ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം! 14 വര്‍ഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അരുന്ധതി റോയിയുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് രണ്ടാഴ്ച്ച മാത്രം ആയിരിക്കെയാണ് അരുന്ധതിയെ പുരസ്കാര ജേതാവായി ‘ഇംഗ്ലിഷ് പെൻ’ അധ്യക്ഷ റൂത്ത് ബോർത്‌വിക് പ്രഖ്യാപിച്ചത്. പെൻ ഇംഗ്ലീഷിൻ്റെ പത്രക്കുറിപ്പിലൂടെ പങ്കിട്ട ഒരു പ്രസ്താവനയിൽ, അചഞ്ചലമായ ധീരത, ആടിയുലയാത്ത നിലപാടുകൾ… ബ്രിട്ടിഷ് നാടകകൃത്ത് ഹാരൾഡ് പിന്ററുടെ നൊബേൽ പ്രസംഗത്തിൽ നിന്നുള്ള മനോഹര വാക്കുകൾ ഉദ്ധരിച്ചാണ് അധികൃതർ അരുന്ധതിയുടെ രചനകളെ വിശേഷിപ്പിച്ചത്.

അന്തരിച്ച നാടകകൃത്ത് ഹരോൾഡ് പിൻ്ററിനോടുള്ള ആദരവായി 2009-ലാണ് ഇംഗ്ലീഷ് പെൻ ആരംഭിച്ചത്. ഇംഗ്ലീഷ് പെൻ ചെയർ റൂത്ത് ബോർത്ത്‌വിക്ക്, നടൻ ഖാലിദ് അബ്ദുല്ല, എഴുത്തുകാരൻ റോജർ റോബിൻസൺ എന്നിവരായിരുന്നു വിധികർത്താക്കൾ. 1997 ൽ ബുക്കർ പുരസ്കാരം നേടിയ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ നോവലിലൂടെയാണ് അരുന്ധതി രാജ്യാന്തര പ്രശസ്‌തി നേടിയത്. പിന്നീട് രാഷ്ട്രീയ നിലപാടുകളും എഴുത്തും ആക്ടിവിസവും അവർക്ക് അതിലേറെ ശ്രദ്ധ നേടി കൊടുത്തു.

യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത്, മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാർ എന്നിവർക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കി വരുന്നത്. ഒക്ടോബർ 10നു നടക്കുന്ന പുരസ്‌കാരദാന ചടങ്ങിന് ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയാണ് ആതിഥേയത്വം വഹിക്കുന്നത്