അദ്ധ്യായം – 19
ഇന്ത്യയുടെ ആയുധപ്പുര

ബിഹാറിലെ പ്രമുഖ കമ്പനിയാണ് ഭാരത് സ്പണ്‍ പൈപ്പ്. ഭൂമിക്കടിയിലൂടെ വെളളം കടത്തി വിടുന്ന വലിയ പൈപ്പുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. പാറ്റ്‌നയടക്കം പലയിടത്തും ഇവര്‍ക്ക് ഓഫിസ്സുകളുണ്ട്. അവര്‍ ഒരു സെക്രട്ടറിക്കായി പരസ്യം കൊടുക്കാനിരിക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. ഉടനടി കല്‍ക്കട്ടക്കാരന്‍, സെന്‍കുമാര്‍ ഗുപ്ത എന്ന ഓഫീസ് മാനേജര്‍, എനിക്ക് ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പിംഗ് ടെസ്റ്റ് തന്നു. ഞാനതില്‍ വിജയിച്ചു. എന്നെ നിയമിച്ചു കൊണ്ടുളള കത്ത് കയ്യില്‍ കിട്ടിയപ്പോള്‍ അവിടമാകെ വസന്തത്തിലെ വിടര്‍ന്ന പൂക്കളുടെ സൗരഭ്യമായിരുന്നു. എന്റെ ദുഖങ്ങളെല്ലാം ചിറകു വിടര്‍ത്തി പറന്നുപോയി. സന്തോഷം നിറഞ്ഞ ആ നിമിഷങ്ങളില്‍ വെളള പേപ്പറിലുടക്കിയ എന്റെ മിഴികള്‍ നിറഞ്ഞു വന്നു. കണ്ണുകള്‍ തുടച്ചു. പുറത്തെ പ്രകാശം പോലെ എന്റെ കണ്ണുകളും പ്രകാശിച്ചു.

അന്വേഷിച്ചാല്‍ കണ്ടെത്തുമെന്നുളള പാഠമാണ് എനിക്ക് ലഭിച്ചത്. ഞാനൊരു തെറ്റുകാരന്‍, മഹാപാപി എന്ന് മുദ്രയടിച്ചാലും ആ അപരാധങ്ങള്‍ക്കെല്ലാം മോക്ഷമാര്‍ഗ്ഗമായി മാറ്റിയത് ഈ വെളള പേപ്പറാണ്. ഗുപ്ത സാബ് എന്നെ അദ്ദേഹത്തിന്റെ മുറിക്കുളളിലിരുത്തി എന്റെ ജോലികളെപ്പറ്റി വിശദീകരിച്ചു തന്നു. വിടര്‍ന്ന മിഴികളോടെ ഞാനെല്ലാം കേട്ടു. അദ്ദേഹം കമ്പനിയുടെ മാനേജര്‍ മാത്രമല്ല, ഉന്നത സ്ഥാനം വഹിക്കുന്ന മോദിലാലിന്റെ സെക്രട്ടറി കൂടിയായിരിന്നു. ഇദ്ദേഹവും ഷോര്‍ട്ട് ഹാന്‍ഡില്‍ വിരുതനെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്നെ നിയമിച്ചിരിക്കുന്നത് ഡയറക്ടര്‍ സുബാഷ് ബാബുവിന്റെ സെക്രട്ടറിയായിട്ടാണ്. ഓഫിസ്സിലുളള എല്ലാവരേയും ഗുപ്ത സാബ് എന്നെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അഗാധമായ സ്‌നേഹത്തോടെ ആയിരുന്നു. ഒരു ബീഹാറിയേക്കാള്‍ ഒരു ബംഗാളിക്ക് മലയാളിയെ ഇഷ്ടമാണെന്ന് അപ്പോഴാണ് മനസ്സിലായത്.

ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിനടുത്തും ബംഗാളികളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. സ്‌നേഹവും ആദരവും അറിവും ലളിതമായ ജീവിത ശൈലിയുമുളളവര്‍, മാംസത്തെക്കാള്‍ മത്സ്യത്തെ ഇഷ്ടപ്പെടുന്നവര്‍. മത്സ്യത്തിന്റെ തലയാണ് ഇവര്‍ക്ക് ഏറെ ഇഷ്ടം. ഈശ്വരനും ആരാധനകളുമുളളവരാണെങ്കിലും മതത്തിലോ രാഷ്ടീയത്തിലോ അന്ധന്മാരല്ല. ഗുപ്തസാബിന്റെ പെരുമാറ്റം കണ്ടപ്പോള്‍ ഇതൊക്കെയാണ് എനിക്കു തോന്നിയത്. നിര്‍വ്യാജമായ സ്‌നേഹത്തോടെ പെരുമാറുന്നവരാണ് മലയാളികള്‍ എന്നവര്‍ക്കറിയാമായിരിക്കാം. ബംഗാളികളും മലയാളികളും അവരുടെ കാഴ്ച്ചപ്പാടുകളില്‍ സമാനതകള്‍ ഉളളവരാണ്. രവീന്ദ്രനാഥ് ടാഗോര്‍ ജനിച്ച നാട് സാഹിത്യത്തിലും സംസ്‌കാരത്തിലും വളരെ മുന്നിലാണെന്ന് എനിക്ക് മനസ്സിലായി. ആ സ്‌നേഹ സൗമ്യത ഗുപ്ത സാബിലും ഞാന്‍ കണ്ടു. ഒരു ജോലി കിട്ടിയപ്പോള്‍ എന്റെ ദാരിദ്ര്യമെല്ലാം മാറി ഞാനൊരു സമ്പന്നനായി റാഞ്ചയുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിതമാരംഭിച്ചു.

ദുര്‍വ്വയില്‍ എന്നെയോര്‍ത്ത് അസ്വസ്ഥരായി, ശത്രുക്കളായി കഴിഞ്ഞവര്‍ക്ക് എന്നെപ്പറ്റി യാതൊരു വിവരവും ലഭിക്കാതെയായി. ഞാന്‍ വീണ്ടും ജേണലിസം പഠിക്കാനായി മുമ്പ് പോയ സ്ഥാപനത്തില്‍ ചേര്‍ന്നു. ആ കൂട്ടത്തില്‍ തുടര്‍ പഠനത്തിനായി റാഞ്ചി കോളജില്‍ ഈവനിംഗ് ക്ലാസ്സുകള്‍ക്കു ചേര്‍ന്നു. ഭൂതകാലത്തുണ്ടായ അനുഭവങ്ങള്‍ നൊമ്പരമായി എന്നെ പിന്‍ തുടര്‍ന്നുകൊണ്ടിരിന്നു. അത് നന്മയും തിന്മയുമായിട്ടുളള ഒരു പോരാട്ടമായിട്ടേ ഞാന്‍ കണ്ടുളളൂ. മുമ്പുണ്ടായ അനുഭവങ്ങളൊക്കെ ഞാനിപ്പോള്‍ മറക്കാനാണ് ശ്രമിക്കുന്നത്. ഓഫിസ്സില്‍ ഫോണുളളതു കൊണ്ട് എനിക്ക് കുര്യന്‍ സാര്‍, ബാലന്‍, ജോസഫ് സാര്‍, ജ്യേഷ്ഠന്‍, അച്ചന്‍കുഞ്ഞ് അങ്ങനെ പലരെയും വിളിച്ച് സ്‌നേഹാന്വേഷണങ്ങള്‍ പങ്കുവയ്ക്കാം. കുര്യന്‍ സാര്‍ പറഞ്ഞത് അവര്‍ അവതരിപ്പിച്ച നാടകം കല്‍ക്കട്ട മലയാളി സമാജവും അവതരിപ്പിക്കാന്‍ തയ്യാറായി എന്നാണ്.

പുതിയ നാടകം എവിടെ വരെയായി എന്നതിന് എനിക്ക് ഉത്തരമില്ലായിരുന്നു. ജീവിത ദുരിതങ്ങളില്‍ പിടഞ്ഞു കൊണ്ടിരുന്ന എനിക്ക് ഒന്നും എഴുതാന്‍ കഴിഞ്ഞിരുന്നില്ല. വറ്റി വരണ്ടിരുന്ന എന്റെ മനസ്സില്‍ അക്ഷരങ്ങള്‍ മുളച്ചു തുടങ്ങി. അതു വളര്‍ന്ന് മലരുകളായി മാറി. വീണ്ടും റാഞ്ചി മലയാളി അസ്സോസ്സിയേഷന്റെ മലയാളി മാസികയില്‍ ഞാന്‍ കഥകളും കവിതകളും എഴുതിത്തുടങ്ങി. കുര്യന്‍ സാര്‍ പറഞ്ഞതനുസരിച്ച് കല്‍ക്കട്ടയിലെ മലയാളം പ്രസിദ്ധീകരണങ്ങള്‍ക്കും ഞാന്‍ സാഹിത്യ സൃഷ്ടികള്‍ അയച്ചു. അവരുടെ ഒരു മാസികയില്‍ എന്റെയൊരു കവിത അച്ചടിച്ചു വന്നത് കണ്ട് അഭിമാനം തോന്നി. ഒരു മാസിക മാത്രമേ പോസ്റ്റുവഴി ലഭിച്ചുളളൂ. പിന്നീട് ഒന്നും വന്നില്ല. അതില്‍ എനിക്ക് കുണ്ഠിതം തോന്നിയില്ല. അയക്കുന്നതൊക്കെ സാഹിത്യ സൗന്ദര്യമുളളതാകണമെന്നില്ല. ഒരു വിഷയമെടുത്ത് സാധാരണ ഭാഷയില്‍ എഴുതി വിട്ടാല്‍ അതു സാഹിത്യമാകില്ലെന്ന് കേരള യുവ സാഹിത്യ സഖ്യത്തന്റെ ചര്‍ച്ചകളില്‍ ഞാന്‍ കേട്ടിട്ടുണ്ട.് സമൂഹത്തില്‍ സാഹിത്യകാരന്‍മനുഷ്യന്റെ ഉറ്റ തോഴനായി മാറിയാലേ മനുഷ്യഹൃദയങ്ങളില്‍ ഇടം നേടാന്‍ കഴിയൂ.

ഇന്ന് എന്നെ തളച്ചിടുന്നത് രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് സമയമില്ലായ്മ. വൈകിട്ടുളള ക്ലാസ്സുകള്‍ കഴിഞ്ഞ് അത്താഴം കഴിച്ചു വരുമ്പോഴേക്കും പത്തു മണികഴിയും . വീട്ടിലേക്കും സുഹൃത്തുക്കള്‍ക്കും കത്തെഴുതാന്‍ കുറച്ചു സമയം മാറ്റിവയ്ക്കും. അതു കഴിഞ്ഞാണ് സാഹിത്യരചന അതൊരു സ്വപ്‌ന ലോകമാണ്. അവിടെ പ്രകൃതിയുടെ സൗന്ദര്യവും അസത്യത്തിന്റെ ചാട്ടവാറടിയുമാണ് കടന്നുവരുന്നത്. ചവിട്ടി മെതിക്കപ്പെടുന്ന ജീവിതങ്ങള്‍ ഒരു ദുരന്തമായി കണ്ടുകൊണ്ടിരിക്കുമ്പോഴെല്ലാം രാത്രിയുടെ യജമാനന്‍ ഉറക്കത്തിനായി ക്ഷണിക്കും. രാത്രിയുടെ ആശിര്‍വ്വാദം വാങ്ങി കണ്ണടയ്ക്കും. അരുണോദയം കാണുമോ ഇല്ലയോ അതൊന്നുമറിയില്ല. കണ്ണുതുറന്നാല്‍ മഹാഭാഗ്യം. മറ്റൊന്ന്, പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുന്നില്ല. അപ്പോഴൊക്കെ എന്നെ വായനയില്‍ വഴി നടത്തിയ നൂറനാട് ലെപ്രസ്സീ സാനിറ്റോറിയം കടന്നുവരും. കാവ്യലോകത്ത് മാത്രമല്ല ജീവിതത്തിലും വായനയില്ലെങ്കില്‍ വെറും ആത്മാവില്ലാത്ത ശരീരം പോലെയാണ്. വായനയെന്നും വിലപ്പെട്ട അറിവുകളാണ് സമ്മാനിക്കുന്നത്.
ദുര്‍ഗ്ഗ പൂജയ്ക്ക് ഒരാഴ്ച്ച അവധിയുണ്ടായിരുന്നു. ബീഹാറിലെ പ്രധാനപ്പെട്ട ആഘോഷമാണിത്. അപ്പോഴാണ് എച്ച്. എച്ച്. ഇ. സി ഫാക്ടറി പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നത്. ഇന്ത്യയുടെ ആയുധമുണ്ടാക്കുന്ന സ്ഥാപനമായതിനാല്‍ അതീവ സുരക്ഷയാണ്. വലിയ ആഗ്രഹമായിരുന്നു ഈ ആയുധപ്പുര കാണണമെന്നുളളത്. റാഞ്ചിയില്‍ നിന്ന് ദുര്‍വ്വയിലേക്ക് ബസ്സു കയറി സെക്ടര്‍ മുന്നിലിറങ്ങി ഫാക്ടറി കാണാനായി ഒരു കിലോമീറ്റര്‍ നടന്നു. എച്ച്. ഇ. സിയുടെ ഓരോ വഴികളും സുന്ദരങ്ങളാണ്. റോഡിന്റെ ഇരു ഭാഗങ്ങളില്‍ മരങ്ങള്‍ ഒരേ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നതു കാണാനും അഴകാണ്. ഫാക്ടറിക്കുളളിലെ ഭീമാകാരങ്ങളായ മെഷീനുകള്‍ കണ്ടപ്പോള്‍ എന്റെയുളളില്‍ നിറഞ്ഞത് രാജ്യം നേടിയ സമൃദ്ധിയുടെ സന്തോഷമല്ല, മറിച്ച് ഭീതിയും ഉത്കണ്ഠയുമാണ്. ഒരു രാജ്യം ഒരുന്നത ശക്തിയായി മാറുന്നത് അവരുടെ ആയുധ ബലത്തിലെന്നു ഞാന്‍ മനസ്സിലാക്കി. റഷ്യയുടെ സഹായത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആയുധങ്ങള്‍ കണ്ട് ഞാന്‍ മണിക്കൂറുകളോളം നടന്നു.

ഇതിനുളളില്‍ കണ്ടത് സ്‌നേഹത്തിന്റെ മുഖമല്ല നാശത്തിന്റെയും അഗ്നിജ്വാകളുടെയും മുഖമാണ്. മനഷ്യരിലെ അക്രമാസക്തിയും അത്യാഗ്രഹവും അനീതിയും പോലെ ഓരോ രാജ്യവും അതിനെ പ്രോത്സാഹപ്പിക്കുന്നു. ഈ ഭരണാധിപന്മാരുടെ മനസ്സ് ആയുധപ്പുരകളാണ്, കത്തിച്ച് ചാമ്പലാക്കുക. മാസങ്ങളും വര്‍ഷങ്ങളുമെടുത്ത് തീര്‍ത്തു കൊണ്ടിരിക്കുന്ന ഈ യുദ്ധ ഉപകരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ചോരപ്പാടുകള്‍ തന്നെയാണ്. നിര്‍ദ്ദയമായി ജീവനെടുക്കുന്ന ആയുധങ്ങള്‍. നിസ്സഹായനായി മനസ്സിനേറ്റ മുറിവുകളുമായി മൂന്നു മണി കഴിഞ്ഞ് പുറത്തിറങ്ങി താമരക്കുളം വാസുപിളളയുടെ ക്വാര്‍ട്ടറിലേക്കു നടന്നു. നടക്കുമ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞത് മനഷ്യന്റെ അക്രമവാസനയും യുദ്ധവുമാണ്. ആരാണ് ഈ മണ്ണിലെ ക്രൂരന്മാര്‍. മനുഷ്യന്റെ ജീവനെടുക്കുന്നവന്‍ മനുഷ്യനാണോ. മറ്റൊരു ജീവനെ സംരക്ഷിക്കുന്നവനാണ് മനുഷ്യന്‍.

രാജ്യത്തിന്റെ ഭദ്രതയ്ക്കും സുരക്ഷയ്ക്കും അതിര്‍ത്തികളില്‍ കാവല്‍ക്കാര്‍ പോരേ?. ഒരു രാജ്യത്തിന്റെ ശക്തിയും പ്രൗഢിയും സൗന്ദര്യവും കാട്ടേണ്ടത് ദാരിദ്ര്യം, പട്ടിണി, മാറാരോഗങ്ങള്‍ മുതലായവ തുടച്ചു മാറ്റുമ്പോഴാണ്. യുദ്ധകൊതിയന്മാരായ ഭരണാധികാരികള്‍ യുദ്ധം നടത്തുന്നത് സ്വന്തം താല്‍പര്യത്തിനാണ്. ഇവര്‍ യുദ്ധോപകരണങ്ങള്‍ വിറ്റ് രാജ്യത്തെ കൊളളചെയ്യുന്നവരാണ്. ദേശ സ്‌നേഹികള്‍ ഒരിക്കലും മനുഷ്യനെ യുദ്ധത്തിലേക്കോ, അനീതിയിലേക്കോ, അഴിമതികളിലേക്കോ നയിക്കില്ല. ജീവിതത്തിലെ എല്ലാ നന്മകളും തിന്മകളും ഒരു വ്യക്തിയിലാണ് . നല്ല മനുഷ്യര്‍ ഒരിക്കലും മരണവഴിയുടെ ഉപാസകരായിരിക്കില്ല. മറിച്ച് മനഷ്യന്റെ, ഈശ്വരന്റെ, നന്മയുടെ ഉപാസകരായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാസുദേവന്‍പിളള താമസ്സിക്കുന്നത് സെക്ടര്‍ മുന്നിലാണ്. ഞങ്ങള്‍ താമരക്കുളം പഞ്ചായത്തിലുളളവരാണ്. ചാരുംമൂട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ഉണ്ട് പിളള താമസ്സിക്കുന്ന തറയില്‍ (വസന്താലയം) വീട്ടിലേക്ക് ഇത് ചാവടിക്കടുത്താണ്. ജ്യേഷ്ഠന്റെ അടുത്ത സുഹൃത്തുകൂടിയാണ്. എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ചോദിച്ചു. അല്ല ഇതാര് ഞങ്ങളുടെ ഗുണ്ടാ നേതാവോ. നീ എവിടെയാ, എന്തായാലും നീ ഇവിടെ ഇല്ലാത്തത് നന്നായി. ഇപ്പോള്‍ അപ്പുവിന്റെ കടയില്‍ ഗുണ്ടാ ശല്യമില്ല. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ പിളളച്ചേട്ടന്റെ ഭാര്യ സരസ്വതിയമ്മ ചായയും മധുര പലഹാരങ്ങളുമായെത്തി വിശേഷങ്ങള്‍ ചോദിച്ചു. മുമ്പൊരിക്കല്‍ ഞാനവിടെ വന്നിട്ടുണ്ട്. പിളളച്ചേട്ടന്‍ പിന്നീട് ചോദിച്ചത് എന്റെ നാടകത്തെപ്പറ്റിയാണ്. മലയാളി മാസികയില്‍ വരുന്നത് വായിക്കാറുണ്ടെന്നും കൂടുതലായി അതില്‍ ശ്രദ്ധിക്കാനും എന്നെ ഉപദേശിച്ചു.

അവിടെ നിന്നു പോയത് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലേക്കാണ്. അവിടെ ചെല്ലുമ്പോള്‍ ഹട്ടിയിയല്‍ നിന്നുളള രാജുവുമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ വീട്ടിലില്ലായിരുന്നു. അസ്സോസ്സിയേഷന്റെ കമ്മിറ്റി മീറ്റിംഗിന് പോയിരിക്കുന്നു. രാജു ക്ഷേമാന്വേഷണം നടത്തി. ജ്യേഷ്ഠത്തി എന്നെ ഉറ്റു നോക്കിയിട്ട് പുതിയ ജീവിതത്തെപ്പറ്റി ആരാഞ്ഞു. ഞാനും അപ്പുവിനെപ്പറ്റി ചോദിച്ചു. അതിനു കിട്ടിയ മറുപടി, നീ ഇവിടുന്ന് പോയതിന് ശേഷം അവിടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആ വാക്കുകളിലും കണ്ണിലും ഇനിയും ഒരു പ്രശ്‌നമുണ്ടാക്കാന്‍ ദയവായി അങ്ങോട്ടു പോകല്ലേ എന്നായിരുന്നു. അവിടുത്തെ മിക്ക ഹോട്ടലുകളിലും ജോലിക്കാരായി ഗുണ്ടകളെ വച്ചിട്ടുണ്ട്. ഞാന്‍ മറുപടി പറഞ്ഞു. എന്തായാലും ഗുണ്ടാപണിക്കു പോകുന്നില്ല, അതു പോരെ.

ജ്യേഷ്ഠത്തി ശാസനാ രൂപത്തില്‍ പറഞ്ഞു. പൊന്നമ്മയും ലീനോസും രംഗാര്‍ഡില്‍ ട്രാന്‍സ്ഫറായി വന്നിട്ടുണ്ട്. പറ്റുമെങ്കില്‍ നീ ഒന്നു പോ. തങ്കച്ചായന് നിന്ന് തിരിയാന്‍ സമയം ഇല്ല. എപ്പോഴും കമ്മിറ്റി ഒന്നുകില്‍ അസ്സോസ്സിയേഷന്‍ കമ്മിറ്റി അല്ലെങ്കില്‍ പളളി കമ്മിറ്റി. ഉടനെ രാജു പറഞ്ഞു, പളളിയുടെ ട്രഷററായിരിക്കുമ്പോള്‍ കമ്മിറ്റിക്കു പോകാതിരിക്കാന്‍ പറ്റുമോ. എച്ച. ഇ.സിയിലെ മര്‍ത്തോമ്മക്കാരെല്ലാം ചേര്‍ന്നാണ് സെന്റ് തോമസ്സ് മാര്‍ത്തോമ്മാ സ്‌കൂളുണ്ടാക്കിയത്. അതില്‍ പ്രമാണിമാരില്‍ ഒരാളാണ് ജ്യേഷ്ഠന്‍. പണി തീര്‍ത്ത് ആരാധന തുടങ്ങിയതിനു ശേഷം അവര്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചു. രാജു കളിയാക്കിപ്പറഞ്ഞു. പളളി തുടങ്ങി, ഇപ്പം നടക്കുന്നത് തമ്മിലടിയാ, അച്ചനാ ഒരു ഗ്രൂപ്പിന്റെ നേതാവ്. നാട്ടിലെ തനി സ്വഭാവം. തങ്കച്ചന്‍ റ്റൈറ്റസ്, കാപ്പില്‍ തോമസ്, ടോമി ഗ്രൂപ്പെന്നാ കേട്ടത് ജ്യേഷ്ഠത്തി നിസ്സാരമായി പറഞ്ഞു. അതു പിന്നെ കാണാതിരിക്കുമോ. രാജു പറഞ്ഞു, ഇവനൊക്കെ എന്തിനാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. സോമാ നിനക്ക് പറ്റുമെങ്കില്‍ ഈ കളളക്കൂട്ടത്തെപ്പറ്റി ഒരു നാടകമെഴുത്. രാജു ചിരിക്കുന്ന കൂട്ടത്തില്‍ ഞാനും ഊറിച്ചിരിച്ചു.

ജ്യേഷ്ഠത്തി അളിയന്റെ കത്ത് എന്നെ ഏല്‍പിച്ചിട്ടു പറഞ്ഞു, ഈ അഡ്രസ്സ് എഴുതിയെടുക്ക്. ഞാന്‍ പോക്കറ്റിലിരുന്ന പേനയെടുത്ത് അഡ്രസ്സ് എഴുതി എടുത്തിട്ട് പോകാനായി എഴുന്നേറ്റു. ഇരിക്കെടാ ചായ ഇടാം. ഞാന്‍ വേണ്ടെന്നു പറഞ്ഞു അവരോട് യാത്ര പറഞ്ഞിറങ്ങി. റോഡില്‍ ജ്യേഷ്ഠന്റെ മക്കള്‍ ജയയും മിനിയും മറ്റു ഹിന്ദിക്കാരുടെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നു. എന്റെ കണ്ണീരും, നെടുവീര്‍പ്പുകളും, പ്രതിസന്ധികളും കണ്ട ദേശത്തിലൂടെ നടന്ന് പോസ്റ്റ് ഓഫീസിന്റെ മുന്നിലെത്തി ദുര്‍വ്വയില്‍ നിന്നുളള ബസ്സ് കാത്തു നിന്നു.റോഡിലൂടെ പല ദേശക്കാരും സൈക്കിളില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. എല്ലാ വീടുകളിലും സൈക്കിള്‍ ഉണ്ട്. എല്ലാവരുടേയും യാത്രാവാഹനം സൈക്കിളാണ്. എല്ലാ റേഡുകളിലും മുന്നോട്ടു ചവിട്ടി വിടുന്ന സൈക്കിള്‍ റിക്ഷകളുമുണ്ട്. കാറുകള്‍ ഓടുന്നത് വളരെ വിരളമായിട്ടേ കണ്ടിട്ടുളളൂ. അതുണ്ടെങ്കില്‍ എച്ച്. ഇ. സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആയിരിക്കും. എന്റെ ചെറുപ്പത്തില്‍ എന്റെ നാട്ടിലും കാറുകള്‍ ഇല്ലായിരിന്നു.

റാഞ്ചിയില്‍ എത്തിയതിനു ശേഷം ഞാനെന്റെ പഠന വിഷയത്തിലും എഴുത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ഇതിനിടക്ക് ഒരു ദിവസം രാവിലെ രംഗാര്‍ഡിലേക്ക് ബസ്സില്‍ യാത്ര തിരിച്ച. ഓമനയെ കാണാന്‍ പോയതും ഇതുവഴിയാണ്. കത്തുകളിലൂടെ ഞങ്ങളുടെ മനസ്സും സ്‌നേഹവും ദൃഢമായിക്കൊണ്ടിരുന്നു. പ്രപഞ്ച സൗന്ദര്യം പോലെ എന്നും ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നത് ധന്യമായ സ്‌നേഹമാണ്. സ്‌നേഹത്തിലൂടെ ഹൃദയത്തെ കണ്ടെത്തുന്ന യാത്ര തുടരുന്നു. അളിയന്‍ ലിനോസ് മിലിട്ടറിയിലെ ഹവില്‍ദാരാണ്. എന്റെ സഹോദരി പൊന്നമ്മയും മകള്‍ ലാലിയുമാണ് പഞ്ചാബില്‍ നിന്ന് ഇവിടേക്ക് വന്നിരിക്കുന്നത്. അളിയന്‍ ഇന്ത്യ, ചൈന, പാക് യുദ്ധങ്ങളിലൊക്കെ പങ്കെടുത്ത ഒരു ധീരപോരാളിയാണ്. ബസ്സിലിരുന്നു ചിന്തിച്ചത്, പാവപ്പെട്ട യുവാക്കളായ സൈനികരെപ്പറ്റിയാണ്. ലോകത്തമ്പാടും ഇതിനകം ലക്ഷക്കണക്കിന് ജീവനാണ് പൊലിഞ്ഞത്.

വിവേകമില്ലാത്ത ഭരണാധികാരികള്‍ ശീതോഷ്ണബാധകള്‍ ഏല്‍ക്കാത്ത മുറികളിലിരുന്ന് വികസിപ്പിച്ചെടുക്കുന്ന യുദ്ധമുറകള്‍ക്ക് രക്തം ചിന്തുന്നവര്‍. ദുരാഗ്രഹം ദുര്‍ബലനായ ഭരണാധികാരിയെ കീഴപ്പെടുത്തുന്നു. അവരുടെ നിഗൂഢ ലക്ഷ്യങ്ങള്‍ക്ക് വില കൊടുക്കേണ്ടത് നിരപരാധികളാണ്. എത്രയെത്ര കുടുംബങ്ങളെയാണ് ഇവര്‍ അനാഥരാക്കുന്നത്. ശക്തിയും ബുദ്ധിയുമുളള തലച്ചോറിനു മാത്രമേ നല്ലൊരു സമൂഹത്തെ, പുതിയൊരു ലോകത്തെ സൃഷ്ടിക്കാന്‍ സാധിക്കയുളളൂ. അങ്ങനെയുളളവര്‍ വെറി പൂണ്ട യുദ്ധക്കൊതിയന്മാരായിരിക്കില്ല. സമൂഹത്തെ സങ്കീര്‍ണതയിലേക്ക്, യുദ്ധങ്ങളിലേക്ക് തളളി വിടുന്നവരെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. അതറിഞ്ഞാല്‍ എല്ലാ യുദ്ധങ്ങളും ഈ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാന്‍ കഴിയും. മനസ്സില്‍ തളം കെട്ടി കിടന്ന യുദ്ധത്തിന്റെ മുറിവുകള്‍ ബസ്സ് മലയിടുക്കുകളില്‍ എത്തിയപ്പോള്‍ അപ്രത്യക്ഷമായി. മുമ്പ് ഹസാരിബാഗിലേക്ക് പോകുമ്പോഴും ഇവിടുത്തെ കാടും പാറക്കെട്ടുകളും കണ്ടിരുന്നു. രംഗാര്‍ഡ് ബസ്സ് സ്റ്റോപ്പിലെത്തി പുറത്തേക്ക് നടന്നു. റാഞ്ചി ബസ്സ് സ്റ്റേഷന്‍ പോലെ വലിയൊരു സ്‌റ്റേഷനല്ല. ചിലരോട് മിലിട്ടറി ക്യാമ്പ് ചോദിച്ചു നടന്നു. രാഗാര്‍ഡ് ചെറിയൊരു സിറ്റിയാണ്. കുറച്ചു നടന്ന് മിലിട്ടറി ആസ്ഥാനത്തെത്തി. അകത്തോട്ടു കയറുന്ന വാതിലിനടുത്തായി മിലിട്ടറിയുടെ വിവിധനിറത്തിലുളള പതാകകള്‍ വായുവില്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു. അടുത്തുളള ഒരു ഓഫീസ്സിലേക്ക് ചെന്നു. വരാന്തയില്‍ രണ്ടു പട്ടാളക്കാര്‍ നീണ്ട തോക്ക് തറയില്‍ കുത്തി നിറുത്തി, തലപ്പാവണിഞ്ഞ്, തലകളുയര്‍ത്തി ഒരു വിഗ്രഹത്തെപ്പോലെ ദൂരേക്ക് ദൃഷ്ടികളറപ്പിച്ച് നില്‍ക്കുന്നു.

ഓഫീസ്സിലിരിക്കുന്ന സര്‍ദാറിനോട് അളിയന്റെ വിവരണങ്ങള്‍ ചോദിച്ചറിഞ്ഞ് അവരുടെ താമസസ്ഥലത്തേക്ക് നടന്നു. ഇതിനുളളില്‍ നടന്നപ്പോള്‍ പുതിയൊരു ലോകത്ത് വന്നതായി തോന്നി. ഓരോ റോഡും, മരവും, പൂവണിഞ്ഞു നില്‍ക്കുന്ന ചെടികളും സൗന്ദര്യമാണ് നല്‍കുന്നത്. ഇതിനു പുറത്തു താമസ്സിക്കുന്നവര്‍ ദുഖദുരിതത്തിലെങ്കിലും അകത്തുളളവര്‍ പട്ടിണിയില്ലാതെ സന്തോഷമുളളവരായി കഴിയുന്നവരാണ്. മിക്ക റോഡുകളും നെടുകയും കുറുകയും വിവിധ നിറത്തിലുളള മഷികൊണ്ട് നിറപ്പകിട്ടാക്കിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ കാവല്‍ക്കാര്‍. അതിര്‍ത്തികളില്‍ എരിയുന്ന ദീപം പോലെ അവര്‍ കത്തി നില്‍ക്കുന്നു. രണ്ടും മൂന്നും നിലകളിലാണ് പട്ടാളക്കാര്‍ കുടുംബമായി താമസ്സിക്കുന്നത്. പെങ്ങള്‍ താമസ്സിക്കുന്ന ക്വാര്‍ട്ടറിന്റെ നമ്പര്‍ കണ്ടെത്തി.
സന്തോഷത്തോടെ പെങ്ങള്‍ സ്വീകരിച്ചു വിശേഷങ്ങള്‍ ആരാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അളിയനും പട്ടാളവേഷത്തിലെത്തി. രാവിലെ അഞ്ചുമണിക്ക് ഇവിടെ നിന്നു പോയതാണ്. ഓട്ടവും ചാട്ടവും പരേഡുമൊക്കെ കഴിയുമ്പോഴേക്കും പതിനൊന്നു മണിയാകും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പട്ടാളജീവിതത്തെപ്പറ്റി ഞാന്‍ അളിയനോട് ചോദിച്ചുകൊണ്ടിരുന്നു. ഒരു ജനതയ്ക്ക് വേണ്ടി എല്ലായ്‌പ്പോഴും ഉറക്കിമിളച്ച് സംരക്ഷണം നല്‍കുന്നവരാണ് ഓരോ ധീരജവാനും. സമൂഹത്തില്‍ ഉന്നതമായ സ്ഥാനമുളളവര്‍ എന്നാണ് പുറത്തുളള കാണുന്നത്. പുറത്തുളളവര്‍ക്ക് വിവിധ തരത്തിലുളള സമരമുറകളുണ്ട്. ഞങ്ങളുടെ കയ്യില്‍ ആയുധങ്ങളുണ്ട് പക്ഷേ സമരായുധങ്ങളില്ല. പുറത്തുളള ജന്മി കുടിയാന്‍ വ്യവസ്ഥിതിയാണ് ഇതിനുളളിലും നടക്കുന്നത്. ഉന്നത ഉദ്ദ്യോഗസ്ഥന്റെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചോണം. പുറത്തേ വ്യവസ്ഥിതി ജീവിക്കാന്‍ കൊളളാത്തതു പോലെ അകത്തേ വ്യവസ്ഥിതിയും ജീവിക്കാന്‍ കൊളളാത്തതാണ്.

എല്ലാ പട്ടാള കേന്ദ്രങ്ങളും മതിലുകളാല്‍, മുളളു വളളികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതു പോലെ ഇതിനുളളില്‍ ഭൂരിഭാഗം പട്ടാളക്കാരേയും സുരക്ഷിതമായി തളച്ചിട്ടിരിക്കുകയാണ്. ചോദ്യം ചെയ്യാനോ ഞങ്ങള്‍ക്ക് സാധിക്കില്ല. കുടുംബം പോറ്റാന്‍ വന്ന ഞങ്ങള്‍ക്ക് ഇതിനുളളില്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. രാജ്യത്തിനായി ജീവന്‍ ഉഴിഞ്ഞു വച്ചവര്‍ക്കു എങ്ങനെ മേലുദ്ദ്യോഗസ്ഥരുടെ ധിക്കാരത്തെ തളച്ചു നിര്‍ത്താന്‍ സാധിക്കും. അവരുടെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചുകൊളളണം. അഥവാ ഒരാള്‍ അവര്‍ക്ക് ലഭിക്കുന്ന ഭക്ഷണം നല്ലതല്ല,മേലുദ്ദ്യോഗസ്ഥന്മാരുടെ സമീപനം ശരിയല്ലെന്നു പറഞ്ഞു പരാതി കൊടുത്താല്‍ അവന്‍ എല്ലാവരുടേയും നോട്ടപ്പുളളിയാണ്. സൈന്യത്തില്‍ നിന്ന് പുറത്താകും. എല്ലാം കേട്ടിരുന്നപ്പോള്‍ ഇവരും പുറത്ത് വിയര്‍പ്പൊഴുകി പണിയെടുക്കുന്നവരെ പോലെ കൊടിയ ദുഖങ്ങള്‍ അനുഭവിക്കുന്നവരെന്ന് മനസ്സിലായി. അകത്തേക്കു വരുമ്പോള്‍ ഇതല്ലായിരുന്നു എന്റെ മനസ്സ്.

ഇന്ത്യയുടെ പഴയ രാജസദസ്സുകളിലും രാജവീഥികളിലും ബ്രിട്ടീഷുകാരുടെ തെരുവീഥികളിലും മനഷ്യര്‍ ഇതു പോലെ ഉഴലുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ശിഷ്യത്വം നേടിയവര്‍ ഇന്ന് അതൊന്നു പുനരാവിഷ്‌കരിച്ച് അവതരിപ്പിക്കുന്നു എന്നു മാത്രം. എല്ലാം കാതോര്‍ത്തു കേള്‍ക്കുന്നതിനിടയില്‍ അളിയന്‍ ഒരു നിര്‍ദ്ദേശം വച്ചു. നീ പോലീസ്സിനെതിരെ എഴുതിയപ്പോള്‍ പോലീസ്സിന്റെ തല്ലു കൊണ്ടു. ഈ പട്ടാളക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി ഒന്നെഴുത്. അതിന്റെ അര്‍ത്ഥവും ആഴവും ഒരു നിമിഷം ഓര്‍ത്തിരുന്നിട്ട് പറഞ്ഞു. ങാ നോക്കട്ടെ. എന്നെ ജയിലില്‍ വിടാനല്ല പറഞ്ഞതെങ്കിലും അളിയന്റെ വാക്കുകളില്‍ നിന്ന് വന്നത് അമര്‍ഷമാണ്. എനിക്കും വിഷമം തോന്നി. ഒരു തൊഴില്‍ ലഭിച്ചപ്പോള്‍ അതിലും സന്തോഷം കിട്ടാത്തവര്‍. വിശപ്പടക്കാന്‍ ആഹാരവും, ആരോഗ്യമുളള ഒരു ശരീരത്തെ വാര്‍ത്തെടുക്കാന്‍ വ്യായാമവുമുണ്ട്. എന്നിട്ടും മഞ്ഞിലും മഴയിലും അവരുടെ രക്തവും അലിഞ്ഞു ചേരുന്നതായി തോന്നി. നാലു മണിക്ക് ചായ കുടിച്ചിട്ട് പെങ്ങളോട് യാത്ര പറഞ്ഞ് ഞാനിറങ്ങി. അളിയന്‍ മൂന്നു മണിക്കു തന്നെ ജോലിസ്ഥലത്തേക്കു പോയിരുന്നു. ബസ്സിലിരിക്കുമ്പോഴും അളിയന്റെ വാക്കുകള്‍ എന്നിലേക്കിരച്ചു കയറി. പട്ടാളക്കാര്‍ അതിനുളളില്‍ ഭയന്നാണോ കഴിയുന്നത്. പട്ടാളക്കാരനായിരുന്ന പാറപ്പുറത്ത് എന്ന സാഹിത്യകാരന്‍ എന്തുകൊണ്ട് ഇതിനെപ്പറ്റി എഴുതിയില്ല. എഴുത്തുകാരനും ദുര്‍ബലനാണോ. ഇരുമ്പഴികള്‍ അവരും ഭയക്കുന്നുണ്ടാകണം.