സ്വന്തം ലേഖകൻ
ഫ്രാൻസ് :- ഫ്രഞ്ച് സിറ്റിയായ ലയനിൽ ഗ്രീക്ക് ഓർത്തോഡോക്സ് വൈദികനു നേരെ വെടി വെയ്പ്പ്. വെടിവെച്ച ശേഷം ഉടൻ തന്നെ ആക്രമണകാരി സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ആക്രമണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ആരംഭിച്ചു കഴിഞ്ഞു. തെക്കൻ നഗരമായ നീസിൽ മൂന്നു പേരെ പള്ളിക്കകത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് കുറച്ചു ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ വൈദികൻ ആക്രമണത്തിനിരയായിരിക്കുന്നത്.ഇതിനെ ഒരു ഇസ്ലാമിക തീവ്രവാദ ആക്രമണമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോൺ വിശേഷിപ്പിച്ചത്. ആരാധനാലയങ്ങൾ സംരക്ഷിക്കാനും മറ്റും നിരവധി പട്ടാളക്കാരെ അധികമായി നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മൂന്നു മണിയോടുകൂടി വൈദികൻ പള്ളി അടക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ വെടിയുതിർക്കപ്പെട്ടത്. വെടിവെച്ച ശേഷം ഉടൻ തന്നെ ആക്രമണകാരി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതായി പോലീസ് അധികൃതർ പറഞ്ഞു. ദൃക്‌സാക്സാക്ഷികളുടെ വിവരണമനുസരിച്ച് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി ലയനിലെ പബ്ലിക് പ്രോസിക്യൂട്ടർ നിക്കോളാസ് ജാകുറ്റ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് അദ്ദേഹത്തിന്റെ കയ്യിൽ ആയുധം ഒന്നും ഉണ്ടായിരുന്നില്ല.ഇദ്ദേഹം തന്നെയാണോ ആക്രമണകാരി എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
ആക്രമണത്തിനിരയായ വൈദികന്റെ പേര് നികോളാസ് കക്കവേലക്കിസ് എന്നാണെന്നു പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. വൈദികൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.വയറ്റിൽ ആഴത്തിൽ രണ്ടുതവണ അദ്ദേഹത്തിന് വെടിയേറ്റതായി അധികൃതർ അറിയിച്ചു. ഫ്രാൻസിലെ ജനങ്ങൾക്ക് എല്ലാവർക്കും തന്നെ അവരുടെ വിശ്വാസങ്ങൾ പിന്തുടരാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് ഉറപ്പുനൽകി.
Leave a Reply