ലണ്ടൻ ∙ പതിനഞ്ചാം വയസിൽ നാടുവിട്ട് ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ബ്രിട്ടൻ പൗരത്വം നിഷേധിച്ചതോടെ വീണ്ടും ഈ വിഷയം സജീവ ചർച്ചയാകുന്നു. ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഷമീമ നൽകിയ അപ്പീൽ കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. ഇതോടെ ഇപ്പോൾ സിറിയയിൽ കഴിയുന്ന ഇവർക്ക് അവിടെ തന്നെ തുടരേണ്ടി വരുമെന്ന് ഏറെക്കുറേ ഉറപ്പായി. ബ്രിട്ടനിലേക്ക് മടങ്ങിയെത്തി ശിഷ്ടകാലം ഇവിടെ ജീവിക്കാനുള്ള അവരുടെ മോഹം ഉടനെങ്ങും നടക്കാൻ സാധ്യതയില്ല. ഷമീമയുടെ ജീവിത്തിലെ നിർണായക ഘട്ടങ്ങളിലൂടെ…
തീരുമാനത്തിനെതിരെ ഉടൻ തന്നെ അപ്പീൽ പോകുമെന്ന് ഷമീമയുടെ അഭിഭാഷകൻ ഡാനിയൽ ഫർണർ അറിയിച്ചു. അവരുടെ അവസ്ഥ മുൻപുള്ളതിലും അപകടത്തിലാണ്. ഇപ്പോൾ അവർ വടക്കൻ സിറിയയിലെ ഒരു അഭയർഥി ക്യാംപിലാണുള്ളത്. വലിയ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടാകുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.
ബ്രിട്ടൻ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായി തീരുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാൽ അവർക്ക് വേണമെങ്കിൽ ബംഗ്ലാദേശി പൗരത്വത്തിന് അവകാശമുണ്ടെന്നും സ്പെഷൽ ഇമിഗ്രേഷൻ അപ്പീൽ കമ്മിഷന്റെ നേതൃത്വത്തിലുള്ള ട്രീബ്യൂണൽ വ്യക്തമാക്കി. ഷമീമയുടെ അപ്പീൽ ട്രിബ്യൂണൽ തള്ളുകയും ചെയ്തു.
ഈസ്റ്റ് ലണ്ടനിൽനിന്നും പതിനഞ്ചാം വയസിൽ കൂട്ടുകാരികൾക്കൊപ്പം സിറിയയിലേക്ക് പാലായനം ചെയ്ത് ഐഎസിൽ ചേർന്ന ഷമീമ ഡച്ചുകാരനായ ഒരു ഭീകരന്റെ ഭാര്യയായി. ഇയാളിൽനിന്നും മൂന്നുതവണ ഗർഭം ധരിച്ചു. ഭർത്താവ് അവിടെ ജയിലിൽ ആയതോടെ ഷമീമ മൂന്നാമത്തെ കുഞ്ഞിനെ ഒമ്പതു മാസം ഗർഭിണിയായിരിക്കവേയാണ് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചത്.
മൂന്നാമത്തെ കുഞ്ഞിന് ബ്രിട്ടനിൽ ജന്മം നൽകണമെന്ന ആഗ്രഹം സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിയുമ്പോഴായിരുന്നു ഇവർ ഒരു മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇതിനെതിരേ ബ്രിട്ടനിൽ ശക്തമായ പ്രതിഷേധ സ്വരമുണ്ടായി. ജനവികാരം തിരിച്ചറിഞ്ഞ് ഷമീമയുടെ ആവശ്യം തള്ളിക്കളഞ്ഞ ബ്രിട്ടീഷ് സർക്കാർ ഉടൻതന്നെ അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേ അവർ സമർപ്പിച്ച അപ്പീലാണ് ഇമിഗ്രേഷൻ ട്രിബ്യൂണൽ തള്ളിക്കളഞ്ഞത്.
ബ്രിട്ടൺ പൗരത്വം റദ്ദാക്കി അധികം കഴിയുംമുമ്പേ അഭയാർഥി ക്യാംപിൽ വച്ച് ഷമീമ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും കുട്ടി ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചു. മുമ്പുണ്ടായ രണ്ടുകുട്ടികളും സമാനമായ രീതിയിൽ ജനിച്ചയുടൻ തന്നെ മരിച്ചിരുന്നു. ഭീകരപ്രവർത്തനത്തിനായി ബ്രിട്ടനിൽനിന്നും പോകുന്നവർ ഇവിടേക്ക് തിരിച്ചു വരേണ്ടതില്ലെന്ന ഹോം ഓഫിസിന്റെ കടുത്ത നിലപാടാണ് ഇപ്പോൾ 20 വയസുള്ള ഷമീമയുടെ തിരിച്ചുവരവിന് വഴിയടച്ചത്.
ഐഎസ് ഭീകരർക്കൊപ്പം ചേരാൻ ഇറങ്ങിപ്പുറപ്പെട്ടത് തെറ്റായിരുന്നുവെന്ന് ഷമീമ ബീഗം. അനുഭവിച്ച് മതിയായെന്നും ജയിലാണ് ഭേദം, അഭയം നൽകണമെന്നും നേരത്തെ അവർ രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. താനുൾപ്പെടയുള്ള പെൺകുട്ടികൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു. അതിഭീകരമാണ് അവസ്ഥ. ഉറ്റവരും ഉടയവരുമില്ല. കൂടെ പുറപ്പെട്ട് വന്ന കൂട്ടുകാരികളെല്ലാം ദാരുണമായി കൊല്ലപ്പെട്ടുവെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചെയ്ത കുറ്റത്തിന് വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാൻ ഞാൻ തയാറാണെന്നും ഷമീമ പറയുന്നു.
ആദ്യമായാണ് ഷമീമ പശ്ചാത്തപിക്കുന്നത്. ഐഎസിന്റെ ക്രൂരതകൾ നേരിട്ട് കണ്ടിരുന്ന ഷമീമ അതൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടേയില്ലെന്നായിരുന്നു മുൻപത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്. ഷമീമയ്ക്ക് സിറിയയിൽ വച്ചുണ്ടായ മൂന്ന് കുഞ്ഞുങ്ങളും മരിച്ചു പോയി. മാനസിക ആരോഗ്യം അപകടത്തിലാണെന്നും അവർ വ്യക്തമാക്കി. നരകയാതനയാണ് അനുഭവിക്കുന്നത്. അനുഭവിക്കുന്നതിനെക്കാൾ ക്രൂരമായ ഒരു ശിക്ഷയും തനിക്ക് ലഭിക്കാനില്ലെന്നും കരുണ കാണിക്കണമെന്നുമാണ് അവർ അഭിമുഖത്തിലൂടെ അഭ്യർഥിച്ചിരുന്നു.
Leave a Reply