54 യാത്രക്കാരുമായി പുറപ്പെട്ട ബസ് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. മധ്യപ്രദേശിലെ സീധി ജില്ലയിലാണ് അപകടം നടന്നത്. 32 പേരാണ് ബസ് അപകടത്തില്‍ മരണപ്പെട്ടത്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.
ബസ് പൂര്‍ണമായും കനാലില്‍ മുങ്ങുകയും ചെയ്തു. ഏഴുപേര്‍ കനാല്‍ തീരത്തേയ്ക്ക് നീന്തിക്കയറിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തല്‍ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.
ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്കാണ് ബസ് പോയത്. ഇതാണ് അപകടത്തിലേയ്ക്കും വഴിവെച്ചത്. ഇതേതുടര്‍ന്ന് ബാണ്‍സാഗര്‍ അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്‍സാഗര്‍ കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവല്‍ കനാലിലെ വെള്ളം തുറന്നുവിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം കൈമാറുകയും ചെയ്തു.
Leave a Reply