ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയാൻ പൊതുജനങ്ങളോട് വീട്ടിലിരിക്കാൻ പറയുന്ന നടപടി നിരർത്ഥകമാണെന്ന് ഗവേഷകർ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒരു മാസത്തിനു ശേഷം ആർ റേറ്റ് 3% മാത്രമാണ് കുറഞ്ഞത്. പത്തിലധികം പേർ ഒത്തുചേരുന്നതിനുള്ള നിരോധനവും ആർ റേറ്റ് കുറയ്ക്കുന്നതിൽ വലിയ രീതിയിൽ സഹായിച്ചില്ല. നിയമം പാലിക്കൽ ഉറപ്പാക്കാനുള്ള കഴിവില്ലായ്മയാണ് രണ്ട് നടപടികളിലെയും പ്രധാന പോരായ്മയെന്ന് എഡിൻബർഗ് സർവകലാശാല പഠനം കണ്ടെത്തി. പൊതുപരിപാടികൾ നിരോധിക്കുന്നത് ഏറ്റവും ഫലപ്രദമായ നടപടിയാണെന്ന് ലാൻസെറ്റ് ജേണലിൽ എഴുതിയ ഗവേഷകർ അഭിപ്രായപ്പെട്ടു. രോഗപ്രതിസന്ധിയുടെ തുടക്കത്തിൽ വലിയ കായിക മത്സരങ്ങളായ ചെൽട്ടൻഹാം ഫെസ്റ്റിവൽ, അറ്റ്ലെറ്റിക്കോ മാഡ്രിഡുമായുള്ള ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മത്സരം എന്നിവ നടത്തപ്പെട്ടു. 131 രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ നടപടികളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് എഡിൻ‌ബർഗിലെ ഹരീഷ് നായരുടെ നേതൃത്വത്തിൽ ഗവേഷണം നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“നിങ്ങൾ വീട്ടിൽ താമസിക്കാൻ ആളുകളോട് പറഞ്ഞാൽ അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വളരെ പ്രയാസമാണ്.” പ്രൊഫസർ പറഞ്ഞു. ബഹുജന പരിപാടികൾ നിരോധിക്കുകയോ സ്കൂളുകൾ അടയ്ക്കുകയോ ചെയ്യുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിന് സഹായമായിത്തീർന്നു. രോഗവ്യാപനം മന്ദഗതിയിലാക്കുന്ന വിവിധ നിയന്ത്രണങ്ങൾ ഗവേഷകർ പരിശോധിക്കുകയുണ്ടായി. ആർ റേറ്റ് കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം എല്ലാ പൊതു പരിപാടികളുടെയും നിരോധനമാണ്. വ്യത്യസ്ത നടപടികളുടെ സംയോജനം ആർ റേറ്റ് കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ കണ്ടെത്തി. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ ആണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. പൊതു പരിപാടികൾക്കും പത്തിലധികം പേർ ചേരുന്ന സമ്മേളനങ്ങൾക്കും ഉള്ള വിലക്കാണ് ആദ്യ നടപടി. ആർ റേറ്റ് ഒരു മാസം കൊണ്ട് 0.71ൽ എത്തുന്നതിനു ഇത് സഹായിക്കും. ജോലിസ്ഥലം അടയ്ക്കലും പൊതു പരിപാടികൾക്കും സമ്മേളനങ്ങൾക്കുമുള്ള നിരോധനം ആർ റേറ്റ് 0.62ൽ എത്തുന്നതിനു കാരണമാകും.

ജോലിസ്ഥലം അടയ്ക്കൽ, പൊതുപരിപാടികളുടെ നിരോധനം, പത്തിലധികം ആളുകളുടെ ഒത്തുചേരലിനുള്ള വിലക്ക്, യാത്രനിയന്ത്രണം എന്നിവ ആർ റേറ്റ് 0.58ൽ എത്തുന്നതിനു സഹായിക്കും. സ്കൂളും ജോലിസ്ഥലവും അടയ്ക്കൽ, പൊതു പരിപാടികളുടെ നിരോധനം, പത്തിലധികം പേരുടെ ഒത്തുചേരലിനുള്ള നിരോധനം, യാത്ര വിലക്ക്, വീട്ടിലിരിക്കാൻ ഉള്ള നിർദേശം എന്നിവ ആർ റേറ്റ് ഒരു മാസം കൊണ്ട് 0.48ൽ എത്തിക്കും. ഈ നാല് സംയോജന നടപടികളാണ് ഗവേഷകർ മുന്നോട്ട് വച്ചത്. ഏറ്റവും ശക്തമായ നാലാമത്തെ നടപടി ആർ റേറ്റ് 52 ശതമാനം കുറയുന്നതിനാണ് കാരണമാവുക. കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ മറ്റ് നടപടികളുടെ സ്വാധീനം ഗവേഷകർ പരിഗണിച്ചിട്ടില്ല. ഈ മാസം ആദ്യം 1.6 ആയി ആർ റേറ്റ് ഉയർന്നെങ്കിലും ഇപ്പോഴത് 1.3 നും 1.5 നും ഇടയിലാണ്. സർക്കാർ ഏർപ്പെടുത്തുന്ന ചില നിയന്ത്രണങ്ങൾ വലിയ സാമൂഹിക – സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഈ വിവരങ്ങൾ നിർണായകമാണ്.