ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സിലെ എപ്പിങ്ങിലുള്ള ദി ബെൽ ഹോട്ടലിൽ അഭയം തേടുന്നവരെ താമസിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതിയുടെ താൽക്കാലിക നിരോധനം റദ്ദാക്കി കോർട്ട് ഓഫ് അപ്പീൽ. സെപ്റ്റംബർ 12 നകം 138 അഭയാർത്ഥികൾ സ്ഥലം വിട്ടുപോകണമെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാൽ ഈ വിധി കുടിയേറ്റക്കാർക്ക് മാറി താമസിക്കാനും മറ്റുമുള്ള വെല്ലുവിളികളെ അവഗണിച്ചുള്ളതായിരുന്നുവെന്ന് ലോർഡ് ജസ്റ്റിസ് ബീൻ പറഞ്ഞു. ഒക്ടോബർ പകുതിയോടെ സ്ഥിരമായി അഭയാർഥികൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ബില്ലിനെ സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ പൂർണ്ണ വാദം നടക്കും.
അതേസമയം എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗൺസിൽ, കേസുമായി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. സോമാനി ഹോട്ടൽസ്, നിലവിലെ നിയമങ്ങൾ ലംഘിച്ചാണ് സ്ഥലം അഭയ കേന്ദ്രമാക്കി മാറ്റിയതെന്ന് കൗൺസിൽ പറയുന്നു. കൗൺസിലിൻെറ ഈ തീരുമാനത്തെ വിമർശിച്ച് കൊണ്ട് മറ്റ് പാർട്ടി നേതാക്കൾ രംഗത്ത് വന്നിരുന്നു. നേരത്തെ നിരോധന വിധി പുറത്ത് വന്നത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു.
ജൂലൈ മുതൽ ആയിരക്കണക്കിന് ആളുകൾ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും ഹോട്ടലിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ പോലീസ് 28 പേരെ അറസ്റ്റ് ചെയ്യുകയും 16 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. ഹോട്ടലിൽ താമസിക്കുന്ന അഭയാർത്ഥി എത്യോപ്യയിൽ നിന്നുള്ള ഹദുഷ് കെബാട്ടു എന്ന വ്യക്തി 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്‌തതിനെ തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അതേസമയം അഭയാർഥികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഈ ഹോട്ടൽ വിട്ടു നൽകുന്നത് വലിയൊരു തിരിച്ചടിയായിരിക്കുമെന്ന് ഹോം ഓഫീസ് പറയുന്നു.
Leave a Reply