ഓസ്ട്രിയയില്‍ ബ്രിട്ടീഷ് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചത് തടാകത്തിലെ ചെടികള്‍ കാലില്‍ കുടുങ്ങിയതിനെത്തുടര്‍ന്നെന്ന് സ്ഥിരീകരണം. സഹോദരിമാരുടെ മക്കളായ ജോയല്‍ അനിയന്‍കുഞ്ഞ് (19), ജെയ്സണ്‍ വര്‍ഗീസ് (15) എന്നിവരാണ് ബോട്ടിംഗിനിടെ തടാകത്തില്‍ മുങ്ങിമരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്. വിയന്നയിലെ ഓള്‍ഡ് ഡാന്യൂബില്‍ ഇവരുടെ കുടുംബങ്ങള്‍ ഹോളിഡേയ്ക്ക് എത്തിയതായിരുന്നു. ബോട്ടിംഗിനിടെ ജെയ്സണ്‍ തടാകത്തില്‍ നീന്താനിറങ്ങി. തടാകത്തിലെ ചെടികളില്‍ കാലുടക്കിയതിനെത്തുടര്‍ന്ന് ജെയ്സണ്‍ മുങ്ങിത്താഴുന്നത് കണ്ട് ജോയല്‍ രക്ഷിക്കാന്‍ ചാടുകയായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ ഇരുവരും ദാരുണമായി മുങ്ങി മരിച്ചു.
തന്റെ ഇളയ കസിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജോയലിന് ജീവന് വെടിയേണ്ടി വന്നത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ജെയ്സണിന്റെ പിതാവ് ഷിബു വര്‍ഗീസ് പറഞ്ഞു. ഇരുവരും ‘ചാച്ചന്’ എന്നായിരുന്നു പരസ്പരം വിളിച്ചിരുന്നത്. ഇരുവരും തമ്മില്‍ ഒരു കാര്യത്തിലും വഴക്കടിച്ചിരുന്നില്ലെന്നും സഹോദരങ്ങളായാണ് ജീവിച്ചിരുന്നതെന്നും ഷിബു പറഞ്ഞു. ബോള്‍ട്ടണില്‍ താമസിക്കുന്ന ഇരുവരുടെയും കുടുംബങ്ങള്‍ വിയന്നയിലുള്ള ബന്ധുക്കളുടെ വീടുകളില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. നീന്തുന്നതിനിടെ ജെയ്സണിന്റെ കാലുകള്‍ കുടുങ്ങുകയും ജെയ്സണ്‍ ഭയന്ന് നിലവിളിക്കുകയും ചെയ്തു.
അപ്പോള്‍ ജോയല്‍ സഹായത്തിനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ജെയ്സണെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോയലും മുങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ ബോട്ടിന് തൊട്ടടുത്ത് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഓസ്ട്രിയന്‍ എമര്‍ജന്‍സി സര്‍വീസിലെ 10 പോലീസ് ഡൈവര്‍മാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകുന്നേരത്തോടെ ജെയ്സണിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടു പിന്നാലെ ജോയലിന്റെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ബറി കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോയല്‍ ഒരു ഐടി കമ്പനിയില്‍ അപ്രന്റീസായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഫുട്ബോള്‍ പ്രേമിയായിരുന്ന ജെയ്സണ്‍ സമ്മര്‍ അവധിക്കു ശേഷം സെന്റ് ജെയിംസ് സി ഓഫ് ഇ ഹൈസ്കൂളില്‍ 11-ാം ക്ലാസില്‍ പഠനം ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു.
Leave a Reply