ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിൽ എ46 റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഏകദേശം 1 മണിയോടെയാണ് ത്രസ്സിങ്ടൺ–സൈൽബി ഇടയിൽ അപകടമുണ്ടായതെന്ന് ലെസ്റ്റർഷയർ പോലീസ് പറയുന്നു. നോട്ടിങ്ഹാമിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന നീല നിറത്തിലുള്ള ബിഎംഡബ്ല്യു 5 സീരീസ് കാറാണ് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തേക്ക് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന നാലാമത്തെ വ്യക്തിയാണ് അപകടവിവരം പോലീസിനെ അറിയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾക്ക് ചെറിയ പരുക്കുകൾ മാത്രമാണ് ഉണ്ടായത്.

അപകടത്തിൽ മൂന്ന് പേർ മരിച്ചതിനെ തുടർന്ന് 37 വയസുള്ള ഒരു സ്ത്രീയെ അപകടകരമായ ഡ്രൈവിങ്ങിന് പോലീസ് അറസ്റ്റ് ചെയ്തു. യുവതി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണെന്ന് ലെസ്റ്റർഷയർ പോലീസ് അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി സീരിയസ് കോളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിറ്റക്ടീവുകൾ അന്വേഷണം തുടരുകയാണ്. തെളിവുകൾ ശേഖരിക്കുകയും അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.

അപകടത്തെ തുടർന്ന് എ46 റോഡ് ശനിയാഴ്ച മുഴുവൻ ഭാഗികമായി അടച്ചിരുന്നു. പുലർച്ചെ 12.30 മുതൽ 1.05 വരെ പ്രദേശത്ത് ഉണ്ടായിരുന്നവർ അവരുടെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ പരിശോധിച്ച് പോലീസിനെ സമീപിക്കണമെന്നും ഡിറ്റക്ടീവ് കോൺസ്റ്റബിൾ മഡലിൻ ഹെയ്സ് അറിയിച്ചു.











Leave a Reply