അദ്ധ്യായം- 7
തെങ്ങിന്‍ കള്ളിന്റെ ലഹരി
രാത്രിയില്‍ മിക്ക ദിവസവും കാളവണ്ടിയിലാണ് ഉറക്കം. ‘ലെപ്രസി’ സാനിട്ടോറിയത്തില്‍ നിന്ന് കിട്ടുന്ന പുസ്തകങ്ങള്‍ ആകാംക്ഷയോടെ വായിച്ചിരുന്നു. സോക്രട്ടീസിന്റെ വാചകങ്ങള്‍ ഞാന്‍ നോട്ടു ബുക്കില്‍ കുറിച്ചിടുമായിരുന്നു. പറങ്കിമാവിന്റെ മുകളില്‍ കയറിയിരുന്നു പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ആദ്യമായി ഞാന്‍ എഴുതിയ കവിത പദ്യപാരായണ മത്സരത്തില്‍ ചൊല്ലി. അതിന് ഒന്നാം സമ്മാനം കിട്ടി. എന്റെ കവിത എന്ന് പറയുന്നതിലും നല്ലത് പണിക്കര്‍ സാര്‍ വെട്ടിയും തിരുത്തിയും തന്നത് എന്നു പറയുന്നതാണ്. ആ ദിവസം എനിക്ക് വിജയത്തിന്റേതായിരുന്നു. സന്ധ്യാനേരത്ത് റേഡിയോ കേള്‍ക്കാനായി പാല്‍ത്തടത്തിലെ പഞ്ചായത്ത് സ്ഥലത്ത് നിത്യവും പോകും. അവിടെ സിമന്റ് ബഞ്ചുണ്ട്. നാടകം എഴുതാന്‍ റേഡിയോ നാടകം എന്നെ സഹായിച്ചു. രാത്രിയില്‍ സ്വന്തം ജീവിതകഥ കഥയാക്കി എഴുതി. നിത്യവും രാവിലെ കോഴി കൂവും മുമ്പേ ഉണരും.
ആ ദിവസങ്ങളിലാണ് ആദ്യമായി തെങ്ങിന്‍കള്ള് ഞാന്‍ കുടിക്കുന്നത്. മീനത്തേതിലെ ശ്രീധരന്‍ വര്‍ഷങ്ങളായി തെങ്ങ് ചെത്തുന്നുണ്ട്. അച്ഛന്‍ രാത്രിയില്‍ ചാരുംമൂട് ഷാപ്പില്‍ പോയി കുടിച്ചിരുന്നതായി അറിയാം. ആ ലഹരിയില്‍ വരുമ്പോഴാണ് എനിക്കിട്ട് നല്ല പെട തരുന്നത്. ശ്രീധരന്‍ ചെത്തിയിട്ട് പോയിക്കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞ് ചിരട്ടയുമായി രണ്ടു തെങ്ങിലും കയറി കുടമെടുക്കും. അതില്‍ ചത്തുകിടന്ന ഈച്ചകളെ മാറ്റി ചിരട്ടയില്‍ കള്ള് കോരിയെടുത്ത് കുടിക്കും. ഒരു സംശയവും ബാക്കി വയ്ക്കാതെ ഇറങ്ങിപ്പോരും.
ശ്രീധരന് സംശയം വരാതെയാണ് ഞാന്‍ കള്ള് അകത്താക്കിയിരുന്നത്. രാത്രി കിണറ്റില്‍ നിന്നുള്ള കുളി കഴിയുമ്പോള്‍ എല്ലാ ഗന്ധവും അകന്നുപോകും. അല്ലെങ്കിലും വീട്ടുകാരുടെ മുന്നില്‍ ചെല്ലുന്നത് അപൂര്‍വ്വവുമായിരുന്നല്ലോ. എന്നെ സങ്കടത്തിലാക്കിയത് മറ്റൊരു കാര്യമായിരുന്നു. എന്റെ തകരപ്പെട്ടി അടിച്ചു പൊട്ടിച്ചത്. അതിന്റെ കാരണം വീട്ടില്‍ അച്ഛന്റെ പണം മോഷണം പോയി. എല്ലാവരോടും ചോദിച്ചു. ആരും എടുത്തതായി ഏറ്റില്ല. ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു ഞാനൊരു പുതിയ നിറമാര്‍ന്ന തകരപ്പെട്ടി വാങ്ങിയിട്ട്. അതിനുള്ളിലാണ് ഞാന്‍ നാണയങ്ങള്‍ സൂക്ഷിക്കുന്നത്. സോപ്പ് ചീപ്പ്, കണ്ണാടി എന്നിവയും അതിലുണ്ട്.
കുളിക്കുന്നതിന് മുമ്പായി ഒരു തേങ്ങ ഇട്ട് തല്ലിപ്പൊട്ടിച്ച് തിന്നും. ചില ദിവസം ബേബിയും വെള്ളം കോരാന്‍ വരും. വെള്ളം കോരാനും കുളിക്കാനും പോകുന്നതിന്റെ പ്രധാന കാരണം തേങ്ങ പിരിക്കാനാണ്. രാത്രിയാകുമ്പോള്‍ ആരും കാണില്ല. വെള്ളവുമായി വരുമ്പോള്‍ അച്ഛന്റെ ഒച്ച പുറത്തു കേള്‍ക്കാം. ”ഈ കാടനെ കൊണ്ടു ഞാന്‍ തോറ്റു. മറ്റു കുട്ടികളെ ഉപദ്രവിക്ക മാത്രമല്ല ഇപ്പോള്‍ മോഷണവും തുടങ്ങിയോ? പൊന്നമ്മേ വിളിക്കടീ അവനെ. അവള്‍ പറഞ്ഞു, അവരെല്ലാം വെള്ളം കോരാന്‍ പോയിരിക്കുവാ. ഇന്നും അടി ഉറപ്പാക്കി പറങ്കിമാവില്‍ കേറി ഇരുന്നു. വീടിനുള്ളില്‍ എന്തോ തല്ലി പൊട്ടിക്കുന്ന ശബ്ദം. ദേഷ്യപ്പെട്ട് എന്തെങ്കിലും വലിച്ചെറിയുകയാണോ. എന്റെ പെട്ടി തല്ലി പൊട്ടിച്ചു നോക്കിയിട്ടും അച്ഛന്റെ അഞ്ചണ കിട്ടിയില്ല. എന്റെ പെട്ടിക്കുള്ളില്‍ കണ്ടത് ചില നാണയത്തുട്ടുകള്‍ മാത്രം. പണം മോഷ്ടിച്ചത് അനുജന്‍ കുഞ്ഞുമോനായിരുന്നു.
പുതിയ അധ്യയന വര്‍ഷത്തില്‍ പാലുതറ സ്‌കൂളില്‍ എട്ടാം ക്ലാസ്സ് തുടങ്ങി. ആ വര്‍ഷം മുതല്‍ എന്റ നാടകത്തില്‍ അഭിനയിച്ചവരാണ് ആര്‍ട്ടിസ്റ്റു ചുനക്കര രാജന്‍, സംവിധായകന്‍ നൂറനാട് രാമചന്ദ്രന്‍, നൂറനാട് സത്യന്‍, ശിവ പ്രസാദ്, പാലം കുഞ്ഞുമോന്‍, ജയ് പ്രസാദ്, പാലുതറ രാജേന്ദ്രന്‍. അന്ന് പെണ്‍കുട്ടികളെ അഭിനയിക്കാന്‍ കിട്ടാത്തതിനാല്‍ രാജേന്ദ്രനാണ് പെണ്‍വേഷം കെട്ടുന്നത്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് എന്റ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് പാലം കുഞ്ഞുമോനെയും ജയ് പ്രസാദിനെയും ഞങ്ങള്‍ പൊന്നാടയണിയിച്ചു ആദരിച്ചു. മറ്റുള്ളവരെ അവിടെ ലഭിച്ചില്ല. എല്ലാ വര്‍ഷവും നടക്കുന്ന നാടകത്തിനു ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അപ്പോളഴല്ലാം ശിവപ്രസാദിനാണ് ഹാസ്യനടനുള്ള ഒന്നാം സമ്മാനം കിട്ടുക. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു എനിക്ക് ധാരാളം ആരാധികമാരുണ്ടായിരുന്നു.
Leave a Reply