ഡൽഹി-ലണ്ടൻ ബസ് സർവീസിനെക്കുറിച്ചുള്ള വാർത്തകൾ ഈ വർഷമാദ്യം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. യാത്രാപ്രേമികളെ ലക്ഷ്യമിട്ടാണ് ഇരു ഭൂഖണ്ഡങ്ങളിലൂടെയുള്ള ബസ് യാത്ര പ്രഖ്യാപിച്ചത്. എല്ലാ സുരക്ഷാ മുൻകരുതലുകളും ഏർപ്പെടുത്തി ആദ്യ സർവീസ് 2021 മെയ് മാസത്തിൽ നടക്കുമെന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള അഡ്വഞ്ചേഴ്സ് ഓവർലാന്റ് എന്ന കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നത് കൂടി അടിസ്ഥാനമാക്കിയായിരിക്കും ബസ് സർവീസ് തുടങ്ങുകയെന്നും കമ്പനി പറയുന്നു.
ബസ് സർവീസ് കടന്നുപോകുന്ന ലണ്ടൻ റൂട്ടിലുള്ള എല്ലാ രാജ്യങ്ങളിലെയും പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നതായി അഡ്വഞ്ചേഴ്സ് ഓവർലാൻഡ് ശനിയാഴ്ച ഒരു അറിയിപ്പിൽ പറഞ്ഞു. 195 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് പങ്കാളിത്ത താൽപ്പര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. അതിനാൽ, ഈ വർഷാവസാനത്തോടെ യാത്ര സർവീസ് ആരംഭിക്കുന്ന തീയതിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താൻ കമ്പനി ശ്രമിക്കുന്നുണ്ട്.
1957 ഏപ്രിലിൽ ലണ്ടൻ-കൊൽക്കത്ത ബസ് സർവീസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഡൽഹി-ലണ്ടൻ യാത്ര. അഡ്വഞ്ചേഴ്‌സ് ഓവർലാൻഡ് ബസ് കടന്നുപോകുന്ന റൂട്ട് വിശദീകരിച്ചിട്ടുണ്ട്. ഡൽഹിയിൽനിന്ന് ഇംഫാൽ വഴി മ്യാൻമാറിലേക്കു കടക്കും. ഇവിടെ നിന്ന് തായ്‌ലൻഡ്, ലാവോസ്, ചൈന, തുടർന്ന് കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലൂടെ ബസ് കടന്നുപോകും. ഇവിടെ നിന്ന്, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ബെൽജിയം എന്നിവിടങ്ങളിലൂടെ യൂറോപ്പിൽ പ്രവേശിച്ച് ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തും. ഏകദേശം 70 ദിവസം പിന്നിടുന്ന യാത്രയായിരിക്കും ഇത്. എന്നാൽ യാത്രക്കാർക്ക് ഇടയ്ക്കുനിന്ന് കയറാനും ഇറങ്ങാനും സാധിക്കും. കുറഞ്ഞത് 12 ദിവസവും പരമാവധി 22 ദിവസം വരെയും യാത്രക്കാർക്ക് ഈ സർവീസിന്‍റെ ഭാഗമാകാം.
പ്രതികരണം വളരെ വലുതാണെങ്കിലും ലഭ്യമായ സീറ്റുകളുടെ എണ്ണം പരിമിതമാണെന്നും കമ്പനി അറിയിച്ചു. പ്രാരംഭ പ്രഖ്യാപനം മുതൽ, ബുക്കിംഗ് നിരക്ക് 3% മുതൽ 5% വരെ ഉയരുമെന്ന് കമ്പനി വ്യക്തമാക്കുന്നു. യാത്രക്കാർക്ക് സൗകര്യം ഉറപ്പുവരുത്തുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങൾ ബസിൽ ഉൾപ്പെടുത്തുമെന്ന് അഡ്വഞ്ചേഴ്സ് ഓവർലാൻഡ് വ്യക്തമാക്കി. ഇത്രയും ദിവസം നീളുന്ന യാത്രയിൽ ഒരു മടുപ്പുപോലും തോന്നാത്ത സൌകര്യങ്ങൾ ബസിലുണ്ടാകും. യാത്രയ്ക്കായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് ഇപ്പോഴും തുടരുകയാണ്.
Leave a Reply