പ്രാരാബ്ദങ്ങൾക്കിടയിലും പഠനത്തിൽ മിടുക്കിയായ മകളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അഭിഭാഷകയാക്കിയ മാതാപിതാക്കൾക്ക് ഇനിയും അഷ്ടമിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല. അഷ്ടമിയെ കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം പറയാൻ നല്ലതുമാത്രം.
കൊട്ടാരക്കര കുടവട്ടൂർ മാരൂർ അഷ്ടമിഭവനിൽ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളായ അഷ്ടമിയാണ് വീടിനുള്ളൽ തൂങ്ങിമരിച്ചത്. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് നിയമബിരുദധാരിയാക്കിയതിന്റെ അഭിമാനത്തിലായിരുന്ന ഈ മാതാപിതാക്കൾക്ക് ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ചെറുതെങ്കിലും സന്തുഷ്ടകുടുംബത്തിലെ ഈ പെൺകുട്ടി എന്തിനാണ് ജീവനൊടുക്കിയത് എന്നാണ് എല്ലാവരിലും ഉയരുന്ന ഏക ചോദ്യം. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു.
കൊല്ലം എസ്എൻ ലോ കാളേജിൽ നിന്നും കഴിഞ്ഞ വർഷം നിയമബിരുദം പൂർത്തിയായ അഷ്ടമി 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയിൽ പ്രാക്ടിസീനു പോയി തുടങ്ങിയത്. വ്യാഴാഴ്ച കോടതിയിൽ പോകാതെ അഷ്ടമി ലീവാക്കിയിരുന്നു. പിതാവ് അജിത്ത് വണ്ടി ഓടാനായി പോയി. അമ്മ തൊഴിലുറപ്പ് ജോലിക്കായും പോയിരുന്നു.
തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വന്ന അമ്മ റെന അഷ്ടമിയുമായി സന്തോഷത്തോടെ ഭക്ഷണം കഴിച്ചിട്ട് മടങ്ങിയിരുന്നു. പിന്നീട് വൈകീട്ട് അഞ്ചേകാലോടെ വന്ന മാതാവ് അകത്തുനിന്നും അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് അഷ്ടമിയുടെ മുറിയുടെ വാതിൽ തുറന്നതോടെയാണ് മകൾ തൂങ്ങിനിൽക്കുന്നത് കണ്ടത്.
റെനയുടെ നിലവിളി കേട്ടാണ് സമീപത്തെ പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടി എത്തിയത്. ഉടൻ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയർ അറുത്തുകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. പരിശോധനകൾ നടത്തി മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പോലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
അഷ്ടമിയുടെ മൊബൈൽ ഫോണിൽ നിന്ന് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീടിനു സമീപം അടുത്ത പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്നവർ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തിരുന്നത് കണ്ടതായി പറയുന്നു. ആരോടോ കലഹിക്കുന്നത് പോലെ ആണ് സംസാരിച്ച് കൊണ്ടിരുന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ശബ്ദമുയർത്തി ദേഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടെന്നാണ് ഇവർ പറയുന്നു. കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.
എല്ലാവരോടും സൗമ്യമായി ഇടപെടുന്ന നിയമവിദ്യാർത്ഥിയായ അഷ്ടമിയുടെ മരണത്തിൽ അതുകൊണ്ട് തന്നെ ദൂരുഹത ഉണ്ട് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Leave a Reply