ലണ്ടന്‍: 1989ലെ ടിയാനന്‍മെന്‍ സംഭവത്തില്‍ പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ബ്രിട്ടീഷ് രഹസ്യരേഖ. ചൈനീസ് പട്ടാളം നടത്തിയ വെടിവെപ്പില്‍ ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് നയതന്ത്ര രേഖയാണ് വെളിപ്പെടുത്തുന്നത്. വെടിവെപ്പിന് 24 മണിക്കൂറുകള്‍ക്ക് ശേഷം തയ്യാറാക്കിയ രേഖയില്‍ ഇതേ വരെ നിലവിലുണ്ടായിരുന്ന കണക്കുകള്‍ക്ക് വിരുദ്ധമായി വിവരങ്ങളാണ് ഉള്ളത്. ടിയാനന്‍മെന്‍ വെടിവെപ്പില്‍ 5000 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു കണക്കുകള്‍.
മുറിവേറ്റ വിദ്യാര്‍ത്ഥിനികളെയുള്‍പ്പെടെ ബയണറ്റ് ഉപയോഗിച്ച് പട്ടാളക്കാര്‍ കുത്തിക്കൊന്നുവെന്നും മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ ഹോസുകളിള്‍ വെള്ളം പമ്പ് ചെയത് ഓടകളിലേക്ക് ഒഴുക്കിക്കളഞ്ഞുവെന്നും ബ്രിട്ടീഷ് രേഖ വിവരിക്കുന്നു. പരിക്കേറ്റ മൂന്ന് വയസുകാരിയായ മകളുടെ അടുത്തേക്ക് ഓടുകയായിരുന്നു അമ്മയെ വെടിവെച്ച് വീഴ്ത്തുന്നത് കണ്ടുവെന്നും ഈ രേഖയില്‍ പറയുന്നു. അന്ന് ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സര്‍ അലന്‍ ഡൊണാള്‍ഡ് 1989 ജൂണ്‍ 5ന് തയ്യാറാക്കിയ കേബിളാണ് ഇത്. ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന ഒരു നല്ല സുഹൃത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും കത്തില്‍ സര്‍ അലന്‍ ഡൊണാള്‍ഡ് വ്യക്തമാക്കുന്നുണ്ട്.
ഇപ്പോള്‍ യുകെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1989 ജൂണ്‍ 4-ാം തിയതി ബെയ്ജിംഗിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പ്രക്ഷോക്ഷത്തെ അടിച്ചമര്‍ത്താന്‍ കമ്യൂണിസ്റ്റ് ഭരണകൂടം പട്ടാളത്തെ നിയോഗിക്കുകയും അസോള്‍ട്ട് റൈഫിളുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം വെടിവെക്കുകയുമായിരുന്നു. 241 പേര്‍ മാത്രമേ മരിച്ചിട്ടുള്ളു എന്നാണ് ചൈന അവകാശപ്പെടുന്നതെങ്കിലും 5000 പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് ചൈന സപ്പോര്‍ട്ട് നെറ്റ് വര്‍ക്ക് പറയുന്നു.
Leave a Reply