ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തുകയും ഞെട്ടിക്കുകയും ചെയ്ത സംഭവമാണ് ഒരു മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിനെ തന്നെ കുത്തിക്കൊലപ്പെടുത്തിയ സംഭവം. കൊച്ചി പനമ്പള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ ( 37 ) കുത്തേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. അരവിന്ദിന്റെ ദാരുണാന്ത്യം കൂടെ താമസിക്കുന്ന സുഹൃത്തായ മലയാളി യുവാവിൻറെ കത്തിക്കിരയാക്കുകയായാണ് സംഭവിച്ചത്. സ്റ്റുഡൻറ് വിസയിലെത്തിയ 20 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി അരവിന്ദൻറെ സുഹൃത്തും ഒന്നിച്ച് താമസിച്ചിരുന്ന ആളുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിൽനിന്ന് എം ബി എ ബിരുദം നേടിയതിന് ശേഷമാണ് അരവിന്ദ് ശശികുമാർ യുകെയിലെത്തിയത്. അവിവാഹിതനായ അദ്ദേഹം പത്ത് വർഷം മുമ്പാണ് യുകെയിലെത്തിയത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക് തർക്കം അതിരുവിട്ട് കൊലപാതകത്തിലേയ്ക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ . സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . പെക്കാമിലെ കോൾമാൻ വേ ജംഗ്ഷനു സമീപമുള്ള സൗതാംപ്റ്റൻ വേയിലെ ഷോപ്പിന് മുകളിലുള്ള ചെറിയ ഫ്ലാറ്റിലായിരുന്നു അരവിന്ദും മറ്റ് മൂന്നു മലയാളി സുഹൃത്തുക്കളും താമസിച്ചിരുന്നത്. അരവിന്ദന് കുത്തേറ്റതിനെ തുടർന്ന് സംഭവത്തിന്റെ സാക്ഷികളായ സുഹൃത്തുക്കൾ തന്നെയാണ് പുലർച്ചെ 1. 36 – ന് പോലീസിൽ വിവരം അറിയിച്ചത് . കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പോലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ . പ്രതിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് ഇവരുടെ ഒപ്പം താമസിച്ചിരുന്ന മറ്റ് രണ്ട് മലയാളി യുവാക്കളെ ചോദ്യം ചെയ്യാനായി കൊണ്ടുപോയിട്ടുണ്ട്.

സംഭവങ്ങളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പോലീസ് അന്വേഷണത്തെ സഹായിക്കാൻ സാധിക്കുന്നവർ 101 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. CAD 494 / 16 jun എന്നതാണ് കേസിന്റെ റഫറൻസ് നമ്പർ. മലയാളികൾ ഉൾപ്പെടുന്ന അടുത്തിടെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ യുകെയിലെ മലയാളി സമൂഹത്തെ കുറിച്ച് കടുത്ത അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.