സന്ദീപാനന്ദഗിരിയെ ആശ്രമത്തിലിട്ടു ചുട്ടുകൊല്ലാനാണ് അക്രമി സംഘം എത്തിയതെന്നും അദ്ദേഹം രക്ഷപെടാന്‍ കാരണക്കാരനായത് മാര്‍ ക്രിസോസ്റ്റം തിരുമേനിയാണെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍. ഒരുവിധത്തിലും സ്വാമിയോട് സംവദിച്ച് ജയിക്കാനാവില്ലെന്നു ബോദ്ധ്യമായപ്പോള്‍ ആശ്രമത്തെ അരക്കില്ലമാക്കി സ്വാമിയെ നിശബ്ദനാക്കാമെന്നായിരുന്നു അക്രമം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം. കാറുകള്‍ രണ്ടും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ ആളിപ്പടരുമ്പോള്‍ തടി കൊണ്ടു നിര്‍മ്മിച്ച മുകളിലത്തെ നില പൂര്‍ണമായും കത്തുമെന്നും സ്വാമി രക്ഷപെടില്ലെന്നും ക്രിമിനലുകള്‍ കരുതി. മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ക്ഷണം സ്വീകരിച്ച് ഒരു മതമൈത്രീ സംഗമത്തില്‍ പങ്കെടുക്കാനായി പോകാന്‍ നേരത്തെ എഴുന്നേറ്റതുകൊണ്ടു മാത്രമാണ് സ്വാമി ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്. ഇല്ലെങ്കില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവര്‍ക്ക് സംഘപരിവാര്‍ വിധിച്ച വധശിക്ഷയുടെ ആദ്യ ഇര സ്വാമി സന്ദീപാനന്ദഗിരിയാകുമായിരുന്നനെന്നും മന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

Image may contain: 5 people, people standing

സംഘര്‍ഷം സൃഷ്ടിക്കാന്‍ നടന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ആശ്രമത്തില്‍ റീത്തു കൊണ്ടു വെച്ച് പ്രകോപനമുണ്ടാക്കി. അതിനും മുമ്പ് ആശ്രമത്തിനുള്ളില്‍ ആര്‍എസ്എസ് ശാഖ നടത്താന്‍ സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം എത്തിയിരുന്നു. ശാഖ നടത്താന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ ലൈബ്രറി ഉപയോഗിക്കാമെന്നും എത്രപേര്‍ക്കു വേണമെങ്കിലും വന്നിരുന്നു പുസ്തകം വായിക്കാമെന്നും സ്വാമി അവര്‍ക്കു മുന്നില്‍ നിര്‍ദ്ദേശം വെച്ചു.

കുറുവടിയും വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്കെന്തു പുസ്തകം? എന്തു വായന? ആ സംസ്‌ക്കാരമുണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് ഈ സംഘടനയില്‍ തുടരാനാകുമോ?

സന്ദീപാനന്ദഗിരിയ്‌ക്കെതിരെ നടന്ന വധശ്രമം യഥാര്‍ത്ഥത്തില്‍ സുപ്രിംകോടതിയ്ക്കുള്ള മുന്നറിയിപ്പാണ്.

കോടതിയില്‍ തോറ്റാല്‍ കലാപം എന്നാണ് പരമോന്നത കോടതിയോടുള്ള വെല്ലുവിളി. കോടതിയില്‍ കേസു തോറ്റവരാണ് അക്രമം നടത്തുന്നതും ആസൂത്രണം ചെയ്യുന്നതും. ഈ വിധിയെ അനുകൂലിച്ച് അഭിപ്രായം പറയുന്നവരില്‍ കൊലപ്പെടുത്തേണ്ടവരുടെയും അക്രമിക്കേണ്ടവരുടെയും ഹിറ്റ്‌ലിസ്റ്റ് സംഘപരിവാര്‍ തയ്യാറാക്കിയെന്നു വേണം അനുമാനിക്കേണ്ടത്. ഇതാണോ ചില സംഘപരിവാര്‍ നേതാക്കള്‍ ചാനലില്‍ പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ ലുക്ക് ഔട്ട് നോട്ടീസ്? ഈ ഓലപ്പാമ്പു കണ്ട് ആരു ഭയന്നുപോകുമെന്നാണ് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്?

ഈ ഭീഷണിയ്ക്കു മുന്നിലൊന്നും ആരും കീഴടങ്ങാന്‍ പോകുന്നില്ല. അക്രമം ഭീരുവിന്റെ ആയുധമാണ്. ആശയപരമായ തങ്ങള്‍ കീഴടങ്ങിക്കഴിഞ്ഞുവെന്നാണ് ഈ അക്രമത്തിലുടെ സംഘപരിവാര്‍ ഏറ്റു പറയുന്നത്. വിയോജനങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തില്‍ നേരിടാന്‍ ഇനിയൊടവും അവരുടെ കൈയില്‍ ബാക്കിയില്ല. സംഘടിതമായ നുണപ്രചരണത്തിനും ചാനല്‍ മുറിയില്‍ നേതാക്കള്‍ മുഴക്കിയ ഭീഷണിയ്ക്കും ഭക്തജനങ്ങളും വിശ്വാസികളും പുല്ലുവിലപോലും കൊടുക്കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അവസാന ആയുധമായി അക്രമങ്ങളും കൊലപാതകങ്ങളും മാത്രമേ അവരുടെ കൈവശമുള്ളൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ആര്‍എസ്എസ് നശിപ്പിച്ച ആശ്രമം പഴയതിനേക്കാള്‍ പ്രൌഢിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നുറപ്പു വരുത്താന്‍ മതനിരപേക്ഷ മനസുകള്‍ കേരളത്തില്‍ ഒന്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലം അശുദ്ധമാക്കാനും മടിക്കില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ആള്‍ സ്വൈരവിഹാരം നടത്തുമ്പോള്‍, ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയെ അനുകൂലിച്ച വ്യക്തിയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം സമൂഹം തിരിച്ചറിയും. ഈ അക്രമം ആസൂത്രണം ചെയ്തവര്‍ എത്ര ഉന്നതരായാലും കണക്കു പറയിപ്പിക്കും.

എന്തു തെറ്റാണ് സന്ദീപാനന്ദഗിരി ചെയ്തത്? ഹിന്ദു ധര്‍മ്മശാസ്ത്രത്തിലെ പാണ്ഡിത്യത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം വാദമുഖങ്ങളുന്നയിക്കുന്നത്. അറിവും ചിന്തയുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങള്‍. വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്ക് അദ്ദേഹത്തോട് ആശയപരമായി ഏറ്റുമുട്ടി ജയിക്കാനാവില്ല. അതുകൊണ്ടാണ് ഇരുട്ടില്‍ പതുങ്ങിയെത്തി ആശ്രമവും കാറും കത്തിച്ചു കടന്നു കളഞ്ഞത്.

ഭരണഘടനയും അതിന്റെ മൂല്യങ്ങളുമൊന്നും സംഘപരിവാറിനു മനസിലാകുന്ന കാര്യങ്ങളല്ല. കൈയറപ്പു മാറിയ ഏതാനും ക്രിമിനലുകളെ കയറൂരിവിട്ട് ഭരണഘടനയ്ക്കുമേല്‍ അധികാരസ്ഥാപനമായി വാഴാമെന്നാണ് സംഘപരിവാറിന്റെ മോഹം. ചരിത്രവും ആചാരങ്ങളും നീതിശാസ്ത്രങ്ങളും വ്യാഖ്യാനിച്ച് ഒരു കാഷായ വസ്ത്രധാരി ഇന്ത്യന്‍ ഭരണഘടനയ്ക്കു പിന്തുണ നല്‍കുമ്പോള്‍ അക്കൂട്ടരുടെ അസഹിഷ്ണുത പരകോടിയിലെത്തുക സ്വാഭാവികം.

സന്ദീപാനന്ദഗിരി പങ്കെടുത്ത എല്ലാ ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാര്‍ വാദങ്ങള്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. വായനയുടെയും ചിന്തയുടെയും പാണ്ഡിത്യത്തിന്റെയും പിന്‍ബലമുള്ള അദ്ദേഹത്തിന്റെ വാദങ്ങളോട് സംവദിച്ചു ജയിക്കാന്‍ കുറുവടിയും വടിവാളും തെറിവിളിയും ആയുധമാക്കിയ ക്രിമിനലുകള്‍ക്ക് എങ്ങനെ കഴിയും?

ഇത് വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. സൌമ്യമായി, സമചിത്തതയോടെ, ആരോടും തികഞ്ഞ പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തി സംവദിക്കുന്ന സ്വാമിയും വേണ്ടിവന്നാല്‍ അമ്പലം മനഃപ്പൂര്‍വം അശുദ്ധമാക്കുമെന്നു ഭീഷണി മുഴക്കുന്ന ക്രിമിനലുകളും തമ്മില്‍ ഒരു താരതമ്യവുമില്ല.

ഈ അക്രമം സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്ന പ്രശ്‌നമല്ല. അക്രമികളോട് ഒരു ദയയുമില്ല. ശബരിമലയിലെ അക്രമങ്ങളോട് കാണിച്ച സംയമനം കേരളമാകെ കാട്ടുമെന്ന പ്രതീക്ഷ ക്രിമിനല്‍ പരിവാറിനു വേണ്ട. സന്ദീപാനന്ദഗിരിയ്ക്കു നേരെ നടന്ന അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും നിയമത്തിനു മുന്നിലെത്തും.