ന്യൂസ് ഡെസ്ക്, മലയാളം യുകെ
എല്ലാവർക്കും പ്രിയപ്പെട്ടവൻ. ഒറ്റവാക്കിൽ എല്ലാവരും ആശിഷ് തങ്കച്ചനെ കുറിച്ച് ഏക സ്വരത്തിൽ പറയുന്നത് ഇതാണ് . യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരായ തങ്കച്ചൻ തച്ചിലിൻ്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്റെ നിര്യാണം യുകെ മലയാളികളുടെ ആകെ ദുഃഖമായി മാറിയിരിക്കുകയാണ്. 35 വയസ്സ് മാത്രം പ്രായമുള്ള ആശിഷ് തങ്കച്ചൻ റെഡിങ്ങിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത് .
റെഡിങ്ങിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ. ജൈഡൻ (5 ) ആണ് ഏക മകൻ. അയർലൻഡിൽ ഭർത്താവിനൊപ്പം താമസിക്കുന്ന ആഷ്‌ലി ആണ് സഹോദരി.
താൻ താമസിക്കുന്ന കാർഡിഫിലെ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ എല്ലാം തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ആശിഷിൻ്റേത്. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്കെടുത്തിരുന്ന നല്ലൊരു കൊറിയോഗ്രാഫറും ഡാൻസറും ആയിരുന്നു. ക്രിക്കറ്റിലും ബാഡ്മിൻറണിലും ദേശീയതലത്തിൽ തന്നെ ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ മേഖലകളിലെല്ലാം നല്ലൊരു സൗഹൃദ വലയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് രോഗാവസ്ഥയിലായിരുന്നു ആശിഷ് . കടുത്ത ഞെട്ടലാണ് ആശിഷിൻ്റെ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. മൃതസംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ആശിഷ് തങ്കച്ചൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply