ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കോലിയും ഷമിയുമൊക്കെ ചേർന്ന് ഏകദിന കപ്പ് വാനിലേക്കുയർത്തുന്നത് കാണാൻ മോഹിച്ച ജനസാഗരത്തിന് നിരാശ. അഹമ്മദബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കണ്ണീർ. ഏകദിന ലോകകപ്പിലെ ആറാം തമ്പുരാക്കന്മാരായി ഓസീസ് നെഞ്ചുംവിരിച്ചുനിന്നു. ലോകകപ്പിൽ ഉടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക്ക് കപ്പിൽ മുത്തമിടാൻ ഇനിയും വർഷങ്ങളുടെ കാത്തിരിപ്പ്. ആറാം ലോകകപ്പുമായി കങ്കാരുക്കള് മടങ്ങുമ്പോൾ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയിൽ ഇന്ത്യ. 2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറില് നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കൽ കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റൺസെടുത്തപ്പോൾ ലബൂഷെയ്ന് 58 റൺസ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. 47 റൺസിന് മൂന്ന് വിക്കറ്റെന്ന് പരാജയ മുഖത്ത് നിന്നാണ് ട്രാവിസ് ഹെഡും ഓസീസിനെ വിജയതീരത്തടുപ്പിച്ചത്.
പിടിച്ചുനിൽക്കാനാവാതെ ഇന്ത്യ
ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രാഹുലിന്റെയും കോലിയുടെയും അർധസെഞ്ചുറികളാണ് ഇന്ത്യയെ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 30 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ കൂട്ടിച്ചേർത്തത്. ഏഴു പന്തിൽ നാലു റൺസ് മാത്രമെടുത്ത ശുഭ് മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ആദം സാംപ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. രോഹിത് ശർമയും വിരാട് കോലിയും കൈകോർത്തെങ്കിലും മികച്ച പാർട്ട്ണർഷിപ്പ് ഉണ്ടാക്കാൻ സാധിച്ചില്ല. 31 പന്തുകളിൽ 47 റൺസാണ് രോഹിത് ശർമ നേടിയത്. സ്കോർ 76 ൽ നിൽക്കെ രോഹിത്തിനെ ഗ്ലെൻ മാക്സ്വെൽ പുറത്താക്കി. കോലി 56 പന്തുകളിൽനിന്ന് അർധ സെഞ്ചറി തികച്ചു. ടീമിന്റെയാകെ ഉത്തരവാദിത്തം ചുമലിലേറ്റിയ രാഹുൽ 86 പന്തുകളിൽനിന്ന് അർധ സെഞ്ചറി തികച്ചു. പക്ഷേ രാഹുലിന് പിന്തുണ ലഭിച്ചില്ല. 107 പന്തിൽ 66 റൺസാണ് രാഹുലിന്റെ സമ്പാദ്യം. ആദ്യ 94 പന്തുകളിൽ 100 പിന്നിട്ട ഇന്ത്യ 40.5 ഓവറുകളിലാണ് 200ലെത്തിയത്. സ്റ്റാർക്കിന്റെ റിവേഴ്സ് സ്വിങാണ് ഇന്ത്യയുടെ വേരറുത്തത്.
ആദ്യം പ്രതീക്ഷ, പിന്നീട് നിരാശ
മറുപടി ബാറ്റിങ്ങിൽ ഡേവിഡ് വാർണർ (മൂന്ന് പന്തിൽ ഏഴ്), മിച്ചൽ മാർഷ് (15 പന്തിൽ 15), സ്റ്റീവ് സ്മിത്ത് (ഒൻപതു പന്തിൽ നാല്) എന്നിവരെ പുറത്താക്കി ഇന്ത്യ വിജയപ്രതീക്ഷ നൽകിയെങ്കിലും ഹെഡിന്റെയും ലബുഷെയ്ന്റെയും തകർപ്പൻ കൂട്ടുകെട്ട് ഇന്ത്യൻ സ്വപ്നങ്ങളെ അടിച്ചുപറത്തി.
മികവോടെ ഇന്ത്യ
കപ്പില്ലെങ്കിലും ആരാധകമനസ്സിൽ നിറയെ ഇന്ത്യയുടെ ഗംഭീരപോരാട്ടങ്ങളാണ്. ഒരുടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിച്ച ടൂർണമെന്റായിരുന്നു ഇത്. തകർത്തടിച്ചുതുടങ്ങുന്ന രോഹിതും പ്രായത്തെ വെല്ലുന്ന ക്ലാസിക് ഷോട്ടുകളുമായി ഗില്ലും ഒരറ്റത്ത് നിലയുറപ്പിക്കുന്ന കോലിയും കൂട്ടുകെട്ട് പടുത്തുയർത്തുന്ന രാഹുലും മികച്ച ഫോം തുടർന്ന അയ്യരും ബോളിങ്ങിൽ അതിഗംഭീര പ്രകടനവുമായി സീം ത്രയങ്ങളായ ബുംമ്രയും ഷമിയും സിറാജും സ്പിൻ മാന്ത്രികതയിൽ കുൽദീപും ജഡേജയും. ഇങ്ങനെ എല്ലാവരും ചേരുന്നതാണ് ഇന്ത്യ. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്തത് ഓസ്ട്രേലിയ തന്നെ. എന്നാൽ ഇന്ത്യയ്ക്ക് തലയുയർത്തി മടങ്ങാം. അടുത്ത പോരാട്ടങ്ങൾക്കായി കച്ചമുറുക്കാം.
Leave a Reply