ന്യൂസ് ഡെസ്ക്, മലയാളം യുകെ

വയനാട് :- ജൂലൈ 30 ചൊവ്വാഴ്ച കേരളം ഉണർന്നത് ഞെട്ടലോടെയാണ്. രാത്രിയിൽ വയനാട്ടിലെ മേപ്പാടിക്കടുത്തുള്ള ചൂരൽമല, മുണ്ടക്കൈ, അട്ടമല, എന്നീ ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുണ്ടായി എന്ന വാർത്ത മലയാളികളെ ആശങ്കയിലാഴ്ത്തി. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി കേട്ടതിലും എത്രയോ അധികമാണെന്ന് മനസ്സിലാക്കിയത് പിന്നീടുള്ള മണിക്കൂറുകളിലായിരുന്നു. രണ്ട് ഗ്രാമങ്ങൾ ഭൂരിഭാഗവും ഒലിച്ചുപോയെന്നും, ഒരു ഗ്രാമത്തിലെ നാനൂറോളം വീടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് 50 ഓളം വീടുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നുമുള്ള വാർത്തകൾ കണ്ണീരോടെയാണ് മലയാളി സമൂഹവും, മനുഷ്യമന:സാക്ഷിയും കേട്ടത്. ദുരന്തത്തിൽ ഏകദേശം മുന്നൂറിലധികം പേർ മരിച്ചതായും, ഇനിയും ഇരുന്നൂറിലേറെ പേരെ കണ്ടെത്താനുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെയും കൃത്യമായ കണക്കുകൾ ഒന്നും തന്നെ ലഭ്യമാക്കാനായിട്ടില്ല. വയനാട്ടിലെ ദുരന്തം അറിഞ്ഞത് മുതൽ തന്നെ രക്ഷാപ്രവർത്തനത്തിന് കയ്യും മെയ്യും മറന്ന് പ്രവർത്തിച്ചത് നിരവധി വിഭാഗങ്ങളാണ്. തുടക്കത്തിൽ എൻ ഡി ആർ എഫും, പോലീസും, അഗ്നി രക്ഷാ സേനയും, ഫോറസ്റ്റ് അധികൃതരും, സന്നദ്ധ സംഘടനകളും, നാട്ടുകാരും, അതോടൊപ്പം തന്നെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിൽ നിന്നും കുടകിൽ നിന്നും മറ്റും എത്തിയ സന്നദ്ധ പ്രവർത്തകരുമെല്ലാം തുടങ്ങിവച്ച രക്ഷാപ്രവർത്തനത്തിൽ പിന്നീട് സേന വിഭാഗങ്ങൾ കൂടി ചേർന്നു. സാധ്യമായ എല്ലാ വഴിയും ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും, ജീവൻ അവശേഷിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കുവാനും, മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുവാനും രക്ഷാപ്രവർത്തകർ ഒരുമിച്ച് പ്രവർത്തിച്ചു. ഇത്തരത്തിലുള്ള കൂട്ടായ പ്രവർത്തനം ദുരന്തത്തിന്റെ വ്യാപ്തി കുറച്ചെങ്കിലും കുറയ്ക്കുവാൻ സാധിച്ചത് ആശ്വാസകരമാണ്.


രക്ഷാപ്രവർത്തനത്തിന് ഏറ്റവും ദുർഘടമായത് മുണ്ടക്കൈ ഗ്രാമത്തെയും ചൂരൽമലയെയും ബന്ധിപ്പിച്ച പാലം തകർന്നതായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനത്തിന്റെ നാഴികക്കല്ലായി ആർമിയുടെ ബെയ്ലി പാലം മാറിയത്. പാലം തകർന്നതിനാൽ നദിക്ക് കുറുകെ വടംകെട്ടി വളരെ കഷ്ടപ്പെട്ടാണ് രക്ഷാപ്രവർത്തകർ ആളുകളെ ഇക്കരെ എത്തിച്ചു കൊണ്ടിരുന്നത്. എന്നാൽ ആർമിയുടെ യുദ്ധകാലടിസ്ഥാനത്തിലുള്ള ബെയ്ലി പാല നിർമ്മാണം രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന് സഹായിച്ചു. അടിയന്തര സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന താൽക്കാലിക പാലമാണ് ബെയ്ലി പാലം. രണ്ടാം മഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്തതാണ് ഈ പാലം. ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ് ലിയാണ് പാലത്തിന്റെ മോഡൽ നിർദ്ദേശിച്ചതെന്നാണ് ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുൻകൂട്ടി നിർമ്മിച്ച ഘടകങ്ങൾ ട്രക്കുകളിൽ സ്ഥലത്ത് എത്തിച്ചു കൂട്ടി യോജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഘടകങ്ങൾ തടിയും സ്റ്റീലും കൊണ്ട് നിർമ്മിച്ചതിനാൽ ഭാരം വളരെ കുറവാണ്. അതിനാൽ തന്നെ ട്രക്കുകളിൽ ഇവ കൊണ്ടുപോകാനും, ക്രെയിനും മറ്റും ഉപയോഗിക്കാതെ ആളുകൾക്ക് തന്നെ ഇവ ചുമന്ന് വളരെ പെട്ടെന്ന് പാലങ്ങൾ നിർമ്മിക്കുന്നതിന് സഹായകരമാകുന്നു. ഇന്ത്യയിൽ കരസേനയുടെ എൻജിനീയറിങ് വിഭാഗമാണ് സാധാരണയായി ഇത്തരം പാലങ്ങൾ അവശ്യഘട്ടങ്ങളിൽ നിർമ്മിക്കുന്നത്.

വയനാട്ടിൽ ഏകദേശം 190 അടി നീളമുള്ള പാലമാണ് മദ്രാസ് റെജിമെന്റിലെ എൻജിനീയറിങ് വിഭാഗം നിർമ്മിച്ചത്. ഏകദേശം 36 മണിക്കൂർ കൊണ്ടാണ് ആർമി ഈ പാലത്തിന്റെ പണി പൂർത്തീകരിച്ചത്. ബാംഗ്ലൂരിൽ നിന്നും മറ്റും കൊണ്ടുവന്ന പാലത്തിന്റെ ഘടകങ്ങൾ, കണ്ണൂർ എയർപോർട്ടിൽ എത്തിച്ചശേഷം അവിടെ നിന്ന് ട്രക്കുകളിൽ ആയിരുന്നു വയനാട്ടിലേക്ക് കൊണ്ടുവന്നത്. മലയാളിയായ മേജർ ജനറൽ വി ടി മാത്യുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പാലം പണി പൂർത്തീകരിച്ചത്. രക്ഷാപ്രവർത്തനത്തിനു ശേഷവും ഇനിയും പുതിയ പാലം പണിയുന്നത് വരെ ബെയ്ലി പാലം യാത്രയ്ക്ക് സഹായകരമാകും.