നിയമപോരാട്ടത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെതിരെ നേടിയ വിജയത്തിനും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ രക്ഷിക്കാനായില്ല. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഇതോടെ താരത്തെ ഉടൻ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തും. ഫലത്തിൽ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
അതേസമയം, ഓസീസ് സർക്കാരിന്റെ നടപടിക്കെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഈ മാസം 17ന് തുടങ്ങുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ശ്രമം. കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ ലീഗൽ ടീം സ്ഥിരീകരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് വീണ്ടും വീസ റദ്ദാക്കിയത്. ഇതോടെ ജോക്കോവിച്ച് ഉടൻ ഓസ്ട്രേലിയ വിടേണ്ടിവരും. മാത്രമല്ല, മൂന്നു വർഷത്തേക്ക് താരത്തിന് ഓസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല.
ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. സെക്ഷൻ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്ട്രേലിയയിൽനിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
Leave a Reply