മെൽബൺ: മെൽബൺ മലയാളികളെ ദുഃഖത്തിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട ലിജു ജോർജ്ജ് (47) വിടപറഞ്ഞു. മെൽബണിലെ ക്രൈഗ്‌ബൺ എന്ന സ്ഥലത്താണ് പരേതൻ കുടുംബസമേതം താമസിച്ചിരുന്നത്. പ്രാദേശിക സമയം ശനിയാഴ്ച്ച(9/ 10/ 2020) രാവിലെയാണ് ലിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിലെ പോഡ്‌സ്‌മൗത്തിൽ നിന്നും 2017 ൽ ആണ് ലിജുവും കുടുംബവും മെൽബണിലേക്ക്‌ കുടിയേറിയത്. ഭാര്യയും രണ്ട്‌ കുട്ടികളും അടങ്ങുന്നതാണ് പരേതന്റെ കുടുംബം. ഭാര്യ ബീന ലിജു. മക്കൾ ലിയ, ജെയ്‌ഡൻ.

പുതുപള്ളി ആണ്ടൂപ്പറമ്പിൽ എ സി ജോർജ്‌ജിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോർജിന്റെയും മകനാണ് പരേതനായ ലിജു. നാട്ടിൽ പുതുപ്പള്ളി തലപ്പാടി മാർത്തോമ്മാ പള്ളി ഇടവക അംഗമാണ്.

മെൽബൺ കോവിഡ് നിയന്ത്രണത്തിനായി ശക്തമായ ലോക്ക് ഡൗണിൽ ആണ് ഇപ്പോൾ ഉള്ളത്. പഠനം എല്ലാം ഓൺലൈനും കട കമ്പോളങ്ങൾ അടഞ്ഞുമാണ് ഇപ്പോൾ ഉള്ളത്. ഗ്രോസറി ഷോപ്പുകൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. നഴ്‌സായ ഭാര്യ ബീനയ്ക്ക് വെള്ളിയാഴ്ച്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. പതിവുപോലെ കോവിഡ് രോഗികൾ ഉള്ളതിനാൽ എന്നും വീട്ടിൽ എത്തി രാവിലെ കുളിച്ചതിന് ശേഷം മാത്രമാണ് ഭർത്താവിനും മക്കൾക്കും അരികിലെത്തുക പതിവ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ വീട്ടിൽ എത്തിയ ബീന കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയപ്പോൾ കണ്ടത് കമഴ്ന്നു കിടക്കുന്ന ഭർത്താവിനെയാണ്. അപകടം മനസിലാക്കിയ ബീന ഉടനടി സി പി ആർ കൊടുക്കുകയും എമർജൻസി വിഭാഗത്തെ അറിയിക്കുകയും ചെയ്‌തു. പെട്ടെന്ന് തന്നെ ആംബുലൻസ് സർവീസ് എത്തിയെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികൾ രണ്ടു പേരും അവരുടെ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു. ഹൃദയസ്‌തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ശക്തമായ കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ ശവസംസ്കാരം സംബന്ധമായ തീരുമാനം ഉണ്ടാവുകയുള്ളു എന്നാണ് മലയാളം യുകെ അറിയുന്നത്. പരേതന്റെ ഭാര്യ ബീനയുടെ സഹോദരനും സഹോദരിയും അവിടെ തന്നെയാണ് ഉള്ളത്. മരണവിവരം അറിഞ്ഞ് കുടുംബത്തിന് പൂർണ്ണ സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. മെൽബൺ മാർത്തോമ്മാ പള്ളി ഇടവകാംഗമാണ് പരേതനായ ലിജു.

ലിജുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.