ആഷ്ഫോര്‍ഡ്: ”ജോസഫ് മൈലാടും പാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 5-ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് വില്ലീസ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ജൂണ്‍ 3 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 5-ാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരക്കപ്പെടുന്നു. ഒന്നാം സ്ഥാനക്കാര്‍ക്ക് ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് പുറമെ 1001 പൗണ്ടും, രണ്ടാം സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും ട്രോഫിയും കൂടാതെ ബെസ്റ്റ് ബാറ്റ്സ്മാന്‍, ബെസ്റ്റ് ബൗളര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനവും നല്‍കുന്നതാണ്.

മത്സരങ്ങള്‍ വില്ലീസ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (ബൗണ്‍സി കാസില്‍, വായിലേറ്, പാട്ടയേറ്, വളയമേറ്, കിലുക്കി കുത്ത്, വിവിധതരം റൈഡുകള്‍) സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ തനതു വിഭവങ്ങള്‍ മിതമായ നിരക്കില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ‘കയ്യേന്തിഭവന്‍’ ഭക്ഷണശാല രാവിലെ മുതല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും.

ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം വില്ലീസ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ സോനു സിറിയക് (പ്രസിഡന്റ് ), ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി), ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി), മനോജ് ജോണ്‍സണ്‍ (ട്രഷറര്‍), ജോളി ആന്റണി (ക്രിക്കറ്റ് ക്യാപ്റ്റന്‍), ജെറി (വൈസ് ക്യാപ്റ്റന്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഗ്രൗണ്ടിന്റെ വിലാസം
Williesborough Kent Regional Cricket Ground
Ashford Kent
TN 24 OQE