കര്‍ണാടക ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഉത്തര കന്നഡ ജില്ലാ ആശുപത്രിയിലേക്കാണ് മൃതദേഹ ഭാഗങ്ങള്‍ മാറ്റിയത്.

ഡിഎന്‍എ പരിശോധന നടത്തിയതിന് ശേഷം മൃതദേഹം കുടുംബാഗങ്ങള്‍ക്ക് വിട്ടുനില്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ അറിയിച്ചു. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു. അര്‍ജുന്റെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളും ശേഖരിക്കും. മറ്റ് നടപടിക്രമങ്ങളും നടന്നുവരികയാണെന്ന് കളക്ടര്‍ പറഞ്ഞു.

അതേസമയം അര്‍ജുന്റെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൃതദേഹ ഭാഗം അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ജുന്റെ വീട്ടില്‍ എത്തിയ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയോടാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സര്‍ക്കാര്‍ വേണ്ട എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതികരിച്ചു. പിന്നാലെ അദേഹം മന്ത്രി എ.കെ ശശീന്ദ്രനോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ജൂലൈ 16 നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പല ഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ 71 ദിവസത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎന്‍എ പരിശോധനാ ഫലം ലഭ്യമാകണം.

പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇതിനോടകം എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അര്‍ജുന്റെ ലോറിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തതോടെ ഇവിടുത്തെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇനിയും രണ്ട് പേരേക്കൂടി കണ്ടെത്താനുള്ളതിനാല്‍ പുഴയില്‍ ഡ്രഡ്ജിങ് നടത്തിയുള്ള ദൗത്യം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ലോറി പൂര്‍ണമായും കരയിലേക്ക് മാറ്റിയിട്ടുണ്ട്.