അജിത്‌ പാലിയത്ത്

യുകെയിലെ സഹൃദയരായ മലയാളികളുടെ കൂട്ടായ്മയായ അഥേനിയം റൈറ്റേഴ്സ് സൊസൈറ്റിയുടെ കിരീടത്തില്‍ തുന്നി ചേര്‍ക്കാന്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. കേരളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ ശാലയായ ഡിസി ബുക്സുമായി ചേര്‍ന്ന് അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി നടത്തിയ സാഹിത്യ രചനാ മത്സരത്തില്‍ സമ്മാന ജേതാക്കളായവരുടെ പേര് വിവരങ്ങള്‍ ആണ് ബ്രിട്ടീഷ് മലയാളിയിലൂടെ ഇപ്പോള്‍ പുറത്ത് വിടുന്നത്. കഥയെയും കവിതയെയും ജീവന് തുല്യം സ്നേഹിക്കുന്ന മലയാളികള്‍ക്കുള്ള അംഗീകാരമായി മാറുകയായിരുന്നു ഈ മത്സരം. മികച്ച കഥയായി എക്‌സിറ്ററിലെ റിജു ജോണ്‍ എഴുതിയ ‘ഹണിമൂണ്‍’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച കവിത എഴുതി ഒന്നാം സ്ഥാനം നേടിയത് ന്യൂപോര്‍ട്ടിലെ സ്മിത ശ്രീജിത്ത് എഴുതിയ ‘ഓട്ടം’ ആണ്.

കഥയ്ക്കും കവിതയ്ക്കുമാണ് യുകെയിലെ പ്രവാസി മലയാളികളില്‍ നിന്ന് കൃതികള്‍ ക്ഷണിച്ചതെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും വരെ മത്സരത്തിലേക്ക് കൃതികള്‍ എത്തിയിരുന്നു. ഈ സാഹിത്യ മത്സരത്തിനെ എത്രകണ്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു കഥയിലും കവിതയിലും ലഭിച്ച അറുപതിനടുത്ത് കൃതികള്‍ സൂചിപ്പിക്കുന്നത്. യുകെയിലും കേരളത്തിലുമുള്ള സാഹിത്യമേഖലയിലെ പ്രഗത്ഭരായ അഞ്ച് വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്.

കഥാ മത്സര വിജയികള്‍:

കഥയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് എക്‌സിറ്ററിലെ – ആല്‍ഫിങ്ടണില്‍ താമസ്സിക്കുന്ന ‘റിജു ജോണ്‍’ എഴുതിയ ‘ഹണിമൂണ്‍’ എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ താമസ്സിക്കുന്ന ‘ബേസില്‍ ജോസഫ്’ എഴുതിയ ‘എന്‍ട്രി പാസ്’ ആണ്. മികച്ച മൂന്നാമത്തെ കഥയായി തിരഞ്ഞെടുത്തത് ലീഡ്‌സില്‍ താമസ്സിക്കുന്ന ‘രാജേന്ദ്ര പണിക്കര്‍’ എഴുതിയ ‘ഭ്രാന്ത് പൂക്കുമ്പോള്‍’ എന്ന കൃതിയാണ്. കോഴിക്കോട് നിന്നുള്ള ‘ഡോക്ടര്‍ ജാന്‍സി ജോസ്’ എഴുതിയ ‘ഏകാന്തതയില്‍ വിരിയുന്ന തണല്‍മരങ്ങള്‍’ മികച്ച നാലാമത്തെ കൃതിയായി. മികച്ച അഞ്ചാമത്തെ കഥയായി തിരഞ്ഞെടുത്തത് ഷെഫീല്‍ഡില്‍ നിന്നുള്ള ‘ബീന ഡോണി ‘ എഴുതിയ ‘ഒന്നാം സമ്മാനം കിട്ടിയ കഥ’ എന്ന രചനക്കാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കവിതാ മത്സര വിജയികള്‍:

കവിതയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് കാര്‍ഡിഫിനടുത്ത് ന്യൂപോര്‍ട്ടില്‍ താമസ്സിക്കുന്ന ‘സ്മിത ശ്രീജിത്ത്’ എഴുതിയ ‘ഓട്ടം’ എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റീവനേജില്‍ താമസ്സിക്കുന്ന ‘അനിയന്‍ കുന്നത്ത് ‘ എഴുതിയ ‘വാടക ചീട്ട്’ ആണ്. മികച്ച മൂന്നാമത്തെ കവിതയായി തിരഞ്ഞെടുത്തത് ഖത്തറിലെ ദോഹയില്‍ താമസ്സിക്കുന്ന ‘സബിത കെ’ എഴുതിയ ‘ആരാച്ചാര്‍’ എന്ന കൃതിയാണ്. നാലാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഒരേ മാര്‍ക്ക് വന്ന രണ്ടു പേരുടേതാണ്. സറെയിലെ എപ്‌സമില്‍ താമസ്സിക്കുന്ന ‘ലിജി സെബി’ എഴുതിയ ‘മൂന്നാമിടം’ വും കെന്റില്‍ നിന്നുള്ള ബീന റോയ് എഴുതിയ ‘പെണ്മയുടെ അവസ്ഥാന്തരങ്ങളുമാണ്’ നാലാം സ്ഥാനം പങ്കു വച്ചത്.

കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരനായ മാര്‍ട്ടിന്‍ ഈരേശ്ശേരില്‍, പ്രശസ്ത എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും തമിഴ് നാട്ടില്‍ താമസ്സിക്കുന്ന മലയാളിയായ സ്വപ്നാ നായര്‍, കേരളത്തിലെ എഴുത്തുകാരില്‍ അറിയപ്പെടുന്ന ബ്ലോഗ്ഗറും ചിന്തകനും സാഹിത്യ മേഖലയില്‍ ചിരപ്രതിഷ്ഠ നേടിയ മനു നെല്ലായ, യൂക്കേയിലും വിദേശത്തും അറിയപ്പെടുന്ന കവിയും കഥാകാരനും ബ്ലോഗ്ഗര്‍മാരുടെ തലതൊട്ടപ്പനുമായ മുരളീ മുകുന്ദന്‍, യുകെയിലും വിദേശത്തും അറിയപ്പെടുന്ന അഭിനേതാവും സംവിധായകനും സംഗീതജ്ഞനും എഴുത്തുകാരനുമായ കനേഷ്യസ് അത്തിപ്പൊഴി എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായ കൃതികള്‍ കണ്ടെത്തിയത്. മത്സരാര്‍ത്ഥികള്‍ അയച്ചുതന്ന കൃതികള്‍ എല്ലാം മികച്ച നിലവാരമാണ് പുലര്‍ത്തിയത്.

ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. അഥേനീയം അക്ഷരാഗ്രന്ഥാലയം ആദ്യം 2015 ല്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ വിജയികളായവര്‍ ഇന്ന് സാഹിത്യമേഖലയില്‍ മുന്‍നിരയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് അഭിമാനാര്‍ഹമായ കാര്യമാണ്. രണ്ടാമത്തെ സാഹിത്യ മത്സരത്തിലും പിന്തുണയേകിയ കേരളത്തിലെയും ഇന്ത്യയിലെ തന്നെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും മാനേജിങ് ഡയറക്റ്ററായ രവി ഡിസിയോടുള്ള അകമഴിഞ്ഞ നന്ദിയും സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്കുള്ള ഡി സി ബുക്‌സിന്റെ സമ്മാനവും മത്സരത്തിനു സമര്‍പ്പിച്ച കൃതികളില്‍ നിന്നും തിരഞ്ഞെടുത്ത സൃഷ്ടികള്‍ ചേര്‍ത്തുള്ള പുസ്തക പ്രകാശനവും പങ്കെടുത്തവര്‍ക്കുള്ള അനുമോദന യോഗവും ഈ വരുന്ന ഫെബ്രുവരി 24ന് നടത്തപ്പെടും. സ്ഥലവും സമയവും പിന്നീട് അറിയിക്കുന്നതാണ്.