ശിവകുമാര്‍

നാല്‍പ്പൊത്തൊന്നു ദിവസത്തെ വ്രതം മനസ്സിന് നല്‍കിയ ചൈതന്യം അതൊരാനന്ദമാണ്, അനുഭൂതിയാണ്, അനുഭവമാണ്.

ആ ചൈതന്യം നാമോരോരുത്തരും അറിയണം. ഓരോ മത വിഭാഗം ആളുകളും അവരവരുടെ നോമ്പ് കാലയളവില്‍ അനുഷ്ഠിക്കുന്ന വ്രതം, അതിലൂടെ അനുഭവിക്കുന്ന ആത്മ സംതൃപ്തി, അതൊന്നും പറഞ്ഞറിയിക്കാനാവില്ല.

കാരണം ഓരോ മനുഷ്യ ഹൃദയങ്ങളിലും അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ദിവ്യ ചൈതന്യം, പഴക്കം ചെന്ന ഏതോ ഒരു ആത്മാവില്‍ നിന്നും ‘ഞാന്‍’ എന്ന ശരീരത്തിലൂടെ കടന്നു പോകുന്നതാണെന്നു ചിന്തിക്കുമ്പോള്‍ തന്നെ ഇന്ന് മനുഷ്യനായി പിറന്നതില്‍, പ്രപഞ്ചത്തിലെ ആ പരബ്രഹ്മ സ്വരൂപത്തെ എത്ര സ്തുതിച്ചാലും മതിയാകില്ല.

കുഞ്ഞുനാളില്‍, അയ്യപ്പനാകാന്‍ വേണ്ടിയെടുത്ത നാല്‍പ്പത്തൊന്നു ദിവസത്തെ കഠിന വ്രതത്തിന്റെ മധുരം ഇന്നും ഒരിളം കാറ്റ് പോലെ എന്നില്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

പമ്പയിലെ നിന്നും ഒഴുകിയെത്തിയതാവാം, ആ ഇളം തെന്നലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അമ്മയുടേയും ചേച്ചിമാരോടൊപ്പം കടലാസ്സില്‍ പൊതിഞ്ഞ കറുത്ത മുണ്ടും തൂവെള്ള തോര്‍ത്തുമായി ഗുരുസ്വാമിയുടെ അരികിലേക്കെത്തുമ്പോള്‍ തോന്നുന്ന ഒരു മാനസിക വികാരമുണ്ടല്ലോ. അതൊന്നനുഭവിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന സുഖം.

കൈയ്യില്‍ കരുതിയിരിക്കുന്ന അയ്യപ്പന്റെ മാലയ്ക്കു ആ സമയം ഒരു സാധാരണ മാലയെന്നു തോന്നുമെങ്കിലും, കറുപ്പണിഞ്ഞു കൂട്ടം നിന്നും ശരണം വിളിയോടെ കഴുത്തിലണിയുമ്പോള്‍ ഉണ്ടാകുന്ന ഒരു അനുഭൂതിയുണ്ടല്ലോ. ആനന്ദമുണ്ടല്ലോ. അതൊന്നു വേറെതന്നെയാ.

ശരണം വിളിയോടെ മാലയിടുമ്പോള്‍, അറിയാതെ മിഴിയടയും, അപ്പോള്‍ അറിയാതൊഴുകുന്ന മിഴിനീരുണ്ടല്ലോ. പറയാനാവില്ല.

ഗുരുസ്വാമിയുടെ കാല്‍ക്കല്‍ സ്രാഷ്ടാംഗം വീണു നമസ്‌കരിച്ചെഴുന്നേല്‍ക്കുമ്പോള്‍, അമ്മയുടെയും ചേച്ചിമാരുടെ മിഴികളും നിറഞ്ഞിട്ടുണ്ടാവും. അമ്മയുടെ കാല്‍ തൊട്ടു വന്ദിക്കുമ്പോള്‍, ആ ഹൃദയമിടിപ്പും അറിയാന്‍ സാധിക്കും.

അച്ഛനില്ലാത്തതിന്റെ വേദന, ‘അയ്യപ്പന്റെ നക്ഷത്രക്കാരനായ’ മകനറിയരുതെന്ന ചിന്തയാവാം അമ്മയ്‌ക്കെന്നും.

കാലില്‍ ചെരുപ്പിടാതെ, മത്സ്യ-മാംസാദികള്‍ ഉപേക്ഷിച്ചു, പുലര്‍ച്ചെ ഇളം തെന്നലില്‍ ശരണം വിളിയോടെ എഴുന്നേറ്റു, കുളിച്ചു അമ്പലത്തില്‍പോയി പ്രാര്‍ത്ഥിച്ചു, നാമ ജപത്തോടെ കഴിഞ്ഞു കൂടുന്ന നാല്‍പ്പത്തൊന്നു നാള്‍. അപ്പോഴേക്കും മനസ്സ് ഒരു ‘അയ്യപ്പനായി മാറിയിരിക്കും.

‘ഒരു കാര്യം തന്നെ ഇരുപത്തൊന്നു ദിവസം’ നിര്‍ത്താതെ ചെയ്യുമ്പോഴേക്കും അതിലലിഞ്ഞുചേരും ഓരോ മനുഷ്യ മനസ്സും .അപ്പോള്‍ നാല്‍പ്പത്തൊന്നു നാള്‍ മനസ്സനുഭവിക്കുന്ന ‘ഒരനുഭൂതി’ വല്ലാത്തതാണ്.

നാല്‍പ്പത്തൊന്നാം നാള്‍ കഴിഞ്ഞു ആ പുണ്യ മലയിലേക്കു പുറപ്പെടുമ്പോള്‍, എങ്ങനെയൊക്കെയോ കരുതിവച്ച പണം അമ്മ കയ്യില്‍ തരുമ്പോള്‍, മനസ്സൊന്നു പിടയും. ഒപ്പം ചേച്ചിമാരും അവരുടെതായ ‘ചെറു മണികള്‍ പോലെ’ കരുതിവച്ച പണം കൂടപ്പിറപ്പിനു നല്‍കുമ്പോള്‍ അറിയാതെ മിഴി നിറയും.

ശരണം വിളിയോടെ ഇരുമുടിക്കെട്ടുമായി തേങ്ങയുടച്ചു പടിവാതില്‍ ഇറങ്ങുമ്പോള്‍, നെഞ്ചോടു കൈകൂപ്പി, അയ്യപ്പനെന്ന ‘എന്നെ’ ശബരിമലയ്ക്കു യാത്രയയയ്ക്കുമ്പോഴുള്ള അമ്മയുടെ ആ മുഖമുണ്ടല്ലോ. ആ ഒരു അനുഭൂതിയുണ്ടല്ലോ. അതനുഭവിച്ചറിയണം.

മരത്തിന്റെ ജന്നല്‍ പാളികളിലൂടെ ചേച്ചിമാര്‍, കൂടപ്പിറപ്പു അയ്യപ്പനായി പോകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന മിഴിനീരുണ്ടല്ലോ. അതിപ്പോഴും ഹൃദയശംഖിനുള്ളില്‍ എങ്ങോ നിറഞ്ഞിരിക്കയാ.

ആയിരം ശരണം വിളികളാല്‍ നെഞ്ചിന്റെയുള്ളില്‍ ശരണ മന്ത്രങ്ങള്‍ നിറഞ്ഞൊഴുകി, ഒടുവില്‍ പുണ്യമാം പമ്പയിലെത്തി മുങ്ങിക്കുളിക്കുമ്പോള്‍, മനസ്സിന്റെ ചൈതന്യം നിറഞ്ഞൊഴുകിയും, അതിലലിഞ്ഞു ചേരുവോ എന്നും തോന്നിപ്പോകും.

അതൊക്കെ അനുഭവിക്കുവാന്‍ കഴിഞ്ഞതു, ജന്മ പുണ്യമായി കരുതി ശരണം വിളിയോടെ സന്നിധാനത്തേക്ക് നടക്കുമ്പോള്‍,
മലചവിട്ടുമ്പോള്‍ അറിഞ്ഞില്ല ചെരുപ്പിടാതെയാണല്ലോ ഇത്രയും ദൂരം നടന്നതെന്നു. ഓര്‍ത്തപ്പോള്‍ എനിക്കെന്നോട് തന്നെ തോന്നുന്ന ഒരു ആത്മാഭിമാനം ഉണ്ട്. അതും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. (ആ ഒരു ആത്മാഭിമാനം ഓരോ അയ്യപ്പനും തോന്നും ആ നേരം).

ഒടുവില്‍ മനസ്സ് നിറയെ കാണാന്‍ കൊതിച്ച സ്വര്‍ണപതക്കമാം പതിനെട്ടാം പടിയിലെത്തുമ്പോഴുണ്ടാകുന്ന നിര്‍വൃതിയുണ്ടല്ലോ. അതൊന്നു വല്ലാത്തതാണ്.

കയ്യില്‍ കരുതിയ നെയ്‌ത്തേങ്ങ (നാളികേരം ശരീരവും , അതിനുള്ളില്‍ നിറയ്ക്കുന്ന നെയ് ആത്മാവുമാണെന്നു സങ്കല്‍പ്പിച്ചു) നെഞ്ചോടു ചേര്‍ത്തുവച്ചു ശരണം വിളിയോടെ ”തന്‌ടെ മനസ്സിനെ ഇനിയും ഉയര്‍ത്തീടണമേയെന്നു” പ്രാര്‍ത്ഥിച്ചു, പതിനെട്ടാം പടിക്കരികെയുള്ള ‘ആഴിയിലെറിയുമ്പോള്‍’. നിറമിഴിയോടെ, അറിയാതെ ആ ആല്‍മരത്തിന്റെ ഇലകളിലേക്കു നോക്കിപ്പോകും. കാരണം ഇത്രയും അധികം നാളികേരത്തിനില്‍ നിന്നും ഉയരുന്ന, കത്തിജ്വലിക്കുന്ന തീയിലും, പുകയിലും വാടാതെ, കുളിര്‍മയോടെ പുഞ്ചിരിതൂകുന്ന ഓരോ ഇലകളെയും നോക്കിനിന്നുപോകും. ഒരു മഹാത്ഭുതമായി തോന്നുന്ന ആ ആഴിയില്‍ അറിയാതെ പ്രണമിച്ചുപോകും ഒരോ ഭക്തനും.

ഒടുവില്‍ ആ സോപാന നടയില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍, ഇരുമിഴികളും തിരുനട തുറക്കുവാന്‍ കാത്തിരിക്കുമ്പോള്‍. ശംഖിന്‍ ധ്വനികളാല്‍, നിലയ്ക്കാത്ത മണിമുഴക്കങ്ങളാല്‍, നെഞ്ചുരുകും ശരണം വിളികളാല്‍ ആ തിരുനട തുറന്നു ‘എന്റെ ഭഗവാനെ’ ആ അയപ്പനെ ഒന്ന് കാണുമ്പോഴുണ്ടാകുന്ന നിര്‍വൃതിയുണ്ടല്ലോ,
ആ മിഴിനീരുണ്ടല്ലോ. അതാര്‍ക്കും മനസ്സിലാവില്ല. ആ സമയത്തു ഓരോ അയ്യപ്പന്റെയും മുഖഭാവങ്ങള്‍ ഉണ്ടല്ലോ. അതൊന്നും ഒരു കാന്‍വാസിലും പകര്‍ത്താനാവില്ല.അതറിയണമെങ്കില്‍. ആ ചൈതന്യം അനുഭവിച്ചറിയണമെങ്കില്‍ ഓരോ മനസ്സും എടുക്കണം. വ്രതശുദ്ധി. മനഃശുദ്ധി. നാല്‍പ്പത്തൊന്നുനാള്‍ സസ്യാഹാരം. എങ്കിലേ സ്വന്തം മനസ്സിന് ഇത്രയും ചൈതന്യം നിറഞ്ഞൊഴുകുന്നത് അറിയാന്‍ സാധിക്കൂ.

‘ഞാന്‍ എന്ന അയ്യപ്പന്‍’ അനുഭവിച്ചറിയുന്നത് ജീവിതകാലം മുഴുവന്‍ മനം നിറഞ്ഞൊഴുകും.

ഒരിക്കല്‍ കണ്ടാലും മതിയാകാതെ , ആ പുണ്യമാം പരിശുദ്ധാത്മാവിനെ വീണ്ടും വീണ്ടും ഒന്നുകൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എന്നോര്‍ക്കാത്ത ഒരു അയ്യപ്പനും ഇല്ലാതിരിക്കില്ല. ഒടുവില്‍, നടയടച്ചു ഗാനഗന്ധര്‍വന്റെ ‘ഹരിവാരസാനം പാടി അയ്യപ്പനെ ഉറക്കുമ്പോള്‍ ഒഴുകിയെത്തുന്ന ഒരിളം കാട്ടുണ്ടല്ലോ. ഹോ. അതും ഒരോ മനസ്സും അനുഭവിക്കണം. ആ പാട്ടില്‍ ലയിച്ചിരുന്നു, സ്വാമി ശരണമയ്യപ്പ’ എന്ന് അവസാന വരി പാടുമ്പോഴുണ്ടല്ലോ. ഓരോ അയ്യപ്പന്റെ മിഴികളിലും കണ്ണുനീരിന്റെ നനവുണ്ടാകും.ആത്മ സംതൃപ്തി ഉണ്ടാവും.

നടയിറങ്ങുമ്പോള്‍ വീണ്ടും ഒന്ന് തൊഴുതു, തിരിഞ്ഞു നോക്കും.അപ്പോഴും മനസ്സില്‍ ഒരു തീരുമാനമുണ്ടാകും.’ ഞാന്‍ ഇനിയും മാലയിടും. വ്രതശുദ്ധിയെടുക്കും. എന്റെ അയ്യപ്പനെ കാണും. ഇനിയും ഇനിയും.’

തിരികെ വീട്ടിലെത്തുമ്പോള്‍, കെടാതെ കത്തിച്ചുവെച്ച വിളക്കില്‍ അരിയിട്ട് അമ്മയുടെ കാല്‍ക്കല്‍ പ്രണമിക്കുമ്പോള്‍, അമ്മയുടെ മുഖത്തുണ്ടാകുന്ന നിര്‍വൃതിയുണ്ടല്ലോ. അതും വല്ലാത്തതാണ്.

തന്നെ ചേര്‍ത്ത് പിടിച്ചു നെറ്റിയില്‍ മുത്തം തരുന്ന അമ്മയുടെ മുഖമിന്നും ഓര്‍ക്കുമ്പോള്‍ ഇതെഴുതുമ്പോഴും മിഴിനിറയുന്നു.

വീട്ടുകാരോടൊപ്പം അമ്പലത്തില്‍പോയി, ശരണം വിളിയോടെ ഗുരുസ്വാമി മാലയഴിച്ചു ആ മാല ആല്‍മരച്ചുവട്ടില്‍ വയ്ക്കുമ്പോള്‍. മനസ്സില്‍ വീണ്ടും ഒരേ ഒരു ചിന്ത മാത്രമാണ്. അടുത്ത വൃശ്ചികമാസത്തിനായ്. തന്നെ തഴുകി ഉണര്‍ത്തുന്ന ആ ഇളം കാറ്റിനായ്.