അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ അറസ്റ്റില്‍. നോര്‍ത്ത കരോലിനയില്‍ അര്‍ണവ് ഉപ്പല്‍പ്പട്ടി എന്ന യുവാവിനെയാണു വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുൻപു കൊല്ലപ്പെട്ട നളിനി എന്ന 51കാരിയുടെ മകനാണ് അര്‍ണവ്. യുവാവിന്റെ അറസ്റ്റ് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഡ്യൂക്ക് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന നളിനിയെ മുഖത്തു പ്ലാസ്റ്റിക്ക് ബാഗ് കൊണ്ടു വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊന്ന നിലയില്‍ 2015 ഡിസംബര്‍ 17-നാണു കണ്ടെത്തിയത്. സ്‌കൂളില്‍നിന്നു മടങ്ങിയെത്തിയപ്പോള്‍ ഗാരേജിനുള്ളില്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അന്നു പതിനാറുകാരനായിരുന്ന അര്‍ണവ് പറഞ്ഞത്. അര്‍ണവ് തന്നെയാണു വിവരം പൊലീസില്‍ അറിയിച്ചത്. കടുത്ത മര്‍ദ്ദനമേറ്റ പാടുകളും മൃതശരീരത്തിലുണ്ടായിരുന്നു. സംഭവസമയം നളിനിയുടെ ഭര്‍ത്താവ് ബിസിനസ് സംബന്ധമായ യാത്രയിലായിരുന്നു.
ഏറെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് അര്‍ണവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. നളിനിക്ക് ഒരു മകള്‍ കൂടിയുണ്ട്. മക്കളെക്കുറിച്ചു നല്ലതു മാത്രമാണു നളിനി പറഞ്ഞിരുന്നതെന്നും അറസ്റ്റ് വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു