രാജേഷ് ജോസഫ്, ലെസ്ററർ
കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ സ്‌നേഹം മാത്രം തൻറെ ജീവിതം കൊണ്ട് കാണിച്ച മഹാ ത്യാഗിയുടെ ഓര്‍മ്മയ്ക്കായി കുരിശുകള്‍ പണിയുന്ന നമ്മളില്‍ നിന്ന് ഇതുവരെ ക്രിസ്തു ജനിച്ചില്ല. മനസിനെ വല്ലാതെ ഭാരപ്പെടുത്തുന്ന ചോദ്യം നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന സാര്‍വത്രിക സഭ സ്വയം ചോദിക്കേണ്ട വിശ്വാസികള്‍ ആവര്‍ത്തിക്കെണ്ട ചോദ്യമായി ഈ കാലഘട്ടത്തില്‍ മാറിയിരിക്കുന്നു. നമ്മുടെ ജീവിതം പുല്‍ക്കൂടും കാല്‍വരിയുമായി മാറ്റാന്‍ സാധിക്കാതെ പോകുന്നത് എന്ത് എന്നുള്ളത്.
ഭൂമി ഇടപാടുകളും ലൈംഗീക ആരോപണങ്ങളും സ്വാര്‍ത്ഥതയും വിശ്വാസ ജീവിതത്തിൻറെ ഭാഗമായപ്പോള്‍ കുരിശിൻറെ ഭാരം കുറഞ്ഞു വന്നു. സഹനത്തിൻറെ തീച്ചൂളയില്‍ സ്‌നേഹത്തിൻറെ അടിത്തറയില്‍ കെട്ടപ്പെട്ട സഭ സ്വാര്‍ത്ഥതയുടേയും അധികാര ദാര്‍ഷ്യത്തിൻറെയും ഉപഭോഗ സംസ്‌ക്കാരത്തിൻറെയും ഭാഗമായിരിക്കുന്നു. രണ്ട് ഉള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കുന്നതിനു പകരം രണ്ട് ഉള്ളവന്‍ ഒന്ന് ഉള്ളവൻറെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ച് ഇല്ലാത്തവനെ പാടെ മറന്നും പെരുമാറുന്ന രീതി വേദനാജനകമാണ്.
അന്ധന് കാഴ്ച്ചയ്ക്കായും ചെകിടന് കേള്‍വിക്കായും വേശ്യയ്ക്ക് നീതിക്കായും നമ്മുടെ മുന്‍പില്‍ കേഴുമ്പോള്‍ മുഖം മറച്ച് നീതി നടപ്പാക്കാത്ത ക്രിസ്തു ശിഷ്യന്‍മാര്‍ക്ക് സംഭവിക്കുന്നത് പുരമുകളിലെ പ്രഘോഷണവും ഹൃദയങ്ങളിലെ അകല്‍ച്ചയുമാണ്.
ക്രിസ്തുവിനാല്‍ നനഞ്ഞ മണ്ണിലെ ചെളികൊണ്ട് നമുക്ക് കണ്ണുകള്‍ കഴുകാം. പ്രകാശം നമ്മുടെ കണ്ണുകളിലും ജീവിതത്തിലും പതിക്കട്ടെ. അന്ധനേയും കുരുടനേയും കണ്ണ് തുറന്ന് കാണാം. ചേര്‍ത്ത് പിടിക്കാം. ജോയേല്‍ പ്രവാചകൻറെ വാക്യങ്ങള്‍ ഓര്‍മ്മിക്കാം നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത് അവിടുന്ന് ഉദാരവതിയും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹ സമ്പന്നനുമാണ് ശിക്ഷ പിന്‍വലിക്കാന്‍ സദാ സന്നദ്ധനുമാണ്.
Leave a Reply