അദ്ധ്യായം – 5
സാഹിത്യത്തിലെ വഴികാട്ടി

ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് സംസ്‌കൃത പണ്ഡിതന്‍ എന്ന വിളിപ്പേരുള്ള കെ.കെ. കുഞ്ഞുപിള്ള പണിക്കര്‍ സാറിനെ കാണുന്നത്. ഇദ്ദേഹത്തിന്റെ കുടുംബം കരുനാഗപ്പള്ളി പനക്കടയാണ്. സംസ്‌കൃത, മലയാള ഭാഷകളുടെ സമസ്തമേഖലകളിലും പാണ്ഡിത്യം തെളിയിച്ചിട്ടുള്ള പണിക്കര്‍ സാറിന് സംസ്‌കൃതത്തില്‍ നിന്നു മലയാളത്തിലേക്ക് ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാന്റ് ലഭിച്ചിരുന്നു. ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഹരിനാമകീര്‍ത്തനത്തിന് അദ്ദേഹം വ്യാഖ്യാനമെഴുതി. അദ്ദേഹമെഴുതിയ ഭഗവത്ഗീതയുടെ വ്യാഖ്യാനം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കൃതിയാണ്. കുമാരനാശാന്റെ വീണ പൂവ് സര്‍ദാര്‍ കെ എം പണിക്കരുടെ പുപസന്ദേശം എന്നിവ സംസ്‌കൃതത്തിലേക്ക് പരിഭാഷപ്പെടുത്തി. പണ്ഡിതശ്രേഷ്ഠനായിരുന്ന അദ്ദേഹത്തെ സമൂഹം ആദരവോടെയാണ് കണ്ടിരുന്നത്. വള്ളത്തോള്‍ ബന്ധനസ്ഥനായ അനിരുദ്ധന്‍ എഴുതിയപ്പോള്‍ പണ്ഡിതകവി ബന്ധനമുക്തനായ അനിരുദ്ധന്‍ എഴുതി സാഹിത്യലോകത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. അദ്ദേഹം മലയാളം-സംസ്‌കൃതം ഭാഷകള്‍ക്കു വിലപ്പെട്ട സംഭാവനകളാണ് നല്കിയിട്ടുള്ളത്. അദ്ദേഹം ജാതി-രാഷ്ട്രീയ തടവറയിലെ അന്തേവാസിയായിരുന്നുവെങ്കില്‍ ഇന്നും അദ്ദേഹത്തെ സമൂഹം അറിയുമായിരുന്നു.

റാഞ്ചിയിലുള്ള എന്റെ ജ്യേഷ്ഠന് പാല്‍ത്തടത്തില്‍ വസ്തു ഉണ്ടായിരുന്നു. കളിക്കല്‍ വാസുപിള്ളയില്‍ നിന്നാണ് ആ വസ്തു വാങ്ങിയത്. പുരാതനകാലം മുതലെ ഈ കുടുംബവുമായി കാരൂര്‍ക്കാര്‍ക്ക് നല്ലൊരു ബന്ധമുണ്ട്. ക്രിസ്മസ്, വിഷു, ഓണ ദിവസങ്ങളില്‍ രണ്ടു വീടുകളിലും സദ്യ ഒരുക്കി ഒന്നിച്ചിരുന്നു കഴിക്കുമായിരുന്നു. ഈ വസ്തുവില്‍ ചെറിയ തെങ്ങിന്‍ തൈകള്‍ അച്ഛന്‍ നട്ടിട്ടുണ്ട്. അതിന് വെള്ളം ഒഴിക്കുന്നത് ഞാനും ജ്യേഷ്ഠന്റെ മകന്‍ ബേബിയുമാണ്. അവന്‍ എന്നെക്കാള്‍ നാലഞ്ച് വയസിന് ഇളപ്പമാണ്. അരിക്കും അന്ന് ക്ഷാമമുണ്ടായിരുന്നു. കേരളമെങ്ങും കൃഷിയുണ്ടായിരുന്നെങ്കിലും ലാഭം കൂടുതല്‍ കിട്ടുന്നത് കണ്ട് അന്യസംസ്ഥാനങ്ങളിലേക്ക് അരി കയറ്റിഅയയ്ക്കുമായിരുന്നു. ഇന്ന് അവിടെ നിന്ന് ഇങ്ങോട്ട് കൊണ്ടുവരുന്നു. ഒരു ദിവസം തെങ്ങിന് വെള്ളമൊഴിച്ചുകൊണ്ടിരിക്കെ റോഡിലൂടെ നടന്നുപോയ പണിക്കര്‍ സര്‍ എന്നെ പ്രതീക്ഷിച്ചു നിന്നു. അന്ന് വയലിറമ്പിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ട് അദ്ദേഹം മലയാളം വിദ്വാനു പഠിപ്പിക്കുകയായിരുന്നു. അന്ന് മലയാളം വിദ്വാനാണ് മലയാളത്തിലെ ഉപരിപഠനം. നല്ല പ്രായം തോന്നിക്കുമായിരുന്നുവെങ്കിലും വളരെ പ്രസന്നനായിരുന്നു അദ്ദേഹം. ഞാന്‍ ചെമ്പു കുടവുമായി റോഡിലെത്തിയപ്പോള്‍ എന്നോട് കുശലം പറഞ്ഞു. പേര്, ഏതു ക്ലാസില്‍ പഠിക്കുന്നു അങ്ങനെ പലതും ചോദിച്ചു. അദ്ദേഹം എന്നെ കാത്തു നിന്നത് മനുഷ്യന് വെള്ളം കിട്ടാനില്ലാത്തപ്പോള്‍ ഇത്രമാത്രം വെള്ളം തെങ്ങിന് ഒഴിക്കുന്നതിനെക്കുറിച്ചായിരുന്നു. സാറിന്റെ വാടകവീട്ടിലെ കിണറ്റില്‍ വെള്ളം ഇല്ലായിരുന്നു. കവുങ്ങിന്റെ പാളയിലാണ് അന്ന് വെള്ളം കോരിയിരുന്നത്. അന്ന് ഇന്നുള്ള തൊട്ടിയില്ലായിരുന്നു. വെള്ളം കോരാന്‍ പോകുന്ന വീടുകളില്‍ കയറും പാളയും ഞങ്ങള്‍ കൊണ്ടുപോകും. സാറിന് അറിയേണ്ടത് അടുത്തുള്ള വീട്ടില്‍ വെള്ളമുണ്ടെങ്കില്‍ ആരെയെങ്കിലും വിട്ട് കോരിയെടുപ്പിക്കാനാണ്.

ഞാന്‍ പറഞ്ഞു എന്റെ വീട്ടില്‍ വെള്ളമുണ്ട്. പലരും കോരിയെടുക്കാറുമുണ്ട്. ഉടനെ അച്ഛനെ കാണാന്‍ വന്നു. അച്ഛന്‍ ജോലിക്കാര്‍ക്കൊപ്പം കുരുമുളക് പറിക്കയായിരുന്നു. മരത്തിന് മുകളിലേക്ക് ഏണിയില്‍ കയറിനിന്നാണ് പറിക്കുന്നത്. പണിക്കര്‍ സാര്‍ റോഡിലൂടെ നടന്നു വരുന്നത് മുകളിലിരുന്നുകണ്ട് അച്ഛന്‍ താഴെ ഇറങ്ങി വന്നു. ”എന്താ സാറെ ഇവന്‍ വല്ല കുഴപ്പവും കാണിച്ചോ.?,” പെട്ടെന്ന് ഇല്ലെന്നു പറഞ്ഞു. രണ്ട് കുടം വെള്ളം കിട്ടുമോ എന്നറിയാനാ വന്നത്. സാര്‍ എത്ര കുടം വെള്ളം വേണമെങ്കിലും കൊണ്ടുപൊയ്‌ക്കോളു. സാര്‍ അതിനായി ആരെയും ഇങ്ങോട്ടു വിടണ്ട. ഇവന്‍ കോരി തന്നുകൊള്ളും.” അച്ഛന്‍ പറഞ്ഞു. ”മോനെ നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ. ഇല്ലെന്ന് തലയാട്ടി. എനിക്ക് അദ്ദേഹത്തെപ്പറ്റി അധികമൊന്നും അറിയില്ലായിരുന്നു. ഗുരുമന്ദിരത്തിലെ അദ്ധ്യാപകന്‍ എന്നു മാത്രമേ അറിയൂ. എന്നെ ആശ്ചര്യപ്പെടുത്തിയത് മോനെ എന്ന വിളിയായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ആ വിളി കേട്ടത്. എടാ പോത്തേ എന്ന് വിളിക്കുന്ന അച്ഛന്റെ മുന്നില്‍വച്ചാണ് മോനെ എന്ന് അദ്ദേഹം വിളിച്ചിരിക്കുന്നത്. മൂന്നു മാസത്തോളം മൂന്നു കുടം വെള്ളം വീതം സാറിനെത്തിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷമികുട്ടിയമ്മയ്ക്ക് എന്നോട് വലിയ ഇഷ്ടമായിരുന്നു.

ഒരു മാസം കഴിഞ്ഞപ്പോള്‍ മഴ പെയ്തു തുടങ്ങി. കിണറുകളില്‍ വെള്ളമെത്തി. വീട്ടിലെ കിണറില്‍ വെള്ളം കവിഞ്ഞ് പുറത്തേക്കൊഴുകും. ആ വെള്ളം മാടാനപൊയ്കയിലേക്കാണ് ഒഴുകുന്നത്. ഇന്നവിടെ റബര്‍ മരങ്ങളാണ്. പണിക്കര്‍ സാറിനെപ്പറ്റി കൂടുതല്‍ അറിഞ്ഞത് പിന്നീടാണ്. അതിനകം ഞാനദ്ദേഹത്തിന്റെ ശിഷ്യനായി കഴിഞ്ഞിരുന്നു. ഞാനദ്ദേഹത്തിന് തേങ്ങ ഇട്ടുകൊടുത്തിരുന്നു. വീട്ടില്‍ നിന്ന് തന്നുവിട്ടതാണ് എന്നു പറയും. പത്താംക്ലാസ് കഴിഞ്ഞിട്ട് രണ്ട് വര്‍ഷമാണ് മലയാളം വിദ്വാന്‍ പഠിക്കുന്നത്. പ്രത്യേകിച്ചും പണിക്കര്‍ സാറിന്റെ വിദ്യാര്‍ത്ഥിയെന്ന് പറഞ്ഞാല്‍ സ്‌കൂളില്‍ പരിഗണന കൂടുതലാണ്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ നൊമ്പരങ്ങള്‍ ഞാന്‍ നോട്ടുബുക്കില്‍ പകര്‍ത്താന്‍ തുടങ്ങിയത്. അന്ന് കുത്തിക്കുറിച്ചതെല്ലാം കവിയല്ലാത്ത, കവിയുടെ വരികളാണ്. ഇന്നും ഓര്‍മയിലുള്ള വരികള്‍ ”ജനിച്ചുപോയി മനുഷ്യനായി എനിക്കുമിവിടെ ജീവിക്കണം. പണിക്കര്‍ സാറിനെ കൂടുതല്‍ അറിഞ്ഞപ്പോള്‍ ഓര്‍ത്തു. ഞാന്‍ എഴുതുന്നത് സാറിനെ കാണിച്ചാലോ.? സാര്‍ എനിക്ക് വായിക്കാന്‍ ഏതാനും പുസ്തകങ്ങള്‍ തന്നിരുന്നു. ചെറിയൊരു കവിത സമാഹാരം. വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.

ഒരു ദിവസം ഞാനെഴുതിയ വരികള്‍ അദ്ദേഹത്തെ കാണിച്ചു. അത് വായിച്ച് ഒന്നു പുഞ്ചിരിച്ചിട്ട് പറഞ്ഞു ‘ഇതിനെ കവിതയെന്ന് വിളിക്കാന്‍ പാടില്ല, നീ ഇത്രയും എഴുതിയത് നന്നായി. കവിത എഴുതുമ്പോള്‍ വൃത്തവും അലങ്കാരവും അതിലുണ്ടാവണം. അതെങ്ങനെയെന്ന് ഞാന്‍ പഠിപ്പിച്ചു തരാം. എല്ലാദിവസവും വൈകുന്നേരം തലയില്‍ കയറാത്ത പലതും പറഞ്ഞു തരും. എല്ലാം മനസ്സിലായി എന്ന ഭാവത്തില്‍ ഞാനിരുന്ന് തലയാട്ടും. കവിതയുടെ സഹജസ്വഭാവം സൗന്ദര്യമാണെന്നും കവിതയില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ശ്രദ്ധിക്കണമെന്നും എല്ലാ കവിതയ്ക്കും വര്‍ണ-പദ-വാക്യഘടനയുണ്ടായിരിക്കണമെന്നും അദ്ദേഹമാണ് പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം അക്ഷരങ്ങള്‍ പെറുക്കിയടുക്കി വൃത്തവും അലങ്കാരവും ഒപ്പിച്ച് കവിതകള്‍ എഴുതിയെങ്കിലും അദ്ദേഹത്തെ കാണിച്ചില്ല.

പണിക്കര്‍ സാര്‍ നിത്യവും വൈകിട്ട് നടക്കാനിറങ്ങുമായിരുന്നു. ഞാനായിരുന്നു കൂട്ട്. ഒരു ദിവസം അദ്ദേഹത്തിന്റെ മകള്‍, വസുന്ധര ടീച്ചറുടെ ചുനക്കര ചന്തക്ക് പടിഞ്ഞാറുള്ള വീട്ടില്‍ പോയിട്ടുണ്ട്. ടീച്ചര്‍ അന്ന് ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയാണ്. ടീച്ചര്‍ സാഹിത്യ വിമര്‍ശകനായ് പ്രൊഫ. പ്രയാര്‍ പ്രഭാകരന്റെ ഭാര്യയാണ്. പണിക്കര്‍ സാറിന് മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ്.
ഞാന്‍ ഏഴില്‍ നിന്ന് ജയിച്ച് എട്ടിലേക്ക് കയറി. പാലൂത്തറ സ്‌കൂളില്‍ അന്ന് എട്ടാം ക്ലാസ് ഇല്ല. എന്നെ ചത്തിയറ സ്‌കൂളിലാണ് ചേര്‍ത്തത്. ആ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഗോപാലകൃഷ്ണന്‍ സാറായിരുന്നു. സ്‌കൂള്‍ മാനേജര്‍ നാണുപിള്ളസാറിന്റെ അച്ഛന്‍ തഹസ്സീല്‍ദാരും വല്യച്ഛന്‍ മജിസ്‌ട്രേറ്റും ആയിരുന്നു. രാജഭരണകാലത്ത് പല കേസുകളുടെയും വിധി നാട്ടിലെ പ്രമാണിമാര്‍ക്ക് എതിരാകുകയും അവര്‍ മജിസ്‌ട്രേട്ടിന്റെ ശത്രുക്കളായി മാറുകയും ചെയ്തു. തിരുവനന്തപുരവും കൊച്ചി കോടതികളില്‍ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം പോകുമായിരുന്നു. ശത്രുക്കളുടെ ഭീഷണിയുണ്ടായപ്പോള്‍ വില്ലുവണ്ടിയോടിക്കുന്ന സ്വന്തം സമുദായത്തിലുള്ളവരെയും അദ്ദേഹം സംശയിച്ചു. മറ്റു സമുദായത്തിലുള്ള മിടുക്കന്മാര്‍ വില്ലുവണ്ടിയോടിച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്തുകയും കാരൂര്‍ കൊച്ചുകുഞ്ഞിനെ സമീപിക്കുകയുമായിരുന്നു. അന്ന് കാരൂര്‍ കൊച്ചുകുഞ്ഞിന്റെ അടുത്ത് മറ്റാര്‍ക്കും അടിച്ചു ജയിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ആ ബന്ധമാണ് തലമുറകളായി ഈ കുടുംബവുമായുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാരുംമൂട്ടില്‍ നിന്ന് രണ്ടു മൈല്‍ നടക്കണം സ്‌കൂളിലേക്ക്. ആ സ്‌കൂളില്‍ എന്റെ മൂത്ത പെങ്ങള്‍ പൊന്നമ്മ പത്താംക്ലാസിലാണ് പഠിക്കുന്നത്. പാലൂത്തറ സ്‌കൂളില്‍ അനുഭവിച്ച വിശപ്പ് ഞാന്‍ അവിടെയും അനുഭവിച്ചു. പെങ്ങള്‍ക്ക് ഉച്ചയ്ക്കുളള ചോറ് കൊടുത്തു വിടും. എനിക്കില്ല. നല്ല വിശപ്പുള്ള ദിവസങ്ങളില്‍ റോഡരികില്‍ നിന്ന് ചായയും ബോണ്ടയും കഴിക്കും. വൈകുന്നേരം സ്‌കൂള്‍ കായിക മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്ന വേലായുധനൊപ്പം പന്ത് കളിക്കും. അപ്പോള്‍ വീട്ടിലെ ജോലികള്‍ എല്ലാം മറക്കും. കൊപ്പാറ വീടിന്റെ കിഴക്കുഭാഗത്തായിരുന്നു കളിസ്ഥലം. എട്ടില്‍ പഠിക്കുന്ന എന്നെയും അവന്‍ സ്‌കൂളിലെ പന്ത് കളി ടീമില്‍ ചേര്‍ത്തു. പല സ്‌കൂളുകളുമായി മത്സരിച്ചു ജയിച്ചിട്ടുണ്ട്. കളി കഴിഞ്ഞ് വീട്ടിലേക്ക് ഓടും.

പണികള്‍ ചെയ്തു തീര്‍ത്തിട്ടാണ് പണിക്കര്‍ സാറിനെ കാണാന്‍ പോകുന്നത്. ഒരു ശനിയാഴ്ച സാറിനൊപ്പം ഞാന്‍ നൂറനാട്ട് ലെപ്രസി സാനിട്ടോറിയത്തില്‍ പോയി. അവിടുത്തെ ലൈബ്രറിയിലാണ് ആദ്യം പോയത്. ആലപ്പുഴയിലെ ഏറ്റവും വലിയ വായനശാല. ബുക്കുകള്‍ കണ്ട് ഞാന്‍ മിഴിച്ചു നിന്നു. മുഖത്ത് സംതൃപ്തിയുണ്ടായി. ഊഷ്മളമായ വരവേല്പാണ് അവര്‍ സാറിന് നല്കിയത്.
വെയിലത്ത് വാടി നില്ക്കുന്ന മരംപോലെ ഓരോ കുഷ്ഠരോഗികള്‍ സാറിനെ വണങ്ങുന്നു. അവരുടെ കൈകാലുകള്‍ മുറിവുകള്‍ മരുന്നുകൊണ്ട് കെട്ടിയും വിരലുകള്‍ കുറുകിയും മുറിഞ്ഞും, ശരീരത്തിന്റെ പല ഭാഗങ്ങളിലും വ്രണങ്ങളും കണ്ടു. എന്റെ മനസ്സിന് ഒരു മരവിപ്പ് തോന്നി. അവരുടെ നല്ല നാളെയുടെ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട മുഖങ്ങള്‍, അവരുടെ അരികില്‍ നിന്നപ്പോള്‍ അവരില്‍ ഒരുവനായി തോന്നി. അവരും എന്നെപ്പോലെ തേങ്ങി കരയാറുണ്ടാകും.

ഓരോ മനുഷ്യനും നീറ്റലും വിങ്ങലും അനുഭവിക്കുന്നത് ഓരോ തരത്തിലാണ്. അതില്‍ മൂക്ക് മുറിഞ്ഞ ഒരാളുമായി ഞാന്‍ പരിചയപ്പെട്ടു. രാമചന്ദ്രന്‍പിള്ള. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി. മുറിയിലുണ്ടായിരുന്ന റഹിമിനെ എനിക്ക് പരിചയപ്പെടുത്തി. പണിക്കര്‍ സാര്‍ സ്റ്റേജില്‍ ഇരുന്നതുകൊണ്ട് ഇവരുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ ഞാനവിടെ പോകാന്‍ തുടങ്ങി. വായിക്കാനുള്ള പുസ്തകങ്ങള്‍ എനിക്കവര്‍ തന്നു. അവിടുത്തെ പുസ്തകങ്ങള്‍ പുറത്ത് ആര്‍ക്കും കൊണ്ടുപോകാന്‍ അനുവാദമില്ല. അവര്‍ എനിക്ക് പുസ്തകങ്ങള്‍ അവരുടെ മുറികളില്‍ വച്ച് തരും. ഞാനത് ഉടുപ്പിനുള്ളില്‍ വച്ച് സെക്യൂരിറ്റി കാണാതെ കടത്തും. അങ്ങനെ കൊടുത്തും വാങ്ങിയുമായിരുന്നു വായന. പുറത്തുള്ളവരെക്കാള്‍ അവരായിരുന്നു എന്റെ സ്‌നേഹിതര്‍. അവിടെ വച്ചാണ് ഞാന്‍ പ്രമുഖ ട്രൂപ്പുകളുടെ നാടകങ്ങള്‍ കാണുന്നത്. ഗാനഗന്ധര്‍വന്‍ യേശുദാസിനെ കാണുന്നതും പാട്ടുകള്‍ നേരിട്ട് കേള്‍ക്കുന്നതും അവിടെവച്ചാണ്.

ഞാന്‍ ‘ലെപ്രസി’യിലേക്ക് പോകുന്നത് അച്ഛന്‍ അറിഞ്ഞു. അന്ന് രാത്രി അതിനായിരുന്നു അടി. വീട്ടില്‍ കാലുകുത്തരുതെന്ന ശാസനയും തന്നു. ഞാന്‍ അവിടെ വിറക് കീറിക്കൊടുക്കുന്നത് പഞ്ചായത്ത് മെമ്പര്‍, എന്റെ അയല്‍ക്കാരന്‍ ശിവരാമന്‍ ചേട്ടന്‍ കണ്ടു. അവിടുത്തെ അന്തേവാസികള്‍ക്ക് ഓരോ ജോലി കൊടുത്തിട്ടുണ്ട്. അവരുടെ ശരീരത്തിന്റെ യോഗ്യത അനുസരിച്ചാണ് ജോലികള്‍ വീതിച്ചു കൊടുക്കുന്നത്. അച്ഛന്‍ വിലക്കിയെങ്കിലും ഞാനവിടെ പോകാതിരുന്നില്ല. അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ഉറങ്ങിയും മുന്നോട്ടുപോയി.

മലയാളം സിനിമയേക്കാള്‍ കൂടുതല്‍ കണ്ടത് തമിഴ് സിനിമയാണ്. ചാരുംമൂട്ടില്‍ നിന്ന് കായംകുളത്തേക്ക് പന്ത്രണ്ട് കിലോമീറ്റര്‍ ഉണ്ട്. അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. മടങ്ങി വരുമ്പോള്‍ രാത്രി ഒരു മണി രണ്ടു മണി ഒക്കെ ആകും. അന്ന് എന്റെ ഒപ്പം സിനിമ കാണാന്‍ വന്നത് വീട്ടില്‍ ശൂരനാട്ടു നിന്നും വിരുന്ന് വന്ന തോമസാണ്. എന്റെ അമ്മായിയുടെ മകന്‍. ഞാനാണ് അവന് ടിക്കറ്റ് എടുത്തത്. എന്റെ കയ്യില്‍ ഞാനുണ്ടാക്കിയ കാശുണ്ട്. ഇന്നവന്‍ റിട്ടയേഡ് പോലീസ് ഇന്‍സ്‌പെക്ടറാണ്. ശാസ്ത്രാംകോട്ടയില്‍ താമസിക്കുന്നു. എല്ലായിടവും ഉത്സവവും പെരുനാളും കാണാന്‍പോകും. പോകാന്‍ കാരണം അവിടെ നാടകം, കഥകളി, ഓട്ടന്‍തുള്ളല്‍ ഒക്കെ ഉള്ളതുകൊണ്ടാണ്.