ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജൂൺ 16 -ന് പുലർച്ചെ ലണ്ടനിൽ കുത്തേറ്റ് മരിച്ച അരവിന്ദ് ശശികുമാറിന്റെ കൊലപാതകത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്റ്റുഡൻറ് വിസയിലെത്തിയ 20 വയസ്സുകാരനായ വർക്കല സ്വദേശി സൽമാൻ സലീം ആണ് അരവിന്ദിന്റെ ജീവനെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ട സൽമാനെ ജൂൺ 20 -ന് കോടതിയിൽ ഹാജരാക്കും.
അരവിന്ദ് ശശികുമാറിന്റെ ഇളയ സഹോദരൻ ബ്രിട്ടനിലെ നോർത്താംപ്ടണിൽ ആണ് താമസിക്കുന്നത്. ഇദ്ദേഹത്തെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഒന്നും അറിയിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. 20-ാം തീയതി പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ മരണത്തിലേയ്ക്ക് നയിച്ച കൂടുതൽ കാര്യങ്ങൾ പോലീസ് ബന്ധുക്കളോട് വെളിപ്പെടുത്തുകയുള്ളൂ. ഇന്ന് തിങ്കളാഴ്ച ബോഡി ഐഡന്റിഫിക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ലണ്ടനിൽ എത്തണമെന്ന് പോലീസ് സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് ഒപ്പം താമസിച്ചിരുന്ന രണ്ടു മലയാളികൾ യുവാക്കൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
പനമ്പള്ളി നഗറിൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശിയും റിട്ടയർഡ് എൽഐസി ഉദ്യോഗസ്ഥനുമായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ് .തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ 2007 – 2009 ബാച്ചിലെ എംബിഎ വിദ്യാർത്ഥിയായ അരവിന്ദ് ശശികുമാർ ലണ്ടനിൽ കുത്തേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് അധ്യാപകരും പഴയ സഹപാഠികളും . ക്ലാസിലെ സൗമ്യ മുഖമായിരുന്നു അരവിന്ദ് എന്ന് സഹപാഠിയും നിലവിൽ മലപ്പുറത്ത് ഓർക്കിഡ് ഹോസ്പിറ്റലിലെ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയും ചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ മെർവിൻ ആൻറണി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മാക് ഫാസ്റ്റിലെ എം ബി എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ജീവിതം കരുപിടിപ്പിക്കാൻ അരവിന്ദ് ബി ബി എ പഠനത്തിനായി യുകെയിലെത്തിയത്.
ഇതിനിടെ അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ലണ്ടനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . പെക്കാമിലെ കോൾമാൻ വേ ജംഗ്ഷനു സമീപമുള്ള സൗതാംപ്റ്റൻ വേയിലെ ഷോപ്പിന് മുകളിലുള്ള ചെറിയ ഫ്ലാറ്റിലായിരുന്നു അരവിന്ദും മറ്റ് മൂന്നു മലയാളി സുഹൃത്തുക്കളും താമസിച്ചിരുന്നത്. അരവിന്ദന് കുത്തേറ്റതിനെ തുടർന്ന് സംഭവത്തിന്റെ സാക്ഷികളായ സുഹൃത്തുക്കൾ തന്നെയാണ് പുലർച്ചെ 1. 36 – ന് പോലീസിൽ വിവരം അറിയിച്ചത് . കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പോലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ .
അരവിന്ദ് സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തിയത് 10 വർഷം മുമ്പാണ് . ഇപ്പോൾ കെയർ വിസയിലേയ്ക്ക് മാറാൻ ഇരിക്കെയാണ് ഈ ദാരുണ സംഭവംനടന്നത്. ജോലി കണ്ടെത്താനും മറ്റുമായി അരവിന്ദ് വളരെയേറെ സഹായിച്ച വ്യക്തിയാണ് ഏറ്റവും ഒടുവിൽ അരവിന്ദിൻറെ ജീവനെടുത്ത കൊലപാതകയായി മാറിയത്. വാടകയ്ക്ക് പോലും കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്ന പ്രതിയെ ഒരു മലയാളി എന്ന പരിഗണനയിൽ അരവിന്ദ് കൈയ്യയച്ചു സഹായിച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.
Leave a Reply