ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഏറെക്കാലം ചർച്ചാ വിഷയമായിരുന്ന അസിസ്റ്റഡ് ഡൈയിങ്ങ് ബിൽ നിയമവിധേയമായി. ചരിത്രപരമായ വോട്ടെടുപ്പിൽ ബില്ലിനെ 330 എംപിമാരാണ് പിന്തുണച്ചത്. 275 പേർ എതിർത്ത് വോട്ട് ചെയ്തു. ഭൂരിപക്ഷം എംപിമാരും പിന്തുണച്ച് വോട്ട് ചെയ്തതോടെ ബിൽ സൂക്ഷ്മ പരിശോധനകൾക്കായി അയക്കപ്പെടും.
പ്രധാനമന്ത്രി കെയർ സ്റ്റാർമറും ചാൻസലർ റേച്ചൽ റീവ്സും ബില്ലിനെ പിൻതുണച്ചപ്പോൾ മറ്റ് ക്യാബിനറ്റ് അംഗങ്ങളായ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തു. അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് വോട്ടെടുപ്പ് നടന്നത്. മുൻ പ്രധാനമന്ത്രി ഋഷി സുനാക്, മുൻ ചാൻസലർ ജെറമി ഹണ്ട്, ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ, മുൻ ലേബർ നേതാവ് എഡ് മിലിബാൻഡ് എന്നിവരും ബില്ലിനെ പിന്തുണയ്ക്കുന്നവരാണ്. ടോറി നേതാവ് കെമി ബാഡെനോക്ക്, റിഫോം യുകെ നേതാവ് നൈജൽ ഫാരേജ്, ലിബ് ഡെം നേതാവ് സർ എഡ് ഡേവി, ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്‌നർ എന്നീ പ്രമുഖ നേതാക്കളും ബില്ലിനെതിരെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു.
മറ്റ് പാർലമെൻറ് നടപടികൾ കൂടി പൂർത്തിയായാൽ ബില്ല് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിധേയമായി മാറും. ആറ് മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് ഡോക്ടർമാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെടുന്ന മാരക രോഗമുള്ള വ്യക്തികൾക്ക് അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് ബിൽ. ലേബർ എംപി കിം ലീഡ്‌ബീറ്ററിൽ ഒരു സ്വകാര്യ ബില്ലായാണ് പാർലമെന്റിൽ അവതരിപ്പിച്ചത് . അതുകൊണ്ടാണ് പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിച്ചത് . ക്രിസ്ത്യൻ സഭയും നിരവധി സാമൂഹിക സംഘടനകളും ബില്ലിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ തന്നെ ബില്ലിനോട് എതിർ അഭിപ്രായമുള്ള ഒട്ടേറെ പേർ ഉണ്ടായിരുന്നു. ഭരണപക്ഷമായ ലേബർ പാർട്ടിയിൽ നിന്ന് 234 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 147 പേർ എതിർത്ത് വോട്ട് ചെയ്തു. മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിലെ 23 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 92 പേർ ബില്ലിന് എതിരായി ആണ് വോട്ട് ചെയ്തത്.
Leave a Reply