ബിനോയ് ജോസഫ്
1984 ഒക്ടോബർ 31. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ ഒരു സാധാരണ ദിനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അന്ന് രണ്ട് പ്രധാന ഔദ്യോഗിക പരിപാടികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആക്ടറും ടെലിവിഷൻ അവതാരകനുമായ പീറ്റർ ഉത്സിനോവുമായുള്ള അഭിമുഖം രാവിലെയും പ്രിൻസസ് ആൻ ഓഫ് ബ്രിട്ടന്റെ ബഹുമാനാർത്ഥം ഒരുക്കിയിരിക്കുന്ന ഡിന്നർ വൈകുന്നേരവും. ടിവി ഇന്റർവ്യൂവിനുള്ള മേക്ക് അപ്പിനായായി ഡ്രെസ്സിംഗ് ടേബിളിൻറെ മുന്നിൽ ഇരുന്നു കൊണ്ട് ഡിന്നറിനുള്ള ഗസ്റ്റ് ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ദിരാഗാന്ധി തൻറെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ധവാന് നിർദ്ദേശങ്ങൾ നല്കി.
സമയം രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള സാരിയും കറുത്ത പാദരക്ഷയും അണിഞ്ഞ് ചുവപ്പ് കളറിലുള്ള ഒരു ബാഗും കൈയിലേന്തി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയുടെ ഔദ്യോഗി വസതിയായ 1, സഫ്ദർജംഗ് റോഡിൽ നിന്നും ഓഫീസായ 1, അക്ബർ റോഡിലേയ്ക്ക് പുറപ്പെട്ടു. ഇൻറർവ്യൂവിനായി പീറ്റർ ഉത്സിനോവ് അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. സൂര്യരശ്മികളിൽ നിന്ന് തണലേകാൻ ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗ് കുട ചൂടിച്ച് പ്രധാനമന്ത്രിയ്ക്ക് ഒപ്പം നടന്നു. ഗാർഡനിലൂടെ ഇന്റർവ്യൂ സ്ഥലത്തേക്ക് നടക്കവേ, ഉത്സിനോവുമായി നടത്തുന്ന ഇന്റർവ്യൂ ടേബിളിൽ ആ സമയം വയ്ക്കാനുള്ള ടീ സെറ്റുമായി നിൽക്കുന്ന സെർവ്വൻറിനെ കണ്ടു. അതു മാറ്റി മനോഹരമായ മറ്റൊന്ന് കൊണ്ടുവരാൻ ഇന്ദിരാഗാന്ധി നിർദ്ദേശിച്ചു. മനോഹരമായ പുൽത്തകിടിയുള്ള ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ നടപ്പാതയിലൂടെ 20 മീറ്ററോളം നടന്ന് ഒദ്യോഗിക വസതിയെയും ഓഫീസിനെയും വേർതിരിക്കുന്ന ഗേറ്റിൽ എത്തി.
സമയം രാവിലെ 9.09. ഗേറ്റിൽ സുരക്ഷയൊരുക്കി കാത്തു നിന്നിരുന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിയങ്കരനായ സബ് ഇൻസ്പെക്ടർ ബിയാന്ത് സിംഗ്. ഇന്ദിരാജിക്ക് ബിയന്ത് സിംഗിനെ പത്തു വർഷമായി നേരിട്ടറിയാം. ബിയന്തിനൊപ്പം ഗാർഡ് സത് വന്ത് സിംഗ്. പ്രധാന മന്ത്രിയുടെ സുരക്ഷാ ടീമിൽ ഈ 22 വയസുകാരൻ ചേർന്നിട്ട് അഞ്ചുമാസം മാത്രം. ഗേറ്റിൽ എത്തിയ ഇന്ദിരാഗാന്ധി ഗാർഡുകൾക്ക് നമസ്തേ പറഞ്ഞ് കരങ്ങൾ കൂപ്പി… ബിയാന്ത് സിംഗിൻറെ കൈയിലിരുന്ന റിവോൾവർ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേരെ ഉയർന്നു… 0.38 റിവോൾവർ മൂന്നു റൗണ്ട് വെടിയുതിർത്തു… ഒപ്പമുണ്ടായിരുന്ന സത് വന്ത് സിംഗിൻറെ കൈയിലെ സബ് മെഷീൻ ഗണ്ണും ഇന്ദിരാജിയുടെ നേരെ 30 റൗണ്ട് തീ തുപ്പി… ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാ ഗാർഡുകൾ തന്നെ വെടിവച്ചു വീഴ്ത്തിയ നിമിഷങ്ങൾ… ഭാരതാംബയുടെ നെഞ്ചിലേക്ക് ഇന്ത്യയുടെ വീരപുത്രി വെടിയേറ്റു വീണു…
വെടിയൊച്ച സഫ്ദർജംഗ് റോഡിൽ മാറ്റൊലി കൊണ്ടു. ബിയാന്ത് സിംഗും സത് വന്ത് സിംഗ് തോക്കുകൾ വലിച്ചെറിഞ്ഞു. “ഞാൻ ചെയ്യേണ്ടത് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്യാം”. ബിയാന്ത് സിംഗ് വിളിച്ചു പറഞ്ഞു. ഇൻഡോ-ടിബറ്റൻ പോലീസിലെ ഉദ്യോഗസ്ഥരായ ടാർസീൻ സിംഗ് ജാംവാലും രാം സരണും ചേർന്ന് ബിയാന്ത് സിംഗിനെ വെടിവച്ചു കൊന്നു. സത് വന്ത് സിംഗിനെയും സഹായി കേഹാർ സിംഗിനെയും മറ്റു സുരക്ഷാ ഗാർഡുകൾ ചേർന്ന് കീഴ്പ്പെടുത്തി.
വെടിയൊച്ച കേട്ട് സോണിയാ ഗാന്ധി സഫ്ദർജംഗ് റോഡിലെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തി. ഇന്ദിരാജിയുടെ സുരക്ഷാ ടീമിനെ ഡോക്ടറും ഉടനെയെത്തി. ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വെടിയേറ്റു വീണ ഇന്ദിരാ ഗാന്ധിയെ ഓദ്യോഗിക കാറിൽ കയറ്റി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് പാഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മടിയിൽ കിടത്തി മരുമകൾ സോണിയ വെളുത്ത അംബാസഡർ കാറിൽ എയിംസിലേക്ക്. വെസ്റ്റ് ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു മകൻ രാജീവ് ഗാന്ധി.
രാവിലെ 9.30. വെടിയേറ്റു വീണ ഇന്ദിരാഗാന്ധിയെ എയിംസിലെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. 33 വെടിയുണ്ടകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയിൽ 30 ഉം ശരീരത്തിൽ തറച്ചു. 23 എണ്ണം ശരീരത്തെ തുളച്ച് കടന്നു പോയി. ഏഴ് എണ്ണം ശരീരത്തിൽ തങ്ങി. 40 കുപ്പി രക്തം നല്കിയെങ്കിലും കരളും ശ്വാസകോശവും കിഡ്നിയും വെടിയുണ്ടയേറ്റ് തകർന്നതിനാൽ രക്ത സ്രാവം നിയന്ത്രിക്കാനായില്ല. രാവിലെ 11.25. ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു.
ഇന്ത്യയുടെ പ്രസിഡന്റ് സെയിൽ സിംഗിനെയും ലോക്സഭാ സ്പീക്കർ, സൈന്യാധിപന്മാർ, രാജീവ് ഗാന്ധി എന്നിവർക്ക് ഇന്ദിരാഗാന്ധി വെടിയേറ്റതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു കഴിഞ്ഞിരുന്നു. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും വാർത്താ പ്രക്ഷേപണം നിറുത്തി വച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ അരുതാത്തത് എന്തോ നടന്നെന്നും ഇന്ദിരാഗാന്ധി എയിംസിൽ ആണെന്നും ഉള്ള വാർത്ത ഡൽഹിയിലെങ്ങും പരന്നിരുന്നു. ഉച്ചയ്ക്ക് 2.20 ന് ഇന്ദിരാഗാന്ധിയുടെ മരണം ഔദ്യോഗികമായി എയിംസിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യാ മഹാരാജ്യം ആ വാർത്തയിൽ നടുങ്ങി. BBC ഇന്ത്യൻ സമയം ഒരു മണിയോടെ തന്നെ വാർത്ത പുറത്തു വിട്ടിരുന്നു. രാജീവ് ഗാന്ധി ഉച്ചയോടെ ഡൽഹിയിൽ തിരിച്ചെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. യെമനിൽ സന്ദർശനത്തിലായിരുന്ന രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് തിരിച്ചെത്തിയതിനു ശേഷം വൈകുന്നേരം 6.30 ന് ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.
ഇന്ത്യയുടെ യശസ്സുയർത്തിയ ധീരവനിത അറുപത്തി ആറാം വയസിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായി. 1917 നവംബർ 19 ന് ജവഹർലാൽ നെഹ്റുവിന്റെയും കമലാ നെഹ്റു വിന്റെയും മകളായി ജനിച്ച ഇന്ദിരാ പ്രിയദർശിനി ഗാന്ധി ചരിത്രത്താളുകളിൽ മറഞ്ഞു. ഡൽഹിയിലെ റോഡുകളിൽ തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഇന്ദിരാജിയുടെ ഭൗതിക ശരീരം ഗൺ കാര്യേജിൽ നവംബർ ഒന്നിന് തീൻ മൂർത്തി ഭവനിൽ എത്തിച്ചു. നവംബർ 3ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കടുത്ത് ശക്തിസ്ഥലിൽ ഇന്ദിരാഗാന്ധിയുടെ ഭൗതികദേഹം ഭാരതാംബയിൽ അലിഞ്ഞു ചേർന്നു.
ഇന്ദിരാജി വെടിയേൽക്കുന്നതിന്റെ തലേന്ന് ഒറീസയിലെ സെക്രട്ടറിയേറ്റിൻറെ മുൻപിലുള്ള പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു. “ഞാനിന്ന് ജീവനോടെയിരിക്കുന്നു. നാളെ അങ്ങനെ ആവണമെന്നില്ല. എൻറെ അവസാനശ്വാസം വരെ ഞാൻ സേവനം ചെയ്യും. മരിച്ചു വീഴുമ്പോൾ എനിക്ക് പറയാൻ സാധിക്കും, എൻറെ ഓരോ രക്തത്തുള്ളിയും ഇന്ത്യയെ പുഷ്ടിപ്പെടുത്തിയെന്നും ശക്തിപ്പെടുത്തിയെന്നും. രാജ്യ സേവനത്തിനിടെ മരിച്ചാൽ അതിൽ ഞാനഭിമാനിക്കും. ഏൻറെ ഓരോ തുള്ളി രക്തവും… രാജ്യത്തിൻറെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുകയും ശക്തിയും ഊർജ്ജസ്വലതയും നല്കുകയും ചെയ്യും”. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി.. ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ചത് 14 വർഷങ്ങൾ.
ഇന്ത്യയുടെ പ്രിയങ്കരിയായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണയിൽ ആദരാഞ്ജലികൾ.
Leave a Reply