രാജേഷ് ജോസഫ്
കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബത്തിലേയ്ക്ക് വന്ന പരിണാമം വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നെറ്റിയിലെ കഠിനമായ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിച്ചിരുന്നവര്‍ അത്രകണ്ട് അധ്വാനിക്കാതെ സമ്പത്ത് കുമിഞ്ഞ് കൂടിയപ്പോള്‍ ജീവിതത്തില്‍ ഉന്നത മൂല്യം കല്പിച്ചിരുന്ന പലതും പടിയിറങ്ങിയിരിക്കുന്നു. രക്തം വെള്ളത്തേക്കാള്‍ ശക്തമാണ് എന്ന വിശ്വാസത്തില്‍ നിന്ന് മാറി രക്തത്തിന്റെ അളവ് കുറയുകയും വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തിരിക്കുന്നു. സുഖലോലുപതയും അലസതയും മൂല്യാധിഷ്ഠിത ജീവിതത്തെ കാര്‍ന്ന് തിന്നുന്നു.
ബന്ധങ്ങളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും സ്നേഹവും കരുണയും വറ്റിയിരിക്കുന്നു. വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ മലയാളി കയ്യും മെയ്യും മറന്ന് സമ്പാദിച്ച സ്വത്തുകൊണ്ട് നെഞ്ചിന്റെ ഉള്ളിലെ തീവ്രവികാരമായ കാറും വീടും സ്വന്തമാക്കിയെങ്കിലും സാമൂഹ്യമായി ഈ കാലഘട്ടത്തില്‍ ക്ഷീണിതനായിരിക്കുന്നു. മിശ്രസംസ്‌കാരം സമൂലമായ മാറ്റങ്ങളിലേക്ക് നമ്മളെ എല്ലാവരെയും എത്തിച്ചിരിക്കുന്നു. അതിയായ താല്‍പര്യത്തോടെ നേടണമെന്ന് ആഗ്രഹിച്ചവ നേടിയശേഷം, കൂടെ കൊണ്ടുനടന്ന പലതും ഇന്ന് വിരക്തിയായി പ്രതിഷേധമായി മാറിയിരിക്കുന്നു. ആരാധനാലയങ്ങളിലേയും കൂട്ടായ്മകളിലേയും സഹകരണക്കുറവിന് കാരണം മറ്റൊന്നുമല്ല. പരാശ്രയമില്ലാതെ ജീവിക്കുന്ന സ്വയംപര്യാപ്തനായ നവയുഗ മലയാളിയാണ്.
എന്തിനും ഏതിനും എല്ലാവരേയും ആദ്യനാളുകളില്‍ ആശ്രയിച്ച് കഴിഞ്ഞ സമൂഹത്തില്‍ നിന്ന് മാറി ആരേയും ആശ്രയിക്കേണ്ടതായ ജീവിത രീതി പൂര്‍ണമായി നാം ഇന്ന് മാറിയിരിക്കുന്നു. ഗതകാല സ്മരണകളും സ്നേഹവും സൗഹാര്‍ദ്ദവും സോഷ്യല്‍ മീഡിയില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ഹിമവത്കരിക്കപ്പെട്ടവരാകാതെ, കൈ കോര്‍ത്ത് ചേര്‍ന്ന് നില്‍ക്കാം, പങ്കുവെയ്ക്കാം, നിസ്വാര്‍ത്ഥമായി സ്നേഹിക്കാം, സ്വപ്നങ്ങള്‍ കാണുന്നവരാകാം. ശുഭപ്രതീക്ഷയോടെ ഒത്തൊരുമിച്ച് മുന്നേറാം.
Leave a Reply