ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിനാണ് എൻഎച്ച്എസും രാജ്യവും ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇതോടെ മികച്ച സേവന വേതന വ്യവസ്ഥകൾക്കായി രാജ്യത്തെ നേഴ്സുമാർ പ്രഖ്യാപിച്ചിരുന്ന രണ്ട് ദിവസത്തെ സമരത്തിന് തുടക്കമായി. സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ ഡിസംബർ 20-ാം തീയതി അടുത്ത പണിമുടക്ക് നടക്കും. ബ്രിട്ടനിലെ ഏറ്റവും വലിയ നേഴ്സിങ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിന്റെ നേതൃത്വത്തിലാണ് സമരത്തിന് മലയാളികൾ ഉൾപ്പെടെയുള്ള രാജ്യത്തെ നേഴ്സുമാർ അണി ചേർന്നത്.

നേഴ്സുമാർ സമരം നടത്തിയതോടെ 76 സർക്കാർ ആശുപത്രികളുടെയും നല്ലൊരു ശതമാനം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ . പണിമുടക്കിൽ നിന്ന് കീമോതെറാപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ ഒഴിവാക്കിയിരുന്നു. പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവുകൾക്കും ആനുപാതികമായിട്ടുള്ള ശമ്പള വർദ്ധനവ് വേണമെന്നുള്ളതാണ് നേഴ്സിങ് യൂണിയനുകളുടെ പ്രധാന ആവശ്യം . എന്നാൽ ശമ്പള വർദ്ധനവ് നിർണയിക്കുന്ന സമിതി നിശ്ചയിച്ച 4-5 ശതമാനത്തിൽ കൂടുതൽ നൽകാൻ പറ്റില്ലെന്ന കടുംപിടുത്തമാണ് സർക്കാരിന് . സർക്കാരിൻറെ ഭാഗത്തുനിന്നും ചർച്ചകളും അനുകൂല നിലപാടുകളും ഉണ്ടാകുകയാണെങ്കിൽ പണിമുടക്കിൽ നിന്ന് പിന്മാറാമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമരത്തിൻറെ ഓരോ ചലനങ്ങളും യുകെ മലയാളി സമൂഹത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. ജീവിത ചിലവ് വർദ്ധനവ് മൂലം നേരിടുന്ന പ്രശ്നങ്ങൾ കടുത്ത പ്രതിസന്ധി യുകെയിലെ മിക്ക മലയാളി കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്. യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത നിലവിലുണ്ട്. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. സമരം തീവ്രമാവുകയാണെങ്കിൽ അത് എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്