തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിനു കാരണം മുന്‍ വൈരാഗ്യമെന്ന് പോലീസ്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായതായി തിരുവനന്തപുരം റൂറല്‍ എസ്.പി ഷഫീന്‍ അഹ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സന്തോഷ്, സതീഷ്, കിരണ്‍, വിനായക്, റെജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇനിയും രണ്ടുപേര്‍ പിടിയിലാകാനുണ്ടെന്നും എസ്്പി അറിയിച്ചു. ഇരു സംഘങ്ങളും തമ്മില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന വഴക്കുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കേസില്‍ പ്രതികളായ സതീഷ്, സന്തോഷ് എന്നിവരുടെ വീടിനു നേരേ ആക്രമണമുണ്ടായിരുന്നു. ഷെബീര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇതിന് ഉത്തരവാദികളെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരേ പട്ടാപ്പകല്‍ ആക്രമണം നടന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 307 തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വീഡിയോ റെക്കോര്‍ഡ് ചെയ്ത ദൃക്‌സാക്ഷിയുടെ പേര് സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്താനാവില്ലെന്നും എസ്.പി അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് വക്കം തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനു സമീപമായിരുന്നു അക്രമസംഭവം നടന്നത്. ബൈക്കിലെത്തിയ ഷെബീറിനെയും സുഹൃത്തിനെയും നാലംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. വടികൊണ്ട് തലങ്ങും വിലങ്ങും മര്‍ദനമേറ്റ ഷെബീര്‍(23) പിറ്റേന്ന് ആശുപത്രിയില്‍ മരിച്ചു. സുഹൃത്തുമൊത്തു ബൈക്കില്‍ നിലയ്ക്കാമുക്ക് ജംഗ്ഷനിലേക്ക് പോയ ഷെബീറിനെ അപ്പോള്‍ മുതല്‍ നിരീക്ഷിച്ചിരുന്ന സംഘം ഇവര്‍ മടങ്ങുമ്പോള്‍ കാത്തിരുന്നു ചാടി വീഴുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷെബീറിനെ കാറ്റാടിമുട്ട് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയാണു ഭീകരമായി മര്‍ദിച്ചത്. ആറംഗ സംഘത്തിലെ നാലു പേര്‍ ആക്രമണം നടത്തിയപ്പോള്‍ രണ്ടു പേര്‍ മാറി നിന്ന് നിരീക്ഷണം നടത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഷെബീറിന്റെ സുഹൃത്ത് വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപം പുഷ്പമന്ദിരത്തില്‍ ഉണ്ണിക്കൃഷ്ണന്‍ ഗുരുതര പരിക്കോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രധാന പ്രതികളായ നാലുപേരെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു.