സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഡൽഹിയിൽ തെരെഞ്ഞെടുപ്പ് അങ്കത്തിനു കച്ച മുറുകി കഴിഞ്ഞു. തെരെഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗം ചൂടായി തുടങ്ങി. പൊതു യോഗങ്ങളും, റാലികളും, നഗരത്തിന്റെ മുക്കിലും മൂലയിലും കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം പൊടിപൊടിക്കുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചു വിജയിച്ച പ്രചാരണവുമായി ഇത്തവണയും ആം ആദ്മി പാർട്ടിക്കായി ഔട്ടോ ഡ്രൈവർമാർ രംഗത്തുണ്ട്.ഓട്ടോയുടെ പുറകിൽ ആം ആദ്മിക്കും കേജ്‌രിവാളിനുമായി അവർ മുദ്രാവാക്യം എഴുതി കഴിഞ്ഞു.
കേജ്‌രിവാൾ ഹമാരാ ഹീറോ മേരാ ബിജ്‌ലി ബിൽ സീറോ എന്നതാണ് ഏറ്റവും പുതിയ മുദ്രാവാക്യം. കേജ്‌രിവാൾ ഞങ്ങളുടെ നായകൻ ഞങ്ങളുടെ വൈദ്യുതി ബിൽ പൂജ്യം എന്നർത്ഥം. ഡൽഹിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയതും 201 മുതൽ 400 യൂണിറ്റ് വരെ വൈദ്യുതിക്ക് പകുതി നിരക്ക് നൽകിയാൽ മതിയെന്ന സർക്കാർ പ്രഖ്യാപനവും ഓർമ്മപ്പെടുകയാണ് ഓട്ടോ ഡ്രൈവർമാർ വൈദ്യുതി നിരക്ക് സൗജന്യം ആകിയതും വെള്ളം സൗജന്യമാക്കിയതും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതും അടക്കം കേജ്‌രിവാളിന്റെ പല ജനപ്രിയ പദ്ധതികളുടെയും ഗുണഭോക്താക്കൾ ഓട്ടോ ഡ്രൈവർമാർ അടങ്ങുന്ന സാധാരണക്കാരാണ്. അതിന്റെ സന്തോഷവും അംഗീകാരവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ആം ആദ്മി പാർട്ടി കേരള ഘടകം കൺവീനർ പിടി തുഫൈൽ ന്യൂസ് 18 നോട് പറഞ്ഞു. പാർട്ടിയുടെ തുടക്കം മുതൽ നെഞ്ചേറ്റിയത് ഓട്ടോക്കാർ ആണെന്നും തുഫൈൽ പറഞ്ഞു ഡൽഹിയിൽ 2 ലക്ഷത്തിൽ അധികം രജിസ്റ്റർ ചെയ്ത ഓട്ടോ റിക്ഷകൾ ഉണ്ട്. ആംആദ്മിക്ക് സ്വന്തമായി ഓട്ടോ വിങ്ങും ഉണ്ട്.
ഐ ലവ് കേജ്‌രിവാൾ- തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലെ ആം ആദ്മി പാർട്ടി തുടങ്ങിയിരുന്നു. ഐ ലവ് കേജ്‌രിവാൾ എന്ന് ഓട്ടോ റിക്ഷകൾക്ക് പുറകിൽ കുറിച്ച് കൊണ്ടുള്ള പ്രചാരണത്തിലൂടെ കേജ്‌രിവാളിനെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. കാമ്പയിൻ വലിയ വിജയം ആയിരുന്നെന്ന് ആം ആദ്മി നേതൃത്വം അവകാശപ്പെട്ടു. 2013 ലും 2014 ലും ഓട്ടോ പ്രചാരണം ആദ്മി ആദ്മി പാർട്ടി മത്സരിച്ച 2013 ലെ ആദ്യ തെരഞ്ഞെടുപ്പിലും പ്രചാരണത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലും പിടിച്ച് നിൽക്കുന്ന കേജ്‌രിവാളിന്റെ ഫോട്ടോ ഹിറ്റായിരുന്നു കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ഷീലാ ദിക്ഷിത് വീണ്ടും അധികാരത്തിൽ വന്നാൽ ഡൽഹിയിൽ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുമെന്ന ഓട്ടോ പരസ്യം വലിയ ചർച്ചയും വിവാദമാകുകയും ചെയ്തിരുന്നു..
ഒന്നാം കേജ്‌രിവാൾ സർക്കാർ രാജിവെച്ച ശേഷം, 2015 ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെ മുൻപേ ബിജെപി നേതാവ് ജഗദീഷ് മുഖിയെയും കേജ്‌രിവാളിനെയും താരതമ്യം ചെയ്ത് ആംആദ്മി ഓട്ടോകളിൽ പോസ്റ്റർ പ്രചാരണം തുടങ്ങിയിരുന്നു.. കേജ്‌രിവാളോ ജഗദീഷ് മുഖിയോ നിങ്ങളുടെ മുഖ്യമന്ത്രി എന്നായിരുന്നു പോസ്റ്ററിലെ ചോദ്യം. ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ ആലോചിക്കുന്നതിന് മുൻപായിരുന്നു ആം ആദ്മി ഇത്തരമൊരു പ്രചാരണം തുടങ്ങിയത്.മുഖ്യമന്ത്രി സ്ഥാനാർഥി മോഹികൾ ഏറെയുണ്ടായിരുന്ന ഡൽഹി ബിജെപി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയായിരുന്നു ഇതിലൂടെ ആം ആദ്മി ലക്ഷ്യമിട്ടത്. 2015 ലെ കേജ്‌രിവാൾ തരംഗത്തിൽ തട്ടകമായ ജനക്പുരിയിൽ ജഗദീഷ് മുഖിക്ക് കാലിടറിയതും പിന്നീട് സജീവ രാഷ്ട്രീയം വിട്ട് ഗവർണറായതും ചരിത്രം. അഞ്ച് വർഷത്തിന് ശേഷം വീണ്ടും രാജ്യതലസ്ഥാനം പിടിക്കാൻ പോര് മുറുകുമ്പോൾ ആം ആദ്മിക്കായി സജീവമായി ഓട്ടോ ഡ്രൈവർമാർ പ്രചാരണ രംഗത്ത് സജീവമായുണ്ട്
Leave a Reply