന്നു കുർത്ത ധരിച്ച ഒരാൾ.
പ്രണവാണു കുട്ടിയുമായി പൊലീസിനൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയത്. അപകടത്തിൽപ്പെട്ടതു ബാലഭാസ്കറും കുടുംബവുമാണെന്നു മെഡിക്കൽ കോളജിൽ നിന്നു പ്രണവ് മടങ്ങിയെത്തിയപ്പോഴാണു മനസ്സിലായത്. കുർത്ത ധരിച്ചു കാറിന്റെ പിൻസീറ്റിൽ കണ്ടയാളാണു ബാലഭാസ്കറെന്നു തിരിച്ചറിഞ്ഞു. അശ്വിൻ എം.ജയൻ (നന്ദു), വർക്കല ചാവർകോട് സ്വദേശി.
‘ബാലഭാസ്കർ ഡ്രൈവിങ് സീറ്റിൽ’
അപകടത്തില്‍ അസ്വാഭാവികത തോന്നുന്നില്ലെന്ന് ദൃക്സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സി. അജി. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുന്നത് നേരില്‍ കണ്ടിരുന്നു. സംഭവസ്ഥലത്ത് ദുരൂഹത ഉണ്ടാക്കുന്ന തരത്തില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും അജി പറയുന്നു. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് അജി പറയുന്നത്.
ആറ്റിങ്ങലിൽ നിന്നു ഞാനും കണ്ടക്ടറും ചായകുടിച്ച ശേഷം ബസ് എടുത്തു. കുറെ ദൂരം പിന്നിട്ടപ്പോൾ 2 വാഹനങ്ങൾ ഓവർടേക് ചെയ്തു. അതിലൊരു കാർ പള്ളിപ്പുറം സിഗ്നൽ പിന്നിട്ടപ്പോൾ വളവു കഴിഞ്ഞു റോഡിന്റെ വലതുവശത്തേക്കു വേഗത്തിൽ നീങ്ങി. പെട്ടെന്നു വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു. ബസ് വശത്ത് ഒതുക്കി ഞാൻ ചാടിയിറങ്ങി. ഗിയർ ലിവറിനു സമീപം കുട്ടിയും മുൻവശത്തെ ഇടതു സീറ്റിൽ ഒരു സ്ത്രീയും ബോധമറ്റു കിടക്കുകയായിരുന്നു. അതുവഴിപോയ കാർ നിർത്തിച്ചു ജാക്കിലിവർ വാങ്ങി കാറിന്റെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തെടുത്തു, പിന്നാലെ സ്ത്രീയെയും. പിന്നിൽ കിടക്കുകയായിരുന്നയാളെ നാട്ടുകാർ ചേർന്നു വാതിൽ പൊളിച്ചു പുറത്തെടുത്തു. ഡ്രൈവിങ് സീറ്റിലായിരുന്നയാളെയും പിന്നാലെ പുറത്തെടുത്തു. ബാലഭാസ്കറായിരുന്നു ഡ്രൈവിങ് സീറ്റിൽ. സി.അജി (കെഎസ്ആർടിസി ഡ്രൈവർ, വെള്ളറട സ്വദേശി)
Leave a Reply