ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ ഏകദേശം 700,000 കുട്ടികളും പഠിക്കുന്നത് സുരക്ഷിതമല്ലാത്ത സ്‌കൂൾ കെട്ടിടങ്ങളിലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. 2021 മുതൽ ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ (ഡിഎഫ്ഇ) നടത്തിയ പഠനത്തിന് പിന്നാലെയാണ് നാഷണൽ ഓഡിറ്റ് ഓഫീസ് (എൻ.എ.ഒ) കണക്കുകൾ പുറത്ത് വിട്ടത്. എന്നാൽ വർഷങ്ങളായി ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകൾക്ക് ഇതിന് യാതൊരു വിധ പരിഹാരവും കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ അതേസമയം സ്കൂളുകൾക്ക് ആവശ്യമായ മാറ്റങ്ങൾ നടത്തുവാൻ വേണ്ട സംഭാവനകൾ നൽകുന്നുണ്ടെന്ന് ഡിഎഫ്ഇ ചൂണ്ടിക്കാട്ടി.
സ്കൂളുകൾ സുരക്ഷിതവും പ്രവർത്തനക്ഷമവുമായി നിലനിർത്തുന്നതിനായി 2015 മുതൽ 15 ബില്യൺ പൗണ്ടിലധികം തുക സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്. ഷെഫീൽഡിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മ തന്റെ കുട്ടികളെ വിളിക്കാൻ കാത്തുനിൽക്കുമ്പോൾ സ്കൂൾ കെട്ടിടത്തിൽ നിന്ന് ആണികൾ ഉള്ള 15 അടി (4.5 മീറ്റർ) വരുന്ന ഫാസിയ ബോർഡ് മുഖത്ത് ഇടിച്ചത് നിലവിലുള്ള സ്കൂളുകളുടെ ദാരുണമായ അവസ്ഥ വിളിച്ചോതുന്നതാണ്. എൻ.എ.ഒയുടെ റിപ്പോർട്ട് പ്രകാരം, ഇംഗ്ലീഷ് സ്കൂൾ കെട്ടിടങ്ങളിൽ മൂന്നിലൊന്നും അതായത് 24,000 കെട്ടിടങ്ങളും നവീകരണത്തിനുള്ള സമയം കടന്നവയാണ്.
1950 കൾക്കും 1990 കളുടെ മധ്യത്തിനും ഇടയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭാരം കുറഞ്ഞ കോൺക്രീറ്റായ – റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (ആർഎഎസി)അടങ്ങിയിരിക്കുന്ന സ്കൂൾ കെട്ടിടങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ആർഎഎസി സാന്നിധ്വമുണ്ടായേക്കാവുന്ന 572 സ്കൂളുകളെ ഡിഎഫ്ഇ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 24 കെട്ടിടങ്ങളിൽ അടിയന്തര നടപടി ആവശ്യമാണ്.
Leave a Reply